| Monday, 26th March 2012, 10:06 pm

ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് വി.എസിന് കൊടുക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഐസ്‌ക്രീം കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍. അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് നാളെ(ചൊവ്വ) ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. അന്വേഷണ പുരോഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള വി.എസിന്റെ അപേക്ഷ തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ കെ. എബ്രഹാമാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 22നാണ് കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയരിയും സീല്‍ ചെയ്ത കവറില്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ക്രിമിനല്‍ നടപടി ചട്ടപ്രകാരം കേസുമായി ബന്ധമില്ലാത്തയാള്‍ക്ക് അന്വേഷണ രേഖകള്‍ കൈമാറാനിവില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

രേഖകള്‍ കൈവശപ്പെടുത്താന്‍ ഹരജിയെ മറയാക്കുകയാണ് ചെയ്യുന്നത്. ഹരജിക്കാരന് രേഖകള്‍ ആവശ്യപ്പെടാന്‍ നിയമപരമായ അവകാശമില്ല. ഹൈക്കോടതിയുടെ പരിശോധനക്കും റഫറന്‍സിനും വേണ്ടിയാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഡയരിയും സീല്‍ ചെയ്ത കവറില്‍ നല്‍കിയത്. ഇത് കോടതിയില്‍ ഫയല്‍ ചെയ്തതല്ല. ഫയല്‍ ചെയ്താല്‍ മാത്രമേ അത് പൊതുരേഖയായി മാറുകയുള്ളൂ- സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ അപേക്ഷ നല്‍കിയാല്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് തടസ്സമില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വി.എസ് അപേക്ഷ നല്‍കിയത്.

പ്രമാദമായ ഐസ്‌ക്രീം കേസില്‍ കെ.എ റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍.ഡി.എഫ് സര്‍ക്കാറാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എന്നാല്‍ പിന്നീട് യു.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം അന്വേഷണ സംഘത്തെ ദുര്‍ബലപ്പെടുത്താന്‍ നീക്കം നടന്നതായി ആരോപണമുണ്ടായിരുന്നു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more