| Friday, 17th May 2019, 12:01 pm

അഫ്ഗാനിസ്താന്‍ ഒരു ചെറിയ ടീമല്ല

ജിതിന്‍ ടി പി

നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തവരാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം. അതുകൊണ്ടുതന്നെയാണ് ഈ ലോകകപ്പില്‍ ടീം ഇടം നേടിയതും. തങ്ങളുടേതായ ദിവസം ഏത് കൊലകൊല്ലി ടീമിനേയും തോല്‍പ്പിക്കാന്‍ കഴിയുന്ന പതിനൊന്ന് പേരാണ് അഫ്ഗാനിസ്താന്റെ നീല ജഴ്‌സിയില്‍ കളിക്കുന്നത്.

ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, തുടങ്ങിയ ഉജ്വലശക്തികള്‍ അണിനിരക്കുന്ന ടൂര്‍ണ്ണമെന്റില്‍ കിരീടനേട്ടം എന്നത് അഫ്ഗാനിസ്താന്റെ വിദൂരസ്വപ്‌നത്തില്‍ പോലുമുണ്ടാവില്ല. എങ്കിലും ലോകകപ്പ് സ്വപ്‌നം കണ്ട് മുന്നേറുന്ന ടീമുകള്‍ക്ക് വിലങ്ങുതടിയാകാന്‍ കെല്‍പ്പുള്ളവരാണ് അഫ്ഗാന്‍. ഔള്‍റൗണ്ട് മികവിലാണ് ടീം പ്രതീക്ഷ അര്‍പ്പിക്കുന്നത്.

റാഷിദ് ഖാന്‍, മുഹമ്മദ് നബി, അസ്ഗര്‍ അഫ്ഗാന്‍ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ടീമിന്റെ മുതല്‍ക്കൂട്ട്. ബൗളര്‍മാരില്‍ മൂന്നാമതുള്ള റാഷിദ് ഖാനാണ് അഫ്ഗാന്‍ ടീമിന്റെ കരുത്ത്. ഒറ്റയ്ക്ക് കളിഗതി മാറ്റാന്‍ കഴിയുന്ന താരമാണ് റാഷിദ്.

ഐ.പി.എല്‍ അടക്കമുള്ള പ്രാദേശിക ടൂര്‍ണ്ണമെന്റുകളിലൂടെ വിദേശപിച്ചുകളില്‍ കളിച്ച് മികച്ചതാരങ്ങളോടൊപ്പമുള്ള റാഷിദിന്റെ അനുഭവസമ്പത്തും ടീമിന് മുതല്‍ക്കൂട്ടാവും.

പുത്തന്‍ താരോദയം മുജീബ് സാദ്രാന്‍ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ്. 21-ാം നൂറ്റാണ്ടില്‍ ജനിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന ആദ്യതാരമെന്ന അപൂര്‍വ്വ റെക്കോഡും മുജീബ് സാദ്രാന്റെ പേരിലുണ്ട്. മുഹമ്മദ് നബിയും ചേരുന്നതോടെ അഫ്ഗാന്റെ സ്പിന്‍ വകുപ്പ് ഭദ്രമാണ്. അതേസമയം പേസ് ബൗളിംഗില്‍ അഫ്ഗാന്റെ സ്ഥിതി പ്രതീക്ഷാവഹമല്ല.


ഗുലാബ്ദീന്‍ നയീബാണ് ടീമിന്റെ നായകന്‍. അസ്ഗര്‍ അഫ്ഗാന്റെ പരിചയസമ്പത്താണ് ബാറ്റിംഗില്‍ ടീമിന്റെ പ്രതീക്ഷ. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഹമ്മദ് ഷാഹ്‌സാദും നിലയുറപ്പിച്ചാല്‍ അപകടകാരിയാണ്.

കഴിഞ്ഞ ലോകകപ്പിന് ശേഷം വിജയാനുപാതത്തില്‍ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയേക്കാള്‍ മുന്നിലാണ് അഫ്ഗാന്‍. ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകള്‍ അഫ്ഗാനിസ്താനും താഴെയാണ്.

ലോകകപ്പിന് ശേഷം 61 മത്സരങ്ങള്‍ കളിച്ച അഫ്ഗാനിസ്താന് 33 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 24 മത്സരത്തില്‍ തോല്‍വിയറിഞ്ഞു.

ലോകകപ്പില്‍ ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയവരുമായുള്ള മത്സരം ജയിക്കാനാകുമെന്നാണ് ടീമിന്റെ കണക്കുകൂട്ടല്‍. ജൂണ്‍ ഒന്നിന് ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് അഫ്ഗാന്റെ ആദ്യ എതിരാളികള്‍.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more