കഴിഞ്ഞ ദിവസമായിരുന്നു ഐ.സി.സി ഏകദിന വേള്‍ഡ് കപ്പിന്റെ ക്വാളിഫയര്‍ മത്സരങ്ങള്‍ അവസാനിച്ചത്. ഫൈനല്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയാണ് ലങ്ക വീണ്ടും ആ കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ 128 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമായിരുന്നു ശ്രീലങ്ക സ്വന്തമാക്കിയത്.
ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പിന് യോഗ്യത നേടാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിച്ചിരുന്നു. 2011 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഡച്ച് പട ക്രിക്കറ്റ് മാമാങ്കത്തിന് യോഗ്യത നേടുന്നത്.
ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടുവോളം സന്തോഷം നല്‍കാന്‍ ഈ ടൂര്‍ണമെന്റിന് സാധിച്ചിരുന്നു. പുതിയ ക്രിക്കറ്റ് താരങ്ങളുടെയും പുതിയ ക്രിക്കറ്റ് ടീമുകളുടെയും ഉദയത്തിന് കൂടിയാണ് ഈ ക്വാളിഫയര്‍ സാക്ഷ്യം വഹിച്ചത്.
മുന്‍ ലോക ചാമ്പ്യന്‍മാരെയടക്കം നിലംപരിശാക്കി ഫൈനലില്‍ പ്രവേശിച്ച നെതര്‍ലന്‍ഡ്‌സും ടെസ്റ്റ് പ്ലെയിങ് നേഷനുകളെ തകര്‍ത്തെറിഞ്ഞ സ്‌കോട്‌ലാന്‍ഡും ക്രിക്കറ്റ് ഭൂമികയിലേക്ക് പുതിയ കാല്‍വെയ്പ് നടത്തിയ ഒമാനുമടക്കം നിരവധി ടീമുകളാണ് ക്വാളിഫയറില്‍ തിളങ്ങിയത്.
ടീമുകള്‍ക്ക് പുറമെ പല സൂപ്പര്‍ താരങ്ങളുടെയും വ്യക്തിഗത പ്രകടനവും ചര്‍ച്ചയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ ഓവറില്‍ മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തിയ ലോഗന്‍ വാന്‍ ബീക്കും ഹാട്രിക് ഫൈഫര്‍ തികച്ച വാനിന്ദു ഹസരങ്കയും സെഞ്ച്വറികള്‍കൊണ്ട് ചരിത്രം കുറിച്ച സീന്‍ വില്യംസുമെല്ലാം ഈ ടൂര്‍ണമെന്റിന്റെ താരങ്ങളായിരുന്നു.
ഇത്തരത്തില്‍ ഈ ക്വാളിഫയറില്‍ തിളങ്ങിയ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഡൂള്‍ന്യൂസിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റ് പരിശോധിക്കാം.
ടോപ് ഓര്‍ഡര്‍: പാതും നിസങ്ക, ക്രെയ്ഗ് ഇര്‍വിന്‍, ബ്രാന്‍ഡന്‍ മക്മുള്ളന്‍.
ക്വാളിഫയറിലെ ഏറ്റവും ഡിസ്ട്രക്ടീവായ ടോപ് ഓര്‍ഡറായിരിക്കും ഇത്. ലങ്കയുടെ പാതും നിസങ്കക്കൊപ്പം ഷെവ്‌റോണ്‍സ് നായകന്‍ ക്രെയ്ഗ് ഇര്‍വിനും സ്‌കോട്ടിഷ് വാറിയര്‍ ബ്രാന്‍ഡന്‍ മക്മുള്ളനും ചേരുമ്പോള്‍ ടോപ് ഓര്‍ഡര്‍ കരുത്തുറ്റതാകും.
മിഡില്‍ ഓര്‍ഡര്‍: സീന്‍ വില്യംസ്, ബാസ് ഡി ലീഡ്, സിക്കന്ദര്‍ റാസ, സ്‌കോട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വാനിന്ദു ഹസരങ്ക
ക്വാളിഫയറിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായ വില്യംസിനും ബാസ് ഡി ലീഡിനുമൊപ്പം ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസയുടെ അനുഭവ സമ്പത്തും ടീമിന് തുണയാകും. ഒന്നുമില്ലായ്മയില്‍ നിന്ന് ഡച്ച് പടയെ മുമ്പില്‍ നിന്നും നയിക്കുകയും ഫൈനല്‍ വരെയെത്തിക്കുകയും ചെയ്ത സ്‌കോട്ട് എഡ്വാര്‍ഡ്‌സ് തന്നെയാണ് ബെസ്റ്റ് ഇലവന്റ ക്യാപ്റ്റനും. ഇവര്‍ക്കൊപ്പം ബൗളിങ്ങിലും ബാറ്റിങ്ങിലും കരുത്താകുന്ന ലങ്കയുടെ മിസ്റ്ററി സ്പിന്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയും എത്തുന്നതോടെ മിഡില്‍ ഓര്‍ഡര്‍ പൂര്‍ത്തിയാകും.
ലോവര്‍ ഓര്‍ഡര്‍: ക്രിസ് സോള്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുശങ്ക
ക്വാളിഫയറിലുടനീളം മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്താണ് മൂവരും ടീം ഓഫ് ദി ടൂര്‍ണമെന്റിന്റെ ഭാഗമായത്.
ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയര്‍ ടീം ഓഫ് ദി ടൂര്‍ണമെന്റ്
പാതും നിസങ്ക (ശ്രീലങ്ക)
ക്രെയ്ഗ് ഇര്‍വിന്‍ (സിംബാബ്‌വേ)
ബ്രാന്‍ഡന്‍ മാക്മുള്ളന്‍ (സ്‌കോട്‌ലാന്‍ഡ്)
സീന്‍ വില്യംസ് (സിംബാബ്‌വേ)
ബാസ് ഡി ലീഡ് (നെതര്‍ലന്‍ഡ്‌സ്)
സിക്കന്ദര്‍ റാസ (സിംബാബ്‌വേ)
സ്‌കോട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) (നെതര്‍ലന്‍ഡ്‌സ്)
വാനിന്ദു ഹസരങ്ക (ശ്രീലങ്ക)
ക്രിസ് സോള്‍ (സ്‌കോട്‌ലാന്‍ഡ്)
മഹീഷ് തീക്ഷണ (ശ്രീലങ്ക)
ദില്‍ഷന്‍ മധുശങ്ക (ശ്രീലങ്ക)
Content Highlight: ICC World Cup Qualifier, Team of the tournament