ആറാം തമ്പുരാനാകുമോ ഓസീസ്?
ICC WORLD CUP 2019
ആറാം തമ്പുരാനാകുമോ ഓസീസ്?
ജിതിന്‍ ടി പി
Thursday, 16th May 2019, 1:13 pm

നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന ലേബലിലാണ് ടീം ഓസ്‌ട്രേലിയ ലോകകപ്പിന്റെ 12-ാം പതിപ്പിനെത്തുന്നത്. അഞ്ച് തവണ ചാമ്പ്യന്‍മാരായ ഓസീസ് ഇത്തവണയും കപ്പ് ഫേവറിറ്റുകളായാണ് ഇംഗ്ലണ്ടിലേക്കെത്തുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍നിന്നും തുടര്‍തോല്‍വികളില്‍ നിന്നും കരകയറിയ ഓസീസ് ആത്മവിശ്വാസം വീണ്ടെടുത്താല്‍ എതിരാളികള്‍ വിറക്കുമെന്നുറപ്പ്.

വിലക്ക് മാറിയെത്തിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും തന്നെയാണ് കംഗാരുക്കളുടെ തുറുപ്പുചീട്ട്. സ്മിത്ത് തിരിച്ചെത്തിയെങ്കിലും ആരോണ്‍ ഫിഞ്ച് തന്നെയാണ് ടീമിനെ നയിക്കുന്നത്.

സ്മിത്തും വാര്‍ണറുമില്ലാതിരുന്ന കഴിഞ്ഞ ഒരു വര്‍ഷം ഫിഞ്ചായിരുന്നു ഓസീസ് ബാറ്റിംഗിനെ തോളിലേറ്റിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷം ഫിഞ്ച് ഏകദിനത്തില്‍ നേടിയത് 852 റണ്‍സാണ്. മൂന്നുവീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും അടക്കമാണ് ഫിഞ്ചിന്റെ പ്രകടനം.

വാര്‍ണര്‍ക്ക് പകരക്കാരനായി ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ഉസ്മാന്‍ ഖ്വാജ നിലവില്‍ ഓസീസ് ടീമിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാനാണ്. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയുമടക്കം 769 റണ്‍സാണ് കഴിഞ്ഞ വര്‍ഷം ഖ്വാജ അടിച്ചുകൂട്ടിയത്.

അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷം വിട്ടുനിന്നെങ്കിലും വാര്‍ണര്‍ തന്നെയാണ് ഓസീസ് ലോകകപ്പ് ടീമില്‍ ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. പ്രാദേശിക ടി-20 ടൂര്‍ണ്ണമെന്റുകളില്‍ നിന്നായി താരം നേടിയത് 1244 റണ്‍സാണ്! ഒരു സെഞ്ച്വറിയും 13 അര്‍ധസെഞ്ച്വറിയുമാണ് വാര്‍ണറുടെ ബാറ്റില്‍ നിന്ന് പിറന്നത്.

ഐ.പി.എല്ലില്‍ വെറും 12 മത്സരങ്ങള്‍ മാത്രം കളിച്ച വാര്‍ണര്‍ അടിച്ചെടുത്തത് 692 റണ്‍സാണ്. വാര്‍ണറിന് തന്നെയായിരുന്നു ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും.

693 റണ്‍സായിരുന്നു സ്മിത്ത് ഇക്കാലയളവില്‍ നേടിയത്. ആറ് അര്‍ധസെഞ്ച്വറിയും സ്മിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 851 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷ്, 691 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ് വെല്‍, 401 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരി എന്നിവരാണ് ഓസീസ് ബാറ്റിംഗിനെ ലോകകപ്പില്‍ നയിക്കുന്നത്.

പക്ഷെ ബൗളിംഗിലേക്കെത്തുമ്പോള്‍ താരതമ്യേന അസന്തുലിതമാണ് ഓസീസിന്റെ കണക്കുകള്‍. 18 വിക്കറ്റുള്ള പാറ്റ് കമ്മിന്‍സിലാണ് ഓസീസിന്റെ പ്രതീക്ഷ. മുതിര്‍ന്ന താരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലുണ്ടെങ്കിലും പരിക്കില്‍ നിന്ന് ഭേദപ്പെട്ട വരുന്നതേയൊള്ളൂ. ഔള്‍റൗണ്ട് മികവ് പുറത്തെടുക്കുന്ന മാര്‍ക്ക് സ്റ്റോയിന്‍സിനെ ബൗളിംഗില്‍ കൂടുതല്‍ പരീക്ഷിക്കാനാണ് സാധ്യത.

19 വിക്കറ്റും 397 റണ്‍സുമാണ് സ്റ്റോയിന്‍സിന്റെ കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യം. ഫോമിലല്ലെങ്കിലും നതാന്‍ കോര്‍ട്ടര്‍നൈലും കളിയില്‍ വഴിത്തിരിവുണ്ടാക്കാന്‍ പോന്ന താരമാണ്.

നഥാന്‍ ലിയോണിനും ആദം സാംപയ്ക്കുമാണ് സ്പിന്‍ വകുപ്പിന്റെ ചുമതല. കഴിഞ്ഞ വര്‍ഷം 19 വിക്കറ്റ് നേടിയ ആദം സാംപയെ സഹായിക്കുക എന്നതാണ് ലിയോണിന്റെ ജോലി. എങ്കിലും കപ്പ് ഫേവറിറ്റുകളായ ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോഡുള്ളത് ലിയോണിന്റെ പ്ലസ് പോയന്റാണ്.

മുന്‍താരം ജസ്റ്റിന്‍ ലാംഗറാണ് ഓസ്‌ട്രേലിയയുടെ പരിശീലകന്‍. ഏകദിനത്തില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഓസീസ്. ജൂണ്‍ ഒന്നിന് അഫ്ഗാനിസ്താനുമായാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. 2015 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ വിജയാനുപാതത്തില്‍ അഫ്ഗാനിസ്താനും താഴെയാണ് ഓസ്‌ട്രേലിയ.

കഴിഞ്ഞ ലോകകപ്പിന് ശേഷം 76 മത്സരങ്ങളാണ് ഓസീസ് കളിച്ചത്. അതില്‍ 37 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ 36 മത്സരത്തില്‍ തോറ്റു. പട്ടികയില്‍ ഇംഗ്ലണ്ട് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഓസ്‌ട്രേലിയയ്ക്ക് താഴെ പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും മാത്രമാണുള്ളത്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.