| Saturday, 29th January 2011, 9:21 pm

ഐസ്ക്രീം കേസ്, നിര്‍ണ്ണായക രേഖകള്‍ ഡൂള്‍ന്യൂസിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ടീം ഇന്‍വെസ്റ്റിഗേഷന്‍

ഐസ്‌ക്രീം കേസിലെ സാക്ഷികളുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ഡൂള്‍ന്യൂസിന് ലഭിച്ചു. സാക്ഷികളായ റജീന, റജുല എന്നിവര്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ മൊഴി തിരുത്തിയതിന്റെ രേഖകളാണിത്. ഐസ്‌ക്രീം കേസില്‍ റജുലയും റജീനയും ആദ്യം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നു പറയുന്നു. ഈ മൊഴി പിന്നീട് ഇവര്‍ തിരുത്തുകയായിരുന്നു.

മൊഴിതിരുത്തുന്നതിന്റെ മുന്നോടിയായി ഇരുവരും മുദ്രപത്രത്തില്‍ രണ്ട് കരാറുകളെഴുതി ഒപ്പിട്ട്നല്‍കുകയായിരുന്നു. കോടതിയില്‍ വീണ്ടും മൊഴി തിരുത്താതിരിക്കാനാണ് മുദ്രപത്രത്തില്‍ എഴുതി വാങ്ങിയതെന്ന് റഊഫ് പറയുന്നു.

കുഞ്ഞാലിക്കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്ന മൊഴികളില്‍ ഒന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് എടുത്ത് പറഞ്ഞ് ഇദ്ദേഹത്തെ അറിയില്ലെന്നും ബന്ധമില്ലെന്നും പറയുന്നുണ്ട്. മറ്റൊന്നില്‍ പേര് നേരിട്ട് പറയാതെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്. ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാനാണ് ഇങ്ങിനെ രണ്ട് രീതിയില്‍ കരാര്‍ ഉണ്ടാക്കിയത്.

കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ കുഞ്ഞാലിക്കുട്ടിക്കും മറ്റ് പ്രതികള്‍ക്കുമെതിരെ സെക്ഷന്‍ 164 പ്രകാരം നല്‍കിയ നിര്‍ണ്ണായക മൊഴിയാണ് ഇങ്ങിനെ തിരുത്തിയത്. റജുല, റജീന എന്നിവരാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയത്. ബാക്കിയുള്ള സാക്ഷികള്‍ പോലീസിനാണ് മൊഴി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള നിര്‍ദേശം ലഭിച്ചാലേ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ നല്‍കിയ മൊഴി തിരുത്താന്‍ കഴിയൂ.

പോലീസ് മുമ്പാകെ നല്‍കിയ മൊഴിയെക്കാള്‍ സുപ്രധാനം മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയാണെന്ന് കണ്ടാണ് അത് തിരുത്താന്‍ ആദ്യം നീക്കം തുടങ്ങിയത്. കോടതിയില്‍ മൊഴി നല്‍കുന്നതിന് മുമ്പായി സാക്ഷികളുമായി എഴുതിയുണ്ടാക്കിയ കാരാറാണ് ഇപ്പോള്‍ പുറത്തായത്. ആഡ്വ. ബനഡിക്ട് ആണ് ഇത് എഴുതിത്തയ്യാറാക്കിയത്. ഇതെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചത് അജിതയാണെന്ന് തിരുത്തി റജീന മൊഴി നല്‍കുകയായിരുന്നു.

നീരാ റാവത്തായിരുന്നു അന്ന് സിറ്റി പൊലീസ് കമീഷണര്‍.രഹസ്യമൊഴി വിശ്വസനീയമല്ലെന്നും 164 പ്രകാരം വീണ്ടും മൊഴി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് അസിസ്റ്റന്റ ് കമീഷണറെ കൊണ്ട് പറയിപ്പിക്കുകയാണ് ആദ്യം ചെയ്തത്. ഇതിന് ശേഷം മൂന്നു ലക്ഷം രൂപ വീതം നല്‍കി ഒരു നോട്ടറിയെ കൊണ്ട് യുവതികളുെട മൊഴി മാറ്റി എഴുതി ഒപ്പിട്ടുവാങ്ങുകയായിരുന്നു. ഐസ്‌ക്രീം കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ആദ്യമായി നടത്തിയ നിര്‍ണ്ണായക നീക്കമായിരുന്നു ഇത്.

മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് റജീന ഒപ്പിട്ട് നല്‍കിയ കരാറിന്റെ പൂര്‍ണ്ണരൂപം

കോഴിക്കോട് താലൂക്ക് കുരുവട്ടൂര്‍ വില്ലേജില്‍ ചെറുവറ്റക്കടവ് താമസിക്കും ഫാത്തിമ മന്‍സില്‍ ഇമ്പിച്ചിക്കോയ മകള്‍ 21 വയസ്സ് കെ.റജീന എന്ന ഞാന്‍ സത്യത്തിന്‍മേല്‍ ബോധിപ്പിക്കുന്ന അഫിഡവിറ്റ്.

സുമാര്‍ രണ്ട് ആഴ്ച മുമ്പ് ഏതാനും പോലീസുകാരും വനിതാ പോലീസും എന്റെ വീട്ടില്‍ വന്ന് ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന മഹല്‍ എന്ന ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവിയെ കോഴിക്കോട്ടെ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാന്‍ എന്നോട് അവരുടെ കൂടെ ചെല്ലണമെന്നും പറഞ്ഞു.

അവര്‍ എന്നെ കൂട്ടി കോഴിക്കോട്ടുള്ള പോലീസ് ക്ലബില്‍ പോവുകയും അവിടെ വെച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നോട് പല കാര്യങ്ങളും ചോദിക്കുകയും ചില ഫോട്ടോകള്‍ കാട്ടിത്തരികയും ചെയ്തു. ഫോട്ടോയില്‍ ഉള്ള ആളുകളുമായി ഞാന്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നായിരുന്നു അവര്‍ പ്രധാനമായും ചോദിച്ചിരുന്നത്. അവരെ ആരെയും എനിക്ക് പരിചയമില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് എന്റെ പേരില്‍ വ്യഭിചാരക്കുറ്റത്തിന് കേസെടുക്കും എന്നെ ജയിലിലിടുമെന്നും ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് എഴുതിയതും എഴുതാത്തതുമായ പല കടലാസുകളിലും എന്നെകൊണ്ട് ഒപ്പിടുവിക്കുകയും ചെയ്തു.

ഒപ്പിട്ടു കൊടുത്താല്‍ എന്നെ വിട്ടയക്കും എന്ന് പോലീസ് പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഒപ്പിട്ടുകൊടുത്തത്. അതില്‍ എഴുതിയ കടലാസില്‍ ഞാന്‍ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ഷൊര്‍ണൂരിലുള്ള വീട്ടില്‍വെച്ച് അദ്ദേഹവുമായും പി.എ റഹിമാന്‍ എന്നിവരുമായി കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വെച്ചും ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുണ്ട് എന്നും കൂടാതെ പേരറിയാത്ത കണ്ടാല്‍ അറിയുന്ന മറ്റു പലരുമായും ശ്രീദേവിയുടെ ആവശ്യപ്രകാരം പണത്തിനായി ശാരീരികമായി ബന്ധപ്പെട്ടു എന്നും പോലീസ് എഴുതിയിട്ടുണ്ട്.

അത്തരം കാര്യങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തതും ഞാന്‍ പോലീസിനോട് പറയാത്തതുമാണ്. ഞാന്‍ ശ്രീദേവിയുടെ നിര്‍ദേശപ്രകാരം ആരുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി,പി.എ റഹിമാന്‍ എന്നിവരെയൊന്നും ഞാന്‍ അറിയുകയില്ല. ഞാന്‍ ശ്രീദേവിയുടെ കൂടെ കുറച്ച് നാള്‍ ജോലി ചെയ്തിരുന്നു എന്നല്ലാതെ ശ്രീദേവിയുമായി എനിക്ക് മറ്റു ബന്ധമില്ല. പോലീസ് ചോദ്യം ചെയ്യുന്നതിന് മുമ്പ് അന്വേഷി എന്ന ഒരു സംഘടനയുടെ ആള്‍ക്കാരാണെന്ന് പറഞ്ഞ് പലരും എന്റെ വീട്ടില്‍ വന്ന് ശ്രീദേവിയുടെ സ്വഭാവ ദൂഷ്യത്തെ പറ്റി പറഞ്ഞപ്പോഴാണ് ഞാന്‍ അവിടെ ജോലി വേണ്ടെന്ന് വെച്ചത്. എനിക്ക് യൊതൊരു മനസ്സറിവുമില്ലാത്ത കാര്യങ്ങളാണ് പോലീസും ഞാന്‍ പറഞ്ഞതായി എഴുതിയത്.


ഇതുകള്‍ സത്യം

എന്ന് 26-9-97ന്

റജീന

കുഞ്ഞാലിക്കുട്ടിയുടെ പേര് എടുത്ത് പറയാതെ റജീനയുമായി ഉണ്ടാക്കിയ കരാര്‍

കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് റജീനയുമായി തയ്യാറാക്കിയ കരാര്‍

കുഞ്ഞാലിക്കുട്ടിയുടെ പേര് എടുത്ത് പറയാതെ റജുലയുമായി ഉണ്ടാക്കിയ കരാര്‍

കുഞ്ഞാലിക്കുട്ടിയുടെയും ടി.പി ദാസന്റെയും(ഇപ്പോഴത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍) പേര് പരാമര്‍ശിച്ചുകൊണ്ട് റജുലയുമായി തയ്യാറാക്കിയ കരാര്‍

We use cookies to give you the best possible experience. Learn more