| Wednesday, 4th December 2013, 7:37 pm

കേമന്‍ കോഹ്‌ലിയോ അംലയോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്ത് അടുത്ത കാലത്ത് താരതമ്യപ്പെടുത്തലുകള്‍ക്ക് വിധേയരായ
രണ്ട് താരങ്ങളാണ് ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയും. ഇതിന് കാരണമായതോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ക്രിക്കറ്റിലെ ലോക ഇലവന്റെ തിരഞ്ഞെടുപ്പും. ലോക ഇലവന്റെ തിരഞ്ഞെടുപ്പ് മിക്കവാറും തവണ തര്‍ക്കവിഷയമാകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. ഏകദിന ടീമില്‍ കോഹ്‌ലി ഇടം പിടിച്ചില്ല. ഏകദിന ക്രിക്കറ്റിലെ നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ കോഹ്‌ലിയുടെ അസാന്നിധ്യം ഏവരെയും അമ്പരപ്പിക്കുന്നതായി.


തയ്യാറാക്കിയത്/ആശാ രാജു

പരസ്പരം താരതമ്യപ്പെടുത്തി കണക്കുകളുടെ പിന്‍ബലത്തില്‍ കേമനാരെന്ന് സമര്‍ത്ഥിക്കുന്നത് ക്രിക്കറ്റില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്. സച്ചിനാണോ ലാറയാണോ ഏറ്റവും നല്ല ബാറ്റ്‌സ്മാന്‍? സ്പിന്നര്‍മാരില്‍ ഷെയന്‍ വോണാണോ മുത്തയ്യ മുരളീധരനാണോ ഒരു പിടി മുന്നില്‍? ഇത്തരം താരതമ്യങ്ങള്‍ ക്രിക്കറ്റില്‍ എല്ലാക്കാലത്തും നിലനിന്നിരുന്നു. ഒരു ഉത്തരം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. കാരണം തങ്ങളുടേതായ ചില പ്രത്യേകതള്‍ക്കുടമകളായിരുന്നു ഇവരെല്ലാവരും. താരതമ്യത്തിനപ്പുറം പകരം വെയക്കാനാവാത്ത ചില മികവിന്റെ പര്യായപദങ്ങള്‍.

ഇത്തരത്തില്‍ ക്രിക്കറ്റ് ലോകത്ത് അടുത്ത കാലത്ത് താരതമ്യപ്പെടുത്തലുകള്‍ക്ക് വിധേയമായ രണ്ട് താരങ്ങളാണ് ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയും. ഇതിന് കാരണമായതോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ക്രിക്കറ്റിലെ ലോക ഇലവന്റെ തിരഞ്ഞെടുപ്പും. ലോക ഇലവന്റെ തിരഞ്ഞെടുപ്പ് മിക്കവാറും തവണ തര്‍ക്കവിഷയമാകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. ഏകദിന ടീമില്‍ കോഹ്‌ലി ഇടം പിടിച്ചില്ല. ഏകദിന ക്രിക്കറ്റിലെ നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ കോഹ്‌ലിയുടെ അസാന്നിധ്യം ഏവരെയും അമ്പരപ്പിക്കുന്നതായി. കോഹ്‌ലിക്ക് പകരം മൂന്നാം നമ്പറില്‍ ഇടം പിടിച്ചത് അംലയാണ്. ഇതാണ് തമ്മില്‍ കേമന്‍ ആരെന്ന വിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.

ലോക ഇലവന്റെ തിരഞ്ഞെടുപ്പ് തര്‍ക്കമാവുമെന്ന് മുന്‍ധാരണയുള്ളത് കൊണ്ടോ എന്തോ, ഇത്തവണ ഒരു പ്രത്യേക സമിതിയെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ഇതിനായി നിയോഗിച്ചത്. ഐ.സി.സിയുടെ ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ നായകനുമായ അനില്‍ കുംബ്ലെയായിരുന്നു സമിതിയുടെ തലവന്‍. മുന്‍ ക്യാപ്റ്റന്‍മാരായ പാക്കിസ്ഥാന്റെ വഖാര്‍ യൂനിസ്, ഇംഗ്ലണ്ടിന്റെ അലക് സ്റ്റുവര്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം പൊള്ളോക്ക്, ന്യൂസിലന്റിന്റെ കാതറിന്‍ കാംപ്‌ബെല്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.

“നിശ്ചിതകാലയളവിലെ പ്രകടനം മാത്രമല്ല പരിഗണിച്ചത്. എതിര്‍ടീം, പിച്ചിന്റെ അവസ്ഥ, മാച്ചിന്റെ അവസ്ഥ അങ്ങനെ പല കാര്യങ്ങളും കണക്കിലെടുത്തിരുന്നു.

ഐ.സി.സി പ്രഖ്യാപിക്കുന്ന ലോകഇലവന്‍ ടീമുകള്‍ കടലാസില്‍ മാത്രമേയുള്ളുവെങ്കിലും ഇത് കളിക്കാരുടെ മികവിന് ലഭിക്കുന്ന അംഗീകാരമായാണ് കണക്കാക്കുന്നത്. 2012 ഓഗസ്റ്റ് മുതല്‍ 2013 ഓഗസ്റ്റ് വരെയുള്ള പ്രകടനമാണ് ഇത്തവണ ഇതിനാധാരമായി കണക്കാക്കുന്നത്. അതിനാല്‍ തന്നെ കോഹ്‌ലിയുടെ അസാന്നിധ്യം അമ്പരപ്പിക്കുന്നതായി. ഇക്കാലയളവില്‍ ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോഹ്‌ലി ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ന് ഒന്നാം സ്ഥാനത്തുള്ള താരം കൂടിയായിരുന്നു.

“ഏകദിനടീമിനെയും ടെസ്റ്റ് ടീമിനെയും തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. 2012 ഓഗസ്റ്റ് 7 മുതല്‍ 2013 ഓഗസ്റ്റ് 25 വരെ മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി താരങ്ങളുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. സമിതിയില്‍ തന്നെ ധാരാളം ചര്‍ച്ച നടത്തി. നിരവധി കോമ്പിനേഷനുകള്‍ പരിഗണിച്ചു.” അനില്‍ കുംബ്ലെ വിശദീകരിച്ചു.

“നിശ്ചിതകാലയളവിലെ പ്രകടനം മാത്രമല്ല പരിഗണിച്ചത്. എതിര്‍ടീം, പിച്ചിന്റെ അവസ്ഥ, മാച്ചിന്റെ അവസ്ഥ അങ്ങനെ പല കാര്യങ്ങളും കണക്കിലെടുത്തിരുന്നു. പക്ഷേ മികച്ച നിലവാരത്തിലുള്ള നിരവധി താരങ്ങളില്‍ നിന്ന് 12 പേരെ മാത്രം തിരഞ്ഞെടുക്കുമ്പോള്‍ കുറേ പേരെ ഒഴിവാക്കേണ്ടി വരും. വിദഗ്ധസമിതിയുടെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച ഏകദിനടെസ്റ്റ് ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.” കുംബ്ലെ പറഞ്ഞു.

കളിക്കാരുടെ ബാറ്റിങ് പൊസിഷനുകളും സമിതി പരിഗണിച്ചിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാമതായിറങ്ങുന്ന കോഹ്‌ലിയുടെ എതിരാളിയായി വരുന്നത് സൗത്താഫ്രിക്കയുടെ ഹാഷിം അംലയാണ്. ഇക്കാലയളവിനുള്ളില്‍ ഇരുവരും രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. അംല 19 മാച്ചുകള്‍ കളിച്ചപ്പോള്‍ കോഹ്‌ലി 23 മത്സരങ്ങളില്‍ ബാറ്റേന്തി. ഇതില്‍ വെസ്റ്റിന്‍ീസിനെതിരെയും സിംബാബ്‌വെയ്ക്ക് എതിരെയും ഇന്ത്യയെ നയിക്കുകയും ചെയ്തു.

റണ്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇരുവരും ഏറെക്കുറെ തുല്യരാണ്. എന്നാല്‍ ക്രിക്കറ്റ് എന്നത് അടിച്ചുകൂട്ടുന്ന റണ്‍സിന്റെ മാത്രം കണക്കല്ല. ഉയര്‍ന്ന റാങ്കിലുള്ള ടീമുകളോടും കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്ന പിച്ചുകളിലുമായിരുന്നു അംലയുടെ നേട്ടം. ഇംഗ്ലണ്ടിനെതിരെ സതാംപ്റ്റണില്‍ 150 റണ്‍സ് നേടിയ അംല നോട്ടിങ്ഹാമില്‍ പുറത്താകാതെ 97 റണ്‍സും നേടിയിരുന്നു. 2012 ഓഗസ്റ്റിലായിരുന്നു ഇത്. 2013 മാര്‍ച്ചില്‍ പാക്കിസ്ഥാനെതിരെ ജോഹന്നാസ്‌ബെര്‍ഗിലായിരുന്നു അടുത്ത സെഞ്ച്വറി.

കഴിഞ്ഞ ജൂണില്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരസമയത്ത് ബിര്‍മിങ്ഹാമിലെ നനഞ്ഞ പിച്ചിനെയും പാക്കിസ്ഥാന്റെ സീമര്‍മാരെയും എതിരിട്ട് 81 റണ്‍സാണ് അംല അടിച്ചുകൂട്ടിയത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗ്രെയിം സ്വാന്‍, സ്റ്റീവന്‍ ഫിന്‍, മുഹമ്മദ് ഇര്‍ഫാന്‍, വഹാബ് റിയാസ്,  തുടങ്ങിയ ലോകോത്തര ബൗളര്‍മാരെയാണ് നേരിട്ടത് എന്നത് അംലയ്ക്ക് തുണയായി. എന്നാല്‍ കോഹ്‌ലിയുടെ സെഞ്ച്വറികള്‍ പിറന്നത് വെസ്റ്റിന്‍ഡീസിനെതിരെയും സിംബാബ്‌വെയ്‌ക്കെതിരെയും ആയിരുന്നു. ഇരു ടീമുകളും ഐ.സി.സി റാങ്കിങ്ങില്‍ വളരെ താഴെയാണെന്ന വസ്തുത കോഹ്‌ലിയുടെ സെഞ്ച്വറിയുടെ തിളക്കം കുറച്ചു.

ഇതെല്ലാം പരിഗണിച്ചായിരിക്കണം കോഹ്‌ലിയെ തഴഞ്ഞ് അംലയെ പരിഗണിക്കാന്‍ കമ്മറ്റിയെ പ്രേരിപ്പിച്ചത്. കൂടാതെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം പുലര്‍ത്തുന്ന താരമാണ് അംല. ഇക്കാലയളവില്‍ ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും ഐ.സി.സി റാങ്കിങില്‍ ആദ്യ സ്ഥാനങ്ങളില്‍ അംലയുണ്ടായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും 50ന് മുകളിലാണ് അംലയുടെ ശരാശരി. അങ്ങിനെ നോക്കുമ്പോള്‍ അംലയുടെ തെരഞ്ഞെടുപ്പിനെ തള്ളിക്കളയാനും വയ്യ.  ഇവര്‍ രണ്ട് പേരില്‍ നിന്ന് ഒരു തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടേറിയത് തന്നെയാണ്. ഒരു തരത്തിലും ഒഴിവാക്കപ്പെടാനാവാത്ത താരങ്ങള്‍. ഒരു പക്ഷെ അംലയെക്കാള്‍ ഏറെ ഇളപ്പമുള്ള കോഹ്‌ലിയെ വരും വര്‍ഷങ്ങളിലും പരിഗണിക്കാമല്ലോയെന്ന് കമ്മറ്റി വിലയിരുത്തി കാണും.

We use cookies to give you the best possible experience. Learn more