കടുവകളെ കൂട്ടിലടച്ച് ഇന്ത്യ
ICC WORLD CUP 2019
കടുവകളെ കൂട്ടിലടച്ച് ഇന്ത്യ
ഗൗതം വിഷ്ണു. എന്‍
Wednesday, 3rd July 2019, 11:15 am

മാധ്യമങ്ങളില്‍ നാം കണ്ടു വരുന്ന ആവേശത്തിനപ്പുറം ഈ അടുത്തു നടന്ന മിക്ക ഇന്ത്യ -പാക്ക് മത്സരങ്ങളും ഏകപക്ഷീയവും ആവേശം ജനിപ്പിക്കാത്തതുമായിരുന്നു. എന്നാല്‍ അങ്ങനല്ല ഇപ്പോഴുള്ള ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങള്‍. പണ്ട് ലോകകപ്പുകളില്‍ എല്ലാ ടീമുകള്‍ക്കും രണ്ടു പോയിന്റ് നല്‍കാന്‍ വരുന്ന ബംഗ്ലാദേശില്‍ നിന്നും ഇന്നത്തെ ബംഗ്ലാദേശ് ഒരുപാട് മാറിയിരിക്കുന്നു. വമ്പന്മാരെയൊക്കെ സ്ഥിരമായി കീഴടക്കാന്‍ തുടങ്ങിയതോടെ അവരുടെ ഗ്രാഫ് ഉയര്‍ന്നു.

സമീപകാലത്തു ഇന്ത്യയും ബംഗ്ലാദേശും വലിയ ടൂര്‍ണമെന്റുകളില്‍ ഏറ്റുമുട്ടിയപ്പോഴൊക്കെ ആവേശം അലതല്ലിയിട്ടുണ്ട്. 2016 ലെ ട്വന്റി 20 ലോകകപ്പിലും നിദാഹാസ് പരമ്പരയിലുമെല്ലാം അവസാന പന്തിലാണ് ഇന്ത്യ നാടകീയമായി വിജയിച്ചത്. അന്നെല്ലാം വിജയിക്കുമെന്ന പ്രതീതി ഉളവാക്കി അവസാന ഓവറുകളിലെ പാകപ്പിഴ കൊണ്ടു കയ്യെത്തും ദൂരത്തെത്തിയ വിജയം കൈപ്പിടിയിലൊതുക്കാനാകാതെ പോയി ബംഗ്ലാ കടുവകള്‍ക്ക്. ഇത്തവണയും മികച്ച പ്രകടനം തന്നെയാണ് അവര്‍ ലോകകപ്പില്‍ പുറത്തെടുത്തത്.

ദക്ഷിണാഫ്രിക്കയെയും വിന്‍ഡീസിനെയും മുട്ടു കുത്തിച്ചതടക്കം നിരവധി വീരകഥകള്‍ അവര്‍ ഇത്തവണ രചിച്ചു കഴിഞ്ഞു. പ്രമുഖരെല്ലാം ടൂര്‍ണമെന്റിന് പുറത്തായിട്ടും അവര്‍ക്ക് ഇന്നലത്തെ കളി വരെ സെമി സാധ്യത നിലനിന്നിരുന്നു. അതു കൊണ്ടു തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല എന്നു വ്യക്തമായിരുന്നു. ഈ കളി തോറ്റാല്‍ അവരെ ടൂര്‍ണമെന്റില്‍ നിന്നു പുറത്തെത്തിക്കുമെന്ന രീതിയില്‍ ജീവന്‍ മരണ പോരാട്ടത്തിന് ബംഗ്ലാദേശ് ഇറങ്ങിയപ്പോള്‍ ഒരൊറ്റ ജയമകലെ സെമി ഫൈനല്‍ നിലകൊള്ളുന്നു എന്ന പ്രലോഭനത്തിലാണ് ഇന്ത്യ ഇറങ്ങിയത്.

ഇംഗ്ലണ്ടുമായി പരാജയപ്പെട്ട അതേ പിച്ചിലായിരുന്നു ഇന്നലത്തേയും കളി എന്നതിന്റെ ആനുകൂല്യം മുതലെടുത്തു കഴിഞ്ഞ കളിയുടെ ഒഴുക്കിനെ മുന്നില്‍ കണ്ടു ടോസ് നേടിയ കോഹ്ലി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് നന്നായി വഴങ്ങുന്ന പിച്ചിന്റെ വേഗം രണ്ടാം ഇന്നിങ്‌സില്‍ കുറയുമെന്നു മനസിലാക്കിയാണ് ഇന്ത്യ അങ്ങനൊരു തീരുമാനത്തിലെത്തിയത്. നീളം കുറഞ്ഞ ബൗണ്ടറി ഒരു ഭാഗത്തു നിലകൊള്ളുന്നതിനാല്‍ രണ്ടു റിസ്റ്റ് സ്പിന്നര്‍മാരില്‍ ഒരാള്‍ക്ക് പകരം പരിക്ക് മാറി തിരിച്ചെത്തിയ ഭുവനേശ്വറിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച കോഹ്ലി ഈ ലോകകപ്പില്‍ ഇതു വരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലാത്ത ജാദവിനു പകരം ദിനേശ് കാര്‍ത്തിക്കിനെയും കൊണ്ടു വന്നു.

പരിക്കേറ്റ മഹമുദ്ദുള്ളക്ക് പകരം ഷാബിര്‍ റഹ്മാന്‍ എത്തുന്നു എന്നതായിരുന്നു ബംഗ്ലാ ടീമിന്റെ പ്രധാന മാറ്റം. ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനം എഴുതിയത് ടാഗോര്‍ ആണെന്നിരിക്കെ ഒരേ സാഹിത്യകാരന്റെ രണ്ടു കൃതികള്‍ അടുത്തടുത്തായി എഡ്ജ്ബാസ്റ്റണില്‍ ആലപിക്കപ്പെട്ടു എന്നൊരു അപൂര്‍വതക്കും ലോകം സാക്ഷിയായി.

സിക്‌സ് അടിച്ചു കൊണ്ടു അക്കൗണ്ട് തുറന്ന രോഹിതും കരുതലോടെ തുടങ്ങിയ രാഹുലും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. രോഹിത് കഴിഞ്ഞ കളിക്ക് വിപരീതമായി തുടക്കത്തിലേ മികച്ച സ്‌ട്രോക്ക് പ്ലേ പുറത്തെടുക്കാനും പന്ത് ടൈം ചെയ്യാനും തുടങ്ങിയതോടെ നല്ല റണ്‍ റേറ്റില്‍ ഇന്ത്യ കുതിച്ചു. ഇതിനിടയില്‍ രോഹിത് നല്‍കിയ ക്യാച്ച് തമീം വിട്ടു കളയുക കൂടെ ചെയ്തതോടെ ഇന്നു തന്റെ ദിവസമാണെന്നു ഊട്ടിയുറപ്പിച്ച രോഹിത് കത്തിക്കയറി.

രോഹിതിന്റെ സ്‌ഫോടനാത്മകമായ ബാറ്റിംഗ് രാഹുലിന്റെ നഷ്ടമായ ആത്മവിശ്വാസം വീണ്ടെടുത്തു കൊടുത്തു. ഇതോടെ രാഹുലും മികച്ച രീതിയില്‍ കളിക്കാന്‍ ആരംഭിച്ചതോടെ അവരുടെ കൂട്ടുകെട്ട് 150 റണ്‍സ് പിന്നിട്ടു. മുപ്പതാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു കടുവകള്‍ക്ക് ഒരു വിക്കറ്റിനായി. ശതകം തികച്ച രോഹിത് വമ്പനടിക്ക് ശ്രമിച്ചു പുറത്തായി. അധികം താമസിക്കാതെ രാഹുലും കൂടാരം കയറിയപ്പോള്‍ അര്‍ധശതകം തികച്ചാല്‍ അതു ശതകമാക്കി മാറ്റാനുള്ള രാഹുലിന്റെ വിമുഖത ഇന്നലെയും പ്രകടമായി.

പതിവു രീതിയില്‍ കോഹ്ലി തുടങ്ങിയെങ്കിലും ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ, സ്‌കോറിങ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായി. എന്നാല്‍ രാഹുലിന്റെ പുറത്താകലിന് ശേഷം കോഹ്ലിക്ക് കൂട്ടായി ക്രീസിലെത്തിയ പന്ത് ആദ്യമായി നീല ജേഴ്‌സിയില്‍ മിന്നിയപ്പോള്‍ ഇന്ത്യ ഏറെ കാലമായി അന്വേഷിച്ചു കൊണ്ടിരുന്ന ആ നാലാം നമ്പറുകാരനെ ഒടുവില്‍ കണ്ടെത്തി എന്നു തോന്നിച്ചു. ഇന്ത്യയുടെ മുന്‍കാല നാലാം നമ്പറുകാരനായ യുവരാജ് തന്നെ അതു ട്വീറ്റ് ചെയ്തപ്പോള്‍ ഇന്ത്യക്കേറെ പ്രതീക്ഷ നല്‍കുന്നതായി പന്തിന്റെ പ്രകടനം. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച പന്തിനു പക്ഷേ കന്നി അര്‍ധശതകം നേടാനായില്ല. ആക്രമണം അഴിച്ചു വിടാനെത്തിയ പാണ്ഡ്യ നിലയുറപ്പിക്കാനാകാതെ വീണപ്പോള്‍ പിന്നീടെത്തിയ ധോണിയും കാര്‍ത്തിക്കും റണ്‍ റേറ്റ് ഉയര്‍ത്താന്‍ നോക്കി കൊണ്ടേ ഇരുന്നെങ്കിലും കൃത്യമായി വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ചു വന്നു.

രോഹിത് ക്രീസിലുണ്ടായിരുന്ന സമയത്ത് 350 നു മുകളില്‍ പോകുമെന്ന തോന്നിച്ച ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 314 ല്‍ ഒതുങ്ങി. ഇന്ത്യയെ ഒരുപാട് ഉയരങ്ങളിലേക്ക് പോകാതെ തളച്ചിട്ടത് മുസ്താഫിസുറിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ്. ഇടം കയ്യന്‍ ഫാസ്റ്റ് ബൗളര്‍മാരോട് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കുള്ള പരിചയക്കുറവ് മുതലാക്കിയ അദ്ദേഹം ധോണിയേയും കോഹ്‌ലിയെയും പോലെയുള്ള പ്രധാന വിക്കറ്റുകള്‍ തന്നെ പിഴുത് ബംഗ്ലാദേശിന് പ്രതീക്ഷയേകി.

വിന്‍ഡീസിനെതിരെ ഇതിലും വലിയ ലക്ഷ്യം അനായാസം പിന്തുടര്‍ന്ന് ജയിച്ച ബംഗ്ലാദേശിന് പക്ഷേ ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്‍പില്‍ അതത്ര എളുപ്പമല്ലായിരുന്നു. ഭുവിയുടെയും ബുമ്രയുടെയും ഓപ്പണിങ് സ്‌പെല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്ത ബംഗ്ലാ ഓപ്പണേഴ്സായ തമീമും സൗമ്യ സര്‍ക്കാരും വലിയ റിസ്‌ക്കുകള്‍ എടുക്കാതെ പവര്‍പ്ലേ അതിജീവിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബുമ്രക്ക് പകരം പന്ത് കയ്യിലെടുത്ത ഷമി ആദ്യ വെടി പൊട്ടിച്ചു. മികച്ച രീതിയില്‍ കളിച്ചു വന്ന തമീമിന് താഴ്ന്നു വന്ന ഷമിയുടെ പന്തിനു മറുപടിയില്ലാതായതോടെ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. പിന്നീടെത്തിയ ഷാക്കിബ് തന്റെ മികച്ച ഫോം തുടര്‍ന്നു. ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന പല വിധം ഷോട്ടുകള്‍ കളിച്ചു ഷാക്കിബ് മുന്നേറിയെങ്കിലും ഷാക്കിബിനൊത്ത് മികച്ചൊരു കൂട്ടുകെട്ട് ഉയര്‍ത്താന്‍ ആരെയും ഇന്ത്യ സമ്മതിച്ചില്ല.

മികച്ച രീതിയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ബംഗ്ലാദേശ് ശ്രമിച്ചപ്പോഴൊക്കെ അതിനെ അധികം വളരാന്‍ അനുവദിക്കാതെ ഇന്ത്യ മേല്‍കൈ നേടി. സൗമ്യ സര്‍ക്കാരിനെയും റഹീമിനെയും ലിറ്റന്‍ ദാസിനെയും വലിയൊരു ഇന്നിംഗ്‌സ് കളിക്കാന്‍ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കി.

ലിറ്റണിന്റെ പുറത്താകല്‍ ഒരു കൂട്ടത്തകര്‍ച്ചയിലേക്കാണ് ബംഗ്ലാദേശിനെ നയിച്ചത്. മധ്യനിരയിലെ മൂന്നു വിക്കറ്റുകള്‍ തുടരെ തുടരെ നിലംപൊത്തിയതോടെ ഇന്ത്യ അനായാസം ജയിച്ചു കയറുമെന്നു തോന്നിച്ചെങ്കിലും അവസാന അംഗീകൃത ബാറ്റിംഗ് ജോഡിയായ ഷാബിറും ശൈഫുദീനും ചേര്‍ന്ന് അപ്രതീക്ഷിത പ്രത്യാക്രമണം സംഘടിപ്പിച്ചു. അങ്ങനെ ഇന്ത്യയെ വിറപ്പിക്കാന്‍ അവര്‍ക്കായെങ്കിലും ഷാബിറും നായകന്‍ മൊര്‍താസയും അടുത്തടുത്ത് പുറത്തായതോടെ ബംഗ്ലാ പ്രതീക്ഷകള്‍ അവസാനിച്ചു. എങ്കിലും കെടാന്‍ പോകുന്ന തീ ആളി കത്തുന്ന പോലെ റുബെലിനെ കൂട്ടു പിടിച്ചു അര്‍ധശതകം തികച്ച ശൈഫുദീന്‍ പൊരുതി നോക്കിയെങ്കിലും കാലു തുളയ്ക്കുന്ന ബുമ്രയുടെ രണ്ടു യോര്‍ക്കറുകളില്‍ എല്ലാം അവസാനിച്ചു.

ബാറ്റിങ്ങില്‍ ‘സംപൂജ്യനായ’ പാണ്ഡ്യ അതിന്റെ വിഷമം തീര്‍ത്തത് ബൗളിങ്ങിലാണ്. ഷാക്കിബിന്റേതടക്കം മൂന്നു പ്രധാന വിക്കറ്റുകള്‍ നേടിയ പാണ്ട്യ താന്‍ ഒരു യഥാര്‍ത്ഥ ഓള്‍ റൗണ്ടര്‍ തന്നെയാണെന്ന് തെളിയിച്ചു. അവസാന ഓവറുകളില്‍ ബുംറ ഇടിമിന്നലും പേമാരിയുമായി പെയ്തിറങ്ങുകയും ചെയ്തതോടെ ബംഗ്ലാ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു. കൂടാതെ ഓസ്ട്രേലിയക്ക് പിറകെ സെമി പ്രവേശം സാധ്യമാക്കാന്‍ ഇന്ത്യക്കായി.

തലയുയര്‍ത്തി തന്നെ മടങ്ങാം ബംഗ്ലാദേശിന് ഈ ലോകകപ്പില്‍ നിന്ന്. പലരെയും മുട്ടു കുത്തിച്ച്, ഇന്ത്യയെ പോലും വിറപ്പിച്ചാണ് അവര്‍ കീഴടങ്ങിയത്. ഇനി വരാനിരിക്കുന്ന പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ ഈ രീതിയില്‍ കളിക്കാനായാല്‍ ഒരു പക്ഷേ അവരെയും തോല്‍പ്പിക്കാന്‍ ഇവര്‍ക്കായെന്നു വരാം. താന്‍ എന്തു കൊണ്ടു ലോകത്തെ മികച്ച ഓള്‍ റൗണ്ടര്‍ എന്നു അറിയപ്പെടുന്നു എന്നതെല്ലാവരെയും മനസിലാക്കി തന്ന ഷാക്കിബിന്റെ ലോകകപ്പ് ആയിരുന്നു ഇത്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഒരു പോലെ തിളങ്ങിയ ഷാക്കിബ് ഈ ലോകകപ്പിലെ തന്നെ മികച്ച താരമാണ്.

മറുവശത്തു ഓരോ കളി കഴിയുമ്പോഴും ഇന്ത്യയുടെ ഗുണ ദോഷങ്ങള്‍ വെളിവാകുന്നുണ്ട്. മുന്‍നിരയുടെ ഫോമും ബുംറയുമെല്ലാം ഇന്ത്യയുടെ ഗുണവശങ്ങളാണ്. സെഞ്ചുറികളുടെ തോഴന്‍ കോഹ്ലി മാത്രമല്ല താനുമാണെന്നു തെളിയിക്കുന്ന നാലു എണ്ണം പറഞ്ഞ സെഞ്ചുറികള്‍ നേടിയ രോഹിതും മികച്ച ഫോമില്‍ കളിക്കുന്ന കോഹ്ലിയും സ്റ്റാര്‍ക്കിനെയോ റബാഡയെയോ പോലെ പേസ് ഇല്ലാതിരുന്നിട്ടും തന്റെ വ്യത്യസ്തമായ ആക്ഷന്‍ കൊണ്ടു വിസ്മയം തീര്‍ക്കുന്ന ബുമ്രയും വിക്കറ്റ് വേട്ടക്കാരന്‍ ഷമിയും എല്ലാം ഇന്ത്യയുടെ മുതല്‍ക്കൂട്ടുകളാണ്.

നന്നായി എറിയുന്നുണ്ടെങ്കിലും വിക്കറ്റ് ലഭിക്കുന്നില്ല എന്ന സങ്കടം ഇന്നലത്തോടെ തീര്‍ത്ത ബുംറ ഏതൊരു ബാറ്റ്സ്മാനും പേടി സ്വപ്നമായി തന്നെ നിലകൊള്ളുന്നു. പന്ത് ഫോം വീണ്ടെടുത്തു എന്നതും നാലാം നമ്പറില്‍ ആരെന്ന ചോദ്യത്തിന് ഉത്തരമാകുന്നു.

എന്നാല്‍ അതേസമയം ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഇന്ത്യക്ക് മുന്നില്‍ നിലനില്‍ക്കുന്നു. ഇന്നലെ ഇറങ്ങിയത് പോലെ ഒരു പാര്‍ട്ട് ടൈം ബൗളറുമില്ലാതെ അഞ്ചു പ്രധാന ബൗളര്‍മാരെ മാത്രം ആശ്രയിച്ചു ഇറങ്ങിയാല്‍ അതേതു പരിധി വരെ വിജയിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. അതിലൊരാള്‍ക്ക് പരിക്ക് പറ്റുകയോ കണക്കിനു അടി വാങ്ങി കൂട്ടുകയോ ചെയ്താല്‍ ഇന്ത്യക്ക് വേറൊരാളെയും ആശ്രയിക്കാനില്ല എന്നത് ആശങ്കയുളവാക്കുന്നു.

ബംഗ്ലാദേശിനെതിരെ വിജയമായെങ്കിലും അതു മുന്‍നിര ടീമുകള്‍ക്കെതിരെ നോക്ക് ഔട്ട് റൗണ്ടില്‍ ഫലപ്രദമാകുമെന്നു ചിന്തിക്കാനാകില്ല. കൂടാതെ മുന്‍നിര നല്‍കിയ ശക്തമായ തുടക്കം മുതലാക്കാനാകാതെ മധ്യനിര പതറിയതും ഇന്ത്യക്ക് തലവേദനയാണ്. ഇന്നലത്തെ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച ഇന്ത്യ ശ്രീലങ്കക്കെതിരെയുള്ള അപ്രധാന മത്സരത്തില്‍ പരീക്ഷണങ്ങള്‍ക്ക് തുനിഞ്ഞേക്കും.

അവസരം കിട്ടാത്തവര്‍ക്ക് അവസരം കൊടുക്കാനും ഇപ്പോഴുള്ള ടീമില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരാനും അതു സഹായിക്കും. എല്ലാം തികഞ്ഞവര്‍ ആരുമുണ്ടാവില്ലെങ്കില്‍ കൂടി സെമി ആകുമ്പോഴേക്കും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു ചാമ്പ്യന്‍ ടീമാവാന്‍ ഇന്ത്യക്ക് കഴിയുമെന്നു പ്രത്യാശിക്കാം.

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം