കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചു. തെളിവില്ലാത്തതിനാല്‍ കേസ് എഴുതിത്തളളുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതീവ രഹസ്യമായി നാല് ദിവസം മുമ്പാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ നിന്നു പി. കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സാക്ഷികളെയും ജഡ്ജിമാരെയും സ്വാധീനിച്ചുവെന്ന കെ.എ റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. 2011 ജനുവരി 28നു പത്രസമ്മേളനത്തിലാണ് റഊഫ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
താമരശേരി ഡിവൈഎസ്പി ജയ്‌സണ്‍ കെ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. കെ.എ റഊഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, ജസ്റ്റിസുമാരായ കെ.നാരായണക്കുറുപ്പ്, കെ.തങ്കപ്പന്‍, മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ.ദാമോദരന്‍, മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ ബീരാന്‍ തുടങ്ങി നൂറ്റിഅന്‍പതിലേറെ പേരെ ചോദ്യം ചെയ്തു. നൂറിലേറെ രേഖകള്‍ പരിശോധിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും പിന്നീട് കേസ് ഡയറിയും സമര്‍പ്പിച്ചു. കേസ് ഡയറിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഒന്നിലേറെ തവണ പരിഗണിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.
നേരത്തെ കേസിന്റെ പുനരന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. റിപ്പോര്‍ട്ട് നല്‍കണമെന്ന വി.എസിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് ഡയറിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 22ന് മുദ്ര വച്ച രണ്ട് കവറുകളിലായാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയത്. തുടര്‍ന്ന് മാര്‍ച്ച് ആറിന് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളാവശ്യപ്പെട്ട് വി.എസ് പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചു. മേയ് രണ്ടിന് പകര്‍പ്പാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ തള്ളി. പിന്നീട് ഈ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടേയില്ല. ഇതിനിടെയാണ് കേസ് ഡയറിയടക്കമുളള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഹൈക്കോടതി തിരികെ നല്‍കിയത്.
കേസ് ഡയറി മടക്കി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റഊഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റപത്രം നല്‍കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.