ഐസ്‌ക്രീം കേസ്: മൊഴിമാറ്റിയത് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് സാക്ഷികള്‍
Kerala
ഐസ്‌ക്രീം കേസ്: മൊഴിമാറ്റിയത് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് സാക്ഷികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th November 2011, 9:17 am

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയത് തങ്ങളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണെന്ന് കേസിലെ സാക്ഷികളായ റോസ്‌ലിനും ബിന്ദുവും.

കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ ചേളാരിയിലെ ഷെരീഫാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇരുവരും നടക്കാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൊഴിമാറ്റിച്ചതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് വിശ്വസിക്കുന്നതായും ഇവര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ഭീഷണിയും സമ്മര്‍ദവും കാരണം ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് മൊഴിമാറ്റം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നില്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കാനായില്ലെന്ന് ഇവര്‍ വെളിപ്പെടുത്തി. ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭത്തില്‍ പീഡനത്തിനിരയായവരാണ് റോസ്ലിനും ബിന്ദുവും.

മൊഴിമാറ്റിച്ചത് സമ്മര്‍ദം മൂലമാണെന്ന് കാണിച്ച് ഇവര്‍ നേരത്തേ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ചയാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്.