കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ സാക്ഷികളുടെ മൊഴി തിരുത്തല്‍ തുടര്‍ക്കഥയാവുന്നു. കെ.എ റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ മൊഴി തിരുത്തുന്നതിനായി ചേളാരി ഷരീഫ് എന്ന വ്യക്തി തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് കേസിലെ സാക്ഷികള്‍ മുഖ്യമന്ത്രിക്കും കോടതിക്കും പരാതി നല്‍കി. പ്രതിപക്ഷ നേതാവിനും മൊഴിമാറ്റക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനും കേസില്‍ ഇവര്‍ ആദ്യം മൊഴി നല്‍കിയ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിനും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ കോപ്പി ഡൂള്‍ന്യൂസിന് ലഭിച്ചു.
കോഴിക്കോട് സ്വദേശി പി റോസ്‌ലിന്‍, വയനാട് സ്വദേശി ബിന്ദു എന്നിവരാണ് പരാതി നല്‍കിയത്. ചേളാരി ഷരീഫ് വീട്ടില്‍ വിളിച്ചുവരുത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു കാരണവശാലും മൊഴി കൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ഭരണം തങ്ങളുടെ കയ്യിലാണെന്നത് മറക്കേണ്ടെന്നും പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ വിവരം അറിയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ ഏതൊക്കെയായിരിക്കുമെന്നും അതിന് എന്തെല്ലാം മറുപടിയാണ് നല്‍കേണ്ടതെന്നും പഠിപ്പിച്ചു തന്നു. തങ്ങള്‍ക്ക് ഭീഷണിക്ക് വഴങ്ങേണ്ടി വന്നു. ഇതിനായി ഷരീഫ് നല്‍കിയ പണം തങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. ഷരീഫ് പറഞ്ഞു തന്ന അതേ ചോദ്യങ്ങളാണ് ക്രൈംബ്രാഞ്ച് തങ്ങളോട്് ചോദിച്ചത്. ഷരീഫ് പറഞ്ഞു തന്ന ഉത്തരങ്ങളാണ് തങ്ങള്‍ അവരോട് പറഞ്ഞത്. കേസില്‍ ജെയ്‌സണ്‍ കെ.എബ്രഹാമിന് ആദ്യം നല്‍കിയ പരാതിയാണ് ശരിയെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയ ഷരീഫിനെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു. വീണ്ടും ശരിയായ മൊഴി നല്‍കാന്‍ അവസരം തരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇപ്പോള്‍ സ്ഥലം മാറ്റപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ ജെയ്‌സണ്‍ കെ.എബ്രഹാമിന്റെ മുമ്പാകെയാണ് ഇവര്‍ ആദ്യം മൊഴി നല്‍കിയത്. ഇതിന് ശേഷമാണ് ചേളാരി ഷരീഫ് ഇവരെ വീട്ടിലേക്ക് വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ ജെയ്‌സണ്‍ കെ.എബ്രഹാം ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്്തു. ഇതിന് ശേഷം ക്രൈംബ്രാഞ്ച് ്ഇവരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുകയും നേരത്തെ ജെയ്‌സണ്‍ കെ.എബ്രഹാമിന് നല്‍കിയതില്‍ നിന്നും വ്യത്യസ്ഥമായ മൊഴി നല്‍കുകയും ചെയ്യുകയായിരുന്നു.
ബിന്ദുവിന്റെ പരാതിയുടെ പൂര്‍ണ്ണ രൂപം
To
Sir,
ജെയ്‌സണ്‍ സാര്‍ എന്നെ ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ എനിക്ക് ഓര്‍മ്മയുള്ളതെല്ലാം പറഞ്ഞു. എന്നാല്‍ പിന്നീട് െ്രെകം ബ്രാഞ്ച് എന്നെ ചോദ്യം ചെയ്തപ്പോളാണ് ചില കാര്യങ്ങളൊക്കെ പറയുവാന്‍ ഞാന്‍ വിട്ടു പോയതായി എനിക്കു മനസ്സിലായത്. എന്നാല്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നതിന്റെ മുന്‍പായി ഷെരീഫ് എന്ന ആള്‍ എന്നെ ഫോണില്‍ വിളിക്കുകയും എന്നോട് അര്‍ജന്റായി ചേളാരിയിലുള്ള അയാളുടെ വീട്ടിലേക്ക് ചെല്ലണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ചെന്നേ പറ്റൂ എന്ന രീതിയില്‍ ആയിരുന്നു അയാള്‍ സംസാരിച്ചത്. എന്നോട് മറ്റുള്ളവരെക്കൂടി കൂട്ടാന്‍ പറഞ്ഞു. പണ്ട് പലതവണ പണം തന്നിട്ടുള്ള ആളെന്ന നിലക്ക് ഞാനും റോസ്‌ലിനും കൂടി അവിടെ പോയി.
അവിടെ ചെന്നപ്പോള്‍ ഷെരീഫ് ഞങ്ങളെ ഭീഷണിപ്പെടുത്തി. ഷെരീഫ് പറയുന്നത് പോലെ മാത്രം ക്രൈം ബ്രാഞ്ചില്‍ മൊഴി കൊടുക്കാന്‍ പാടുളളൂ എന്ന് പറഞ്ഞു. ഷെരീഫ് ഞ്ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങളാണ് ഉണ്ടാവുക എന്ന് എന്തൊക്കെയാണ് മറുപടി പറയേണ്ടത് എന്നും പറഞ്ഞു തന്നു. പറഞ്ഞതു പോലെ ചെയ്തില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്നും ഇപ്പോള്‍ ഭരണത്തിലുള്ള കാര്യം ഓര്‍ക്കണമെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് പേടി ഉള്ളത് കൊണ്ട് ഞങ്ങള്‍ അത്‌പോലെ ചെയ്യാമെന്ന് സമ്മതിച്ചു പോന്നു. പിന്നീട് ക്രൈം ബ്രാഞ്ചില്‍ വെച്ച് ഷെരീഫ് പറഞ്ഞു തന്ന അതേ ചോദ്യങ്ങളാണ് ചോദിച്ചത്. ഞങ്ങള്‍ ഷെരീഫ് പറഞ്ഞതു പോലെ പറഞ്ഞു. ഞങ്ങള്‍ക്ക് അപ്പോള്‍ മനസ്സിലായി. ഷെരീഫിനും മറ്റുമുള്ള സ്വാധീനം.
ഇതിന് മുന്‍പും ഞങ്ങള്‍ ചേളാരിയിലുള്ള ഷെരീഫിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി അവര്‍ ആവശ്യപ്പെടുന്ന പോലെ മൊഴി കൊടുക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആ വിവരം ഞങ്ങള്‍ ജെയ്‌സണ്‍ സാറിനോട് മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. പണ്ട് ഞങ്ങള്‍ കുഞ്ഞാലിക്കുട്ടി സാറിന്റെ പേര് പറയാതിരുന്നത് റഊഫും ഷെരീഫും ഹംസയും ഞങ്ങള്‍ക്ക് പൈസ തന്നത് കൊണ്ടാണ്. അന്ന് കേസ് തുടങ്ങുന്നത് വരെ ഞങ്ങളുടെ ചിലവിനുള്ള പൈസ മുഴുവന്‍ ഇവരായിരുന്നു തന്നിരുന്നത്. കേസിന്റെ സമയമായപ്പോള്‍ ഒരിക്കല്‍ ചാലപ്പുറത്തുള്ള വീട്ടില്‍ വെച്ച് ടി.പി.ദാസന്‍, സി.എന്‍.രാജന്‍ വക്കീല്‍, ബൈജുനാഥ് വക്കീല്‍ എല്ലാവരും കൂടി കോടതിയില്‍ എന്തൊക്കെ പറയണമെന്ന് പഠിപ്പിച്ചു തന്നു. കോടതിയില്‍ അങ്ങിനെയൊന്നും പറയാന്‍ ഞങ്ങള്‍ക്ക് ധൈര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഒരു പ്രാവശ്യം ചാലപ്പുറത്തുള്ള വീട്ടില്‍ കുഞ്ഞാലിക്കുട്ടി സാറും റഊഫും കൂടി വന്നിരുന്നു. ഒന്നും പേടിക്കേണ്ട. ജഡ്ജിയെയും ഗവണ്‍മെന്റ് വക്കീലിനെയും എല്ലാവരെയും വേണ്ടപോലെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. എന്നിട്ട് കുഞ്ഞാലിക്കുട്ടി സാര്‍, ഒരു പ്ലാസ്റ്റിക് കവറില്‍ രണ്ട് കെട്ടായി പണം റഊഫിന് കൊടുത്തു. ഒരു കെട്ട് റജീനക്കാണ്. മറ്റേത് ബാക്കി എല്ലാവര്‍ക്കുമാണെന്നും പറഞ്ഞു. അതില്‍ കുറച്ചു പൈസ കേസിന് മുന്‍പ് തന്നെ റഊഫ് ഞങ്ങള്‍ക്ക് തന്നു. ബാക്കി കേസ് കഴിഞ്ഞപ്പോള്‍ ഫ്രഞ്ച് ഹോട്ടലിന്റെ അടുത്തുള്ള ഒരു മുറിയില്‍ വെച്ചും തന്നു. എന്നെ ശ്രീദേവി, കുഞ്ഞാലിക്കുട്ടി സാറിന് വേണ്ടി തിരുവനന്തപ്പുരം വരെ ട്രെയിനില്‍ കൊണ്ട് പോയിരുന്ന കാര്യം പറയാതിരിക്കാന്‍ വേണ്ടിയാണ് പൈസ തന്നത്.
കോടതിയില്‍ ഇടാനുള്ള പര്‍ദ്ദയും മറ്റു ഡ്രസ്സുകളും ഒക്കെ വാങ്ങി തന്നത് ഷെരീഫും ഡ്രൈവര്‍ ഗോപിയുമാണ്. കോടതിയില്‍ വെച്ച് ജഡ്ജിയും പ്രോസിക്യൂട്ടറും ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു ചോദ്യവും ചോദിച്ചിരുന്നില്ല. കേസ് കഴിഞ്ഞ ഉടനെ ഞങ്ങള്‍ ഗള്‍ഫില്‍ അയക്കാമെന്ന് കുഞ്ഞാലിക്കുട്ടി സാര്‍ പറഞ്ഞിരുന്നു. ഗള്‍ഫില്‍ പോകാനുള്ള കടലാസൊക്കെ റഊഫ് ആണ് ശരിയാക്കി തന്നത്. റെജുലയും റോസ്‌ലിനും ആണ് ആദ്യം ഗള്‍ഫില്‍ പോയത്. പിന്നെ ഞാനും ഫൈസലും കൂടി പോയി. പക്ഷേ ക്ലീനിംഗ് ജോലി ആയതു കൊണ്ട് ഞങ്ങള്‍ക്ക് അത് പറ്റാതെ വേഗം തിരിച്ചു വന്നു. ദുബിയിലുള്ള എല്ലാ ഏര്‍പ്പാടും ചെലവുകളും എല്ലാം നോക്കിയിരുന്നത് ബാബു എന്നയാളാണ്. തിരിച്ചു വരാന്‍ വേണ്ടി നാലായിരം ദിര്‍ഹം തന്നത് ഈ ബാബുവാണ്.
ഈ കാര്യങ്ങളൊക്കെ ജെയ്‌സണ്‍ സാറിനോട് പറയാന്‍ എനിക്ക് ഒരു ചാന്‍സ് തരണം.
ഷെരീഫ് ഞങ്ങളെ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഞങ്ങള്‍ക്ക് ഇതിനു മുന്‍പ് ക്രൈം ബ്രാഞ്ചിനും മറ്റും സത്യം പറയാന്‍ സാധിക്കാതിരുന്നത്. ഞങ്ങളുടെ മൊഴി മാറ്റാന്‍ വേണ്ടി ഭീഷണിപ്പെടുത്തിയതിന് ഷെരീഫിനെതിരെ നടപടിയെടുക്കണം.
എന്ന് ബിന്ദു
(ഒപ്പ്)
ബിന്ദുവിന്റെ പരാതിയുടെ കോപ്പി
റോസ് ലിന്റെ പരാതിയുടെ പൂര്‍ണ്ണ രൂപം
To
സാര്‍
കുറച്ചു ദിവസം മുന്‍പ് ബിന്ദു എന്നെ വിളിച്ചു. ചേളാരി ഷെരീഫ് അവളെ വിളിച്ചിരുന്നു എന്നും ഉടനെ ചേളാരി ഷെരീഫിന്റെ വീട്ടിലേക്ക് പോകണമെന്നും പറഞ്ഞു. പോയില്ലെങ്കില്‍ ആപത്തായിരിക്കുമെന്നും അയാള്‍ പറഞ്ഞു. ഞങ്ങള്‍ ഷെരീഫിന്റെ ചേളാരിയിലുള്ള വീട്ടില്‍ പോയി. അവിടെ വെച്ച് അയാള്‍ ഇപ്പോള്‍ ഭരണം ഞങ്ങളുടെ കൈയ്യിലാണെന്നും പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ വിവരം അറിയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു ചോദ്യം ചെയ്യലിലും മൊഴി കൊടുക്കരുതെന്നും പറഞ്ഞു. എന്നിട്ടയാള്‍ എന്തൊക്കെ ചോദ്യങ്ങളാണ് െ്രെകം ബ്രാഞ്ച് ചോദിക്കുക എന്നും അതിന് എന്തൊക്കെ മറുപടി പറയണമെന്നും പറഞ്ഞു തന്നു.
ഞങ്ങള്‍ പേടിയുള്ളതു കൊണ്ട്
ക്രൈം ബ്രാഞ്ച് ചോദിച്ചപ്പോള്‍ അതുപോലെ തന്നെ പറഞ്ഞു. ഷെരീഫ് പറഞ്ഞു തന്ന ചോദ്യങ്ങള്‍ അതുപോലെ തന്നെ പറഞ്ഞു. ഷെരീഫ് പറഞ്ഞു തന്നെ ചോദ്യങ്ങളാണ് െ്രെകം ബ്രാഞ്ച് മുഴുവന്‍ ചോദിച്ചത്. പോലീസിലാരോ ഷെരീഫിനും മറ്റും വിവരം ചോര്‍ത്തിക്കൊടുക്കുന്നതായി എനിക്ക് മനസ്സിലായി. ഷെരീഫിനെയും ഷെരീഫിന്റെ പിന്നിലുള്ള കുഞ്ഞാലിക്കുട്ടിയെയും പേടിയുള്ളത് കൊണ്ട് അവര്‍ പറയുന്നത് പോലെ പോലീസിനോട് പറഞ്ഞു. ഇതിനു മുമ്പും ഇത്‌പോലെ ഷെരീഫിന്റെ വീട്ടില്‍ ഞങ്ങളെ കൊണ്ട് പോയിരുന്നു.
റഊഫ് ജയിലില്‍ നിന്ന് വന്നതിന് ശേഷം നിങ്ങള്‍ റഊഫിനെ കാണാന്‍ അയാളുടെ ഓഫീസില്‍ പോയി. രണ്ട് മണിക്കൂര്‍ കൊണ്ട് ഞങ്ങളെ ഷെരീഫ് വിളിച്ചു. ഉടനെ വീട്ടില്‍ എത്തണമെന്നും പറഞ്ഞു. ഞങ്ങള്‍ അവിടെ പോയപ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ ഉണ്ട്. എന്തിനാണ് റഊഫിനെ കാണാന്‍ പോയതെന്നും ചോദിച്ചു. ഇനി മേലാല്‍ അവനെ കാണരുതെന്നും പറഞ്ഞു. അന്ന് ഞങ്ങളെ കുറേ പേടിപ്പിക്കുന്ന വിധത്തില്‍ സംസാരിച്ചു. പിന്നെ കമ്മീഷ്ണര്‍ ശ്രീജിത്ത് സാറിന് ഫോണില്‍ വിളിച്ച് റഊഫിനെ എല്ലാവിധത്തിലും കുടുക്കണമെന്നും പറഞ്ഞു. അത് ഫോണ്‍ സ്പീക്കറിലിട്ടാണ് പറഞ്ഞത്. അന്നത്തെ സംസാരം മുഴുവന്‍ ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. അത് ഞങ്ങള്‍ പോലീസിന് കൊടുത്തിട്ടുണ്ട്. ഒരു കോപ്പി ഞങ്ങളുടെ കൈയ്യിലുണ്ട്. ഷെരീഫ് ഞങ്ങളെ ഇങ്ങിനെ ഭീഷണിപ്പെടുത്തിയതില്‍ എനിക്കും പരാതിയുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കണം.
അരവിന്ദന്‍ എന്നയാളുടെ കൂടെ എന്നെ പണ്ട് ഷൊര്‍ണ്ണൂര്‍ കൊണ്ട് പോയി അവിടെ ഒരു സ്ഥലത്ത് താമസിപ്പിച്ച് കുഞ്ഞാലിക്കുട്ടിയുമായി ശാരീരികമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നു. ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ വിവരം പുറത്ത് പറയാതിരിക്കാന്‍ വേണ്ടി ഷെരീഫ്, ഹംസ, റഊഫ് എന്നിവര്‍ പലതവണയായി എനിക്കും മറ്റുള്ളവര്‍ക്കും പൈസ തന്നിരുന്നു. കോടതിയില്‍ കേസ് തുടങ്ങുന്നത് വരെ എന്റെ ചിലവ് മുഴുവന്‍ നോക്കിയത് ഇവരാണ്. കേസ് തുടങ്ങുന്നതിന് മുന്‍പായി ചാലപ്പുറത്ത് ഒരു വീട്ടില്‍ കൊണ്ട്‌പോയി കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ സി.എം.രാജന്‍ വക്കീല്‍ പറഞ്ഞ് തന്നിരുന്നു. അപ്പോള്‍ അവിടെ ടി.പി.ദാസന്‍, ബൈജു കറിപ്പള്ളി എന്നിവര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അവിടെ കുഞ്ഞാലിക്കുട്ടി റഊഫിന്റെ ഒപ്പം വന്നിരുന്നു. ഒന്നും പേടിക്കാനില്ല, എല്ലാം ജഡ്ജിനോടും ഗവണ്‍മെന്റ് വക്കീലിനോടും പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
അന്ന് കുഞ്ഞാലിക്കുട്ടി ഒരു പ്ലാസ്റ്റിക് കവറില്‍ കുറേ പണം റഊഫിനെ ഏല്‍പ്പിച്ചു. അതില്‍ കുറച്ചു പണം ഞങ്ങള്‍ക്ക് റഊഫ് ഉടനെ തന്നു. ബാക്കി ഈ കേസ് കഴിഞ്ഞപ്പോള്‍ കോഴിക്കോട് ഫ്രഞ്ച് ഹോട്ടലിനടുത്തുള്ള ഓഫീസ് മുറിയില്‍ വെച്ച് തന്നു. കോടതിയില്‍ ഇടാനുള്ള ഡ്രസ്സ് വാങ്ങി തന്നത് ഡ്രൈവര്‍ ഗോപിയും ഷെരീഫും കൂടിയാണ്. കേസിന് ശേഷം റജുലയെയും നേരത്തെ പറഞ്ഞത് പോലെ ദുബായിലേക്ക് അയച്ചു. ദുബായിയില്‍ ഞങ്ങള്‍ രണ്ട് പേരും ലണ്ടന്‍ ഗ്രീക്ക് ഹോട്ടല്‍ അപാര്‍ട്‌മെന്റില്‍ മൂന്നര വര്‍ഷത്തോളം ജോലി ചെയ്തു. അവിടെയുള്ളപ്പോള്‍ കുഞ്ഞാലിക്കുട്ടി ഏല്‍പിച്ച പ്രകാരം എല്ലാ ചെലവുകളും ബാബു എന്നയാളാണ് നോക്കിയത്. ഞാന്‍ ഇന്ത്യാവിഷന്‍ ബഷീറിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. ബാബുവുമായിട്ട് ഫോണില്‍ സംസാരിച്ചിട്ട് റെക്കോര്‍ഡ് ചെയ്തത് ഇന്ത്യാവിഷനിലെ അനന്തന്റെ കൈയ്യിലുണ്ട്.
സത്യമായി എല്ലാ കാര്യങ്ങളും പോലീസിനോട് പറയാന്‍ എനിക്ക് ഒരവസരം കൂടി തരണം.
എസ്. റോസ്‌ലിന്‍
(ഒപ്പ്)
റോസ്‌ലിയുടെ പരാതിയുടെ കോപ്പി