വളരെ പതിയെ, ഒരു തിരക്കും കൂട്ടാതെ ആദ്യ ജയം; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
Sports News
വളരെ പതിയെ, ഒരു തിരക്കും കൂട്ടാതെ ആദ്യ ജയം; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th October 2024, 6:58 pm

ഐ.സി.സി വനിതാ ടി-20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

106 എന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് വളരെ പതിയെയാണ് ഇന്ത്യ നടന്നുകയറിയത്. ധൃതി പിടിച്ച് സ്‌കോര്‍ ഉയര്‍ത്താനോ വമ്പനടികള്‍ തൊടുക്കാനോ ശ്രമിക്കാതെ സിംഗിളുകളിലൂടെ സ്‌കോര്‍ ഉയര്‍ത്താനാണ് ഇന്ത്യ ശ്രമിച്ചത്. ആ സ്ട്രാറ്റജി കൃത്യമായി നടപ്പിലാക്കാനും വിജയിപ്പിക്കാനും ഇന്ത്യക്കായി.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ പാക് താരങ്ങള്‍ക്കായില്ല. ആദ്യ ഓവറില്‍ തന്നെ ഗുല്‍ ഫെറോസയെ നഷ്ടപ്പെട്ട പാകിസ്ഥാന് തുടക്കം പാളി.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാനെ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടാനോ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ അനുവദിച്ചില്ല.

34 പന്തില്‍ 28 റണ്‍സ് നേടിയ നിദ ദറാണ് പാകിസ്ഥാന്‍ നിരയില്‍ ചെറുത്തുനിന്നത്. 26 പന്തില്‍ പന്തില്‍ 17 റണ്‍സ് നേടിയ മുബീന അലിയുടെയും 17 പന്തില്‍ 14 റണ്‍സ് നേടിയ സെയ്ദ അറൂബ് ഷായും ചേര്‍ന്നാണ് പാക് സ്‌കോര്‍ 100 കടത്തിയത്.

ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് നേടി. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്. അരുന്ധതിയുടെ അന്താരാഷ്ട്ര ടി-20 കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

ശ്രേയാങ്ക പാട്ടില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രേണുക സിങ്, ആശ ശോഭന, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ടീം സ്‌കോര്‍ 18ല്‍ നില്‍ക്കവെ സ്മൃതി മന്ഥാനയുടെ വിക്കറ്റ് നഷ്ടമായി. 16 പന്തില്‍ ഏഴ് റണ്‍സ് നേടി നില്‍ക്കവെയാണ് മന്ഥാന പുറത്താകുന്നത്.

വണ്‍ ഡൗണായെത്തിയ ജെമീമ റോഡ്രിഗസിനെ ഒപ്പം കൂട്ടി ഷെഫാലി വര്‍മ പതുക്കെയെങ്കിലും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 35 പന്തില്‍ 32 റണ്‍സ് നേടിയാണ് വര്‍മ പുറത്തായത്.

ജെമീമ 28 പന്തില്‍ 23 റണ്‍സ് നേടി ഫാത്തിമ സനയ്ക്ക് വിക്കറ്റ് നല്‍കി.

ഒടുവില്‍ 7 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ വിജയം സ്വന്തമാക്കി. റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുന്നതിന് മുമ്പ് 24 പന്തില്‍ 29 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. ഹര്‍മന് പകരം ക്രീസിലെത്തിയ സജന സജീവന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോര്‍ നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

 

ഇന്ത്യന്‍ നിരയില്‍ ഹര്‍മന്‍പ്രീതും സജന സജീവനും ഒഴികെ മറ്റൊരാള്‍ക്ക് പോലും നൂറിന് മേല്‍ സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നില്ല. ആകെ നേടിയ 108 റണ്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ ബൗണ്ടറിയിലൂടെ സ്വന്തമാക്കിയത് വെറും 20 റണ്‍സാണ്.

ഒക്ടോബര്‍ ഒമ്പതിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍.

 

Content highlight: ICC WT20 World Cup: IND vs PAK: India defeated Pakistan