ശ്രീലങ്കന്‍ ക്രിക്കറ്റിന് എന്താണ് സംഭവിക്കുന്നത്…? ക്രിക്കറ്റ് ഭൂപടത്തില്‍ ലങ്കയുടെ സ്ഥാനം ഏറെക്കുറെ മങ്ങിയ മട്ടാണ്. പ്രതിഭകളുടെ ധാരാളിത്തം കൊണ്ടും ഇതിഹാസതാരങ്ങളുടെ പ്രഭാവം കൊണ്ടും ഒരു കാലത്ത് ക്രിക്കറ്റ് മൈതാനത്ത് ജ്വലിച്ചുനിന്ന സിംഹളവീര്യം തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീഴുമോ അതോ തിരിച്ചുവരുമോ എന്നതിന് ഈ ലോകകപ്പ് ഉത്തരം നല്‍കും.
ഏകദേശം 20 വര്‍ഷത്തിനടുത്ത് ലങ്കന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്ന മുന്‍ നായകരായ മഹേല ജയവര്‍ധനെയും കുമാര്‍ സംഗക്കാരയും ക്രീസിനോട് വിടപറഞ്ഞതോടെയാണ് ടീം തളര്‍ന്നുതുടങ്ങിയത്. ഇരുവരും വിരമിച്ചതോടെ ആത്മവിശ്വാസം തകര്‍ന്ന 11 പേരുടെ സംഘമായി മരതകദ്വീപുകാര്‍ മാറി.
ക്രിക്കറ്റിലെ തലമുറമാറ്റം എല്ലാ ടീമുകളേയും ബാധിക്കുന്ന ഒന്നാണ്. ഇന്ത്യ മാത്രമാണ് ഇതിനൊരപവാദം. ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും പാകിസ്താനും വെസ്റ്റ് ഇന്‍ഡീസുമൊക്കെ സുവര്‍ണ്ണതലമുറയിലെ ഇതിഹാസങ്ങള്‍ പടിയിറങ്ങിയപ്പോള്‍ പകച്ചുനിന്നവരാണ്. എന്നാല്‍ തിരിച്ചുവരവിന് ഈ ടീമുകള്‍ക്ക് അധികം താമസമുണ്ടായിരുന്നില്ല.
പോണ്ടിംഗ് യുഗത്തിലെ ഗില്‍ക്രിസ്റ്റ്, ഹെയ്ഡന്‍, മഗ്രാത്ത്, വോണ്‍, ലീ എന്നിവര്‍ ഘട്ടം ഘട്ടമായി വിരമിച്ചപ്പോഴും ഭാവിയിലേക്ക് താരങ്ങളെ കണ്ടെത്താന്‍ ഓസീസ് ക്രിക്കറ്റിനായിരുന്നു. മൈക്കല്‍ ക്ലാര്‍ക്കിന് കീഴില്‍ സ്മിത്തും വാര്‍ണറും സ്റ്റാര്‍ക്കും മാക്‌സുവെല്ലുമെല്ലാം കളിച്ചതോടെ പരിചയസമ്പത്തും യുവത്വവും ഒരുപോലെ കൊണ്ടുപോകാന്‍ ഓസീസിനായി. ഫലമോ ഒരു ലോകകപ്പിന് ശേഷം കിരീടം തിരിച്ച് ഓസീസില്‍ തന്നെ എത്തി. സ്മിത്തും പിന്നീട് ഫിഞ്ചും ക്യാപ്റ്റനായപ്പോഴും ഒറ്റപ്പെട്ട തോല്‍വികളൊഴിച്ച് നിര്‍ത്തിയാല്‍ ഓസീസ് കളിമികവിന് കുറവ് വന്നില്ല.
പാകിസ്താനെ സംബന്ധിച്ച് ഒരുപാട് കാലം വനവാസമായിരുന്നു. എങ്കിലും പുത്തന്‍താരങ്ങള്‍ ലോകോത്തരമികവ് കാണിക്കുന്നുണ്ട്. ഇന്‍സമാം, യൂസുഫ്, യൂനിസ്ഖാന്‍, അബ്ദുള്‍ റസാഖ്, ഷോയ്ബ് അക്തര്‍, ഉമര്‍ ഗുല്‍ കാലത്തിന് ശേഷം പാകിസ്താന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. സമാനമാണ് വിന്‍ഡീസ് ക്രിക്കറ്റിന്റെ അവസ്ഥ.
ആദ്യ രണ്ട് ലോകകപ്പുകളും നേടി ഏകദിനത്തില്‍ രാജാക്കന്‍മാരായിരുന്ന വിന്‍ഡീസ് പിന്നീട് നിറംമങ്ങുകയായിരുന്നു. ലാറ, സര്‍വന്‍, ചന്ദര്‍പോള്‍ എന്നിവര്‍ക്ക് ശേഷം തോല്‍വിയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയ വിന്‍ഡീസ് ജേസണ്‍ ഹോള്‍ഡറിന് കീഴില്‍ ഇത്തവണ മികച്ച താരങ്ങളുടെ അകമ്പടിയോടെയാണ് ഇംഗ്ലണ്ടിലേക്കെത്തുന്നത്.
എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റില്‍ ഭാവിയിലേക്ക് പോലും ചൂണ്ടിക്കാണിക്കാവുന്ന താരങ്ങളെ കണ്ടെത്താന്‍ ബോര്‍ഡിനായിട്ടില്ല. ജയസൂര്യ, മുരളീധരന്‍, ജയവര്‍ധനെ, ചാമിന്ദ വാസ്, സംഗക്കാര എന്നിവര്‍ക്ക് ശേഷം ടീമിന് പൂര്‍ണ്ണായി ആശ്രയിക്കുന്ന താരങ്ങളെ കണ്ടെത്താന്‍ ലങ്കയ്ക്ക് ഇതുവരെയായിട്ടില്ല.
ഏകദിന ക്രിക്കറ്റിലെ ശൈലി തന്നെ മാറ്റിയത് സനത് ജയസൂര്യയുടെ വരവാണ്. ഓപ്പണിംഗില്‍ വെടിക്കെട്ട് തുടക്കം നല്‍കുന്ന ശൈലി ആരംഭിക്കുന്നത് ജയസൂര്യയാണ്. ജയസൂര്യയുടെ ചിറകിലേറി ലങ്ക വിജയം കൊയത് എത്ര മത്സരങ്ങള്‍..! എന്നാല്‍ ഗതകാല സ്മരണകള്‍ മാത്രമായി ലങ്കന്‍ ക്രിക്കറ്റ് ചുരുങ്ങുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.
കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റതുമുതല്‍ ലങ്കയുടെ ശനിദശയാണ്. നാല് വര്‍ഷത്തിനിപ്പുറം തിരിച്ചുവരവിന്റെ സൂചന തരാന്‍ പോലും ദ്വീപുകാര്‍ക്കായിട്ടില്ല.
ആ ലോകകപ്പോടെയാണ് മഹേല ജയവര്‍ധനെ, കുമാര്‍ സങ്കക്കാര എന്നീ രണ്ട് ഇതിഹാസങ്ങള്‍ പടിയിറങ്ങിത്. പിന്നീടിങ്ങോട്ട് തൊട്ടതെല്ലാം പിഴച്ച ഒരു കൂട്ടമാണ് ശ്രീലങ്ക. അതിന് ശേഷം കളിച്ച 84 ഏകദിനങ്ങളില്‍ 55 എണ്ണത്തിലും ലങ്ക തോറ്റു. പട്ടികയില്‍ ഏറ്റവും പിറകിലാണ് ശ്രീലങ്ക. അതായത് ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ അഫ്ഗാനും പിറകില്‍. പട്ടികയില്‍ അഫ്ഗാന്റെ സ്ഥാനം അഞ്ചാമതാണ്.
2017 ന് ശേഷം ആറ് ക്യാപ്റ്റന്‍മാരെയാണ് ലങ്ക പരീക്ഷിച്ചത് എന്നത് പോലും ഈ ടീമിന്റെ ദൈന്യതയെ വെളിവാക്കുന്നുണ്ട്. 2015 ലോകകപ്പിനു ശേഷം ഒരൊറ്റ ഏകദിന മത്സരം പോലും കളിക്കാത്ത ദിമുത് കരുണരത്‌നെയുടെ കീഴിലാണ് ലങ്ക ഇറങ്ങുന്നത്.
ലസിത് മലിംഗ, തിസാര പെരേര, കുശാല്‍ പെരേര, ആഞ്ചലോ മാത്യൂസ് എന്നിങ്ങനെ ചില പരിചിത മുഖങ്ങളുണ്ടെങ്കിലും ശ്രീലങ്ക ദുര്‍ബലര്‍ തന്നെയാണ്. ഒരുപക്ഷെ ഈ ലോകകപ്പിലെ ഏറ്റവും ദുര്‍ബലര്‍ എന്നുവിളിച്ചാലും അതിശയോക്തിയാകില്ല.
ഫോമിലുള്ള ഒരുതാരം പോലും ലങ്കന്‍ നിരയിലില്ല. സീനിയര്‍ താരം മലിംഗ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണ്. ഐ.പി.എല്ലില്‍ ചില മികച്ച പ്രകടനം ഉണ്ടായെങ്കിലും ആശാവഹമല്ല.
സുരംഗ ലക്മ, നുവാന്‍ പ്രദീപ് എന്നിവരാണ് ലങ്കന്‍ നിരയിലെ മറ്റ് പേസര്‍മാര്‍. ജീവന്‍ മെന്‍ഡിസും മിലിന്ദ സിരിസേനയുമാണ് സ്പിന്‍ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
1996 ല്‍ ലോകകപ്പ് നേടിയ ടീം 2007 ലും 2011 ലും ഫൈനലിലെത്തിയിരുന്നു. ജൂണ്‍ ഒന്നിന് ന്യൂസിലാന്റുമായാണ് ഈ ലോകകപ്പിലെ ആദ്യമത്സരത്തിന് ശ്രീലങ്കയിറങ്ങുന്നത്. ക്രിക്കറ്റിലെ അഴിമതിയും തീവ്രവാദ ആക്രമണവും സാമ്പത്തിക തിരിമറികളും മറക്കണമെങ്കില്‍ ഇന്ന് ലങ്കയ്ക്ക് ലോകകപ്പിനോളം പോന്ന മരുന്നില്ല.
WATCH THIS VIDEO: