| Sunday, 30th January 2011, 4:47 pm

ഐസ്‌ക്രീം കേസ്: വിധി തയ്യാറാക്കിയത് ലെ മറെഡിയന്‍ ഹോട്ടലില്‍ വെച്ച്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ രാഷ്ട്രീയ-നീതിന്യായ രംഗങ്ങളെ പിടിച്ചുലക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാര്‍ ജസ്റ്റിസുമാരായ തങ്കപ്പന്‍,നാരായണക്കുറുപ്പ് എന്നിവര്‍ കോഴ വാങ്ങിയതായാണ് വെളിപ്പെടുത്തല്‍. ഇന്ത്യാവിഷന്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം.പി ബഷീര്‍ നടത്തിയ സ്ട്രിങ് ഓപറേഷനിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. വാര്‍ത്ത ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്തു.

മുന്‍ അഡീഷണല്‍ ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.സി പീറ്ററാണ് ഇക്കാര്യം ഒളിക്യാമറക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത്. ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് ഹരജികളിലാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് പണം വാങ്ങി പ്രതികള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. അന്വേഷി പ്രസിഡന്റ് കെ. അജിത, കൊളക്കാടന്‍ മൂസഹാജി എന്നിവരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണി മുഖേനയാണ് പണം കൈമാറിയത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫായിരുന്നു കൊച്ചിയില്‍ വെച്ച് ഈ പണം കൈമാറിയത്. എറണാകുളം ലോകോളേജില്‍ പഠിക്കവെ ജസ്റ്റിസ് തങ്കപ്പന്‍ കെ.സി പീറ്ററിന്റെ സഹപാഠിയായിരുന്നു. തങ്കപ്പനെ രണ്ട് തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ.സി പീറ്റര്‍ വെളിപ്പെടുത്തിയത്. ഒരു വഴി നടക്കാതെ വന്നപ്പോള്‍ മറ്റൊരു വഴി സ്വീകരിക്കുകയായിരുന്നു. താന്‍ വഴി കാണിക്കുക മാത്രമാണ് ചെയ്തതെന്ന് പീറ്റര്‍ വ്യക്തമാക്കുന്നു. ഇതിനായി തങ്കപ്പന്‍ പണം വാങ്ങിയിട്ടുണ്ടെന്നും പീറ്റര്‍ പറയുന്നു.

ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌കൊണ്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ട് നടത്തിയ വിധി പ്രസ്താവം തയ്യാറാക്കിയത് എറണാകുളം ലെ മറെഡിയന്‍ ഹോട്ടലില്‍ വെച്ചായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യാവിഷന്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം.പി ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് വാര്‍ത്ത ഇന്ത്യാവിഷന്‍ ഉടന്‍ സംപ്രേഷണം ചെയ്യും.

We use cookies to give you the best possible experience. Learn more