ജയിച്ചാല്‍ മാത്രം മതിയെന്നായിരുന്നു ഇന്ത്യക്ക്, അപ്പോള്‍ ഈ മോശം നേട്ടം കാര്യമാക്കേണ്ട; പാകിസ്ഥാനെ തോല്‍പിച്ച് ആദ്യ ജയം
Sports News
ജയിച്ചാല്‍ മാത്രം മതിയെന്നായിരുന്നു ഇന്ത്യക്ക്, അപ്പോള്‍ ഈ മോശം നേട്ടം കാര്യമാക്കേണ്ട; പാകിസ്ഥാനെ തോല്‍പിച്ച് ആദ്യ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th October 2024, 8:04 pm

ന്യൂസിലാന്‍ഡിനെതിരായ പരാജയത്തിന് ശേഷം ഐ.സി.സി വനിതാ ടി-20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ആരാധകര്‍ക്ക് ചിരി സമ്മാനിച്ചത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 106 എന്ന ചെറിയ വിജയലക്ഷ്യം വളരെ പതുക്കെയാണ് ഇന്ത്യ മറികടന്നത്. വമ്പനടികള്‍ക്ക് ശ്രമിക്കാതെ സിംഗിളുകളിലൂടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ സ്ട്രാറ്റജി.

ഇന്ത്യ നേടിയ 108 റണ്‍സില്‍ 20 റണ്‍സ് മാത്രമാണ് ബൗണ്ടറികളിലൂടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചുനേടിയത് എന്നാലോചിക്കുമ്പോഴാണ് ഇന്ത്യ ഈ സ്ട്രാറ്റജി എത്രത്തോളം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് വ്യക്തമാകൂ. അഞ്ച് ഫോറടിച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒരു സിക്‌സര്‍ പോലും മത്സരത്തില്‍ നേടിയിരുന്നില്ല.

സാധാരണയായി പവര്‍പ്ലേ ഓവറുകളില്‍ ബൗണ്ടറികളടിച്ച് സ്‌കോര്‍ ഉയര്‍ത്തുന്നതാണ് ടി-20 ഫോര്‍മാറ്റിന്റെ ശൈലി. എന്നാല്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള ഓവറുകളില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ചിരുന്നില്ല.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ 30 പന്തില്‍ ഒരിക്കല്‍ മാത്രമാണ് പന്ത് ബൗണ്ടറി ലൈന്‍ തൊട്ടത്. ഫാത്തിമ സനയെറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്ത് വൈഡായി മാറുകയും വിക്കറ്റ് കീപ്പറിന്റെ കയ്യിലൊതുങ്ങാതെ ഫോറായി മാറുകയുമായിരുന്നു.

ഇതാദ്യമായല്ല ഇന്ത്യ ടി-20 ലോകകപ്പിലെ പവര്‍പ്ലേ ഓവറുകളില്‍ ഒറ്റ ബൗണ്ടറി പോലും നേടാതിരിക്കുന്നത്. 2016ല്‍ ദല്‍ഹിയില്‍ നടന്ന മത്സരത്തിലും ഇന്ത്യ പവര്‍പ്ലേയില്‍ ബൗണ്ടറി നേടിയിരുന്നില്ല. അന്നും എതിരാളികള്‍ പാകിസ്ഥാനായിരുന്നു.

അതേസമയം, ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഗുല്‍ ഫെറോസയെ നഷ്ടപ്പെട്ട പാകിസ്ഥാന് തുടക്കം പാളി.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാനെ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിച്ചില്ല.

34 പന്തില്‍ 28 റണ്‍സ് നേടിയ നിദ ദറാണ് പാകിസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് നേടി. ശ്രേയാങ്ക പാട്ടില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രേണുക സിങ്, ആശ ശോഭന, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടീം സ്‌കോര്‍ 18ല്‍ നില്‍ക്കവെ സ്മൃതി മന്ഥാനയുടെ വിക്കറ്റ് നഷ്ടമായി.

വണ്‍ ഡൗണായെത്തിയ ജെമീമ റോഡ്രിഗസിനെ ഒപ്പം കൂട്ടി ഷെഫാലി വര്‍മ പതുക്കെയെങ്കിലും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 35 പന്തില്‍ 32 റണ്‍സ് നേടിയാണ് വര്‍മ പുറത്തായത്.

ജെമീമ 28 പന്തില്‍ 23 റണ്‍സ് നേടി ഫാത്തിമ സനയ്ക്ക് വിക്കറ്റ് നല്‍കി.

ഒടുവില്‍ 7 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ വിജയം സ്വന്തമാക്കി. റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുന്നതിന് മുമ്പ് 24 പന്തില്‍ 29 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. ഹര്‍മന് പകരം ക്രീസിലെത്തിയ സജന സജീവന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോര്‍ നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

ഒക്ടോബര്‍ ഒമ്പതിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശ്രീലങ്കയാണ് എതിരാളികള്‍.

 

Content highlight: ICC WT20 World Cup: IND vs PAK: India didn’t score a single boundary in powerplay