| Saturday, 29th January 2011, 12:07 am

ഐസ്‌ക്രീം കേസ് എന്ത് ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

1995-96 കാലത്താണ് കോഴിക്കോട് ബീച്ചിനടുത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് വ്യാപകമായി പെണ്‍വാണിഭം നടക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. അന്ന് മുഖ്യമന്ത്രി എ കെ ആന്റണി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയും. 1998ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നകാലത്ത് ഐസ് ക്രീം പെണ്‍വാണിഭം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

മുടങ്ങിക്കിടന്ന കേസ് അതോടെ പുതിയ വഴിത്തിരിവിലെത്തുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. എന്നാല്‍ ഇവര്‍ പിന്നീട് മൊഴി തിരുത്തി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നല്‍കി. വന്‍ തോതില്‍ പണം നല്‍കിയാണ് ഇവര്‍ മൊഴിമാറ്റിയതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം റെജീനക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ കെ.എ. റഊഫ് വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായി വന്ന ഷെരീഫിനൊപ്പമാണ് പെണ്‍കുട്ടികളെ പോയി കണ്ടത്.

കേസിലെ സാക്ഷികളായ രണ്ട് സ്ത്രീകളില്‍ നിന്നും പേരുവെച്ചും പേരുവെക്കാതെയുമായി രണ്ട് രേഖകളാണ് തയ്യാറാക്കിയത്. പിന്നീട് ജി.പിയായ സുഭാഷ് ബെനഡിക്ട് എന്ന വക്കീലാണ് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം ഇവ തയ്യാറാക്കിയത്. ഈ രണ്ട് സ്ത്രീകളെ കൂടാതെ പത്തിലേറെ സ്ത്രീകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് വന്‍ തുകകള്‍ നല്‍കിയിട്ടുണ്ടെന്നും റൗഫ് അവകാശപ്പെട്ടു.

ഇതെ തുടര്‍ന്ന് ആദ്യം നല്‍കിയ പ്രതിപ്പട്ടികയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഒഴിവാക്കപ്പെടുകയും അദ്ദേഹത്തിന്റെ െ്രെഡവര്‍ അരവിന്ദനെ ഉള്‍പ്പെടുത്തി കേസ് മുന്നോട്ടു നീങ്ങുകയും ചെയ്തു. ഇതിനിടെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കല്ലറ സുകുമാരന്‍ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് നായനാര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിന് അട്ടിമറിക്കാന്‍ അന്ന് അഡ്വക്കേറ്റ് ജനറലായിരുന്ന ദാമോദരനോട് ഉപദേശം തേടുകയായിരുന്നു. ദാമോദരന്‍ മറ്റൊരു നിയമോപദേശമാണ് നല്‍കിയത്.

കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ഒരു ബംഗ്ലാവ് ഒറ്റരാത്രികൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ സംഭവമുണ്ടായി. ഇവിടെ തെളിവെടുപ്പിന് ആളെത്തുമ്പോള്‍ വീടു നിന്നിടത്ത് ഒരു അടയാളം പോലുമില്ലാതായി. ഇതിനിടെ കേസുമായി ബന്ധമുള്ള കോഴിക്കോട്ടെ രണ്ട് യുവതികള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

ഐസ്‌ക്രീം കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളുകയായിരുന്നു. സാക്ഷികള്‍ മൊഴിമാറ്റിയ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്.

റെജീനയുടെ വെളിപ്പെടുത്തല്‍

2004ഒക്‌ടോബര്‍ 28ന് വൈകിട്ട് അഞ്ച് മണിക്കുള്ള ബുള്ളറ്റിനിലാണ് റജീനയുടെ വിവാദമായ വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്നത്. കോഴിക്കോട്ടെ റിപ്പോര്‍ട്ടര്‍ എം.പി ബഷീറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് റജീനയുടെ വെളിപ്പെടുത്തലുണ്ടായത്. റജീന സംസാരിച്ചുകൊണ്ടിരിക്കെ ആദ്യ കാസറ്റുമായി ബഷീര്‍ ഇന്ത്യാവിഷന്‍ ഓഫീസിലേക്ക് പോയി. അപ്പോള്‍ ഇന്ത്യാവിഷനില്‍ അഞ്ച് മണിയുടെ വാര്‍ത്ത തുടങ്ങാറായിരുന്നു. അങ്ങനെ റജീനയുടെ പതിനാല് മിനിറ്റ് നീളുന്ന വിവാദമായ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷന്റെ അഞ്ച് മണിക്കുള്ള വാര്‍ത്തയില്‍ വന്നു.

വാര്‍ത്ത പുറത്ത് വന്നതോടെ കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടായി. മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ ചെയര്‍മാനായ ചാനലിലാണ് സ്വന്തം പാര്‍ട്ടി നേതാവിനെതിരെ വെളിപ്പെടുത്തല്‍ വന്നതെന്ന കാര്യവും ശ്രദ്ധേയമായിരുന്നു. പിന്നീട് പക്ഷെ ഇന്ത്യാവിഷന്‍ ചാനലിന് തന്നെ വാര്‍ത്ത അപ്രധാനമായി റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു. സ്വന്തം സ്റ്റുഡിയോയില്‍ നിന്ന് ചിത്രീകരിച്ചെങ്കിലും ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടേ വന്നില്ല. എന്നാല്‍ കേരളം ഇതിനകം തന്നെ പ്രശ്‌നം ഏറ്റെടുത്തിരുന്നു. ഇതിനകം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആര്‍.എ,സ്.പി നേതാവ് ടി.ജെ ചന്ദ്ര ചൂഡനും റജീനയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍്ത്താ സമ്മേളനം നടത്തിക്കഴിഞ്ഞിരുന്നു.

പിറ്റേന്ന് പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നതോടെ ഇത് തമസ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതി വന്നു. സംഭവം വിവാദമായതോടെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു.

We use cookies to give you the best possible experience. Learn more