2011ന്റെ ഫീല്‍ ഇല്ലെങ്കിലും സാധനം ഒരേ പൊളി; വേള്‍ഡ് കപ്പിന്റെ തീം സോങ് ഇറങ്ങി മോനേ...
icc world cup
2011ന്റെ ഫീല്‍ ഇല്ലെങ്കിലും സാധനം ഒരേ പൊളി; വേള്‍ഡ് കപ്പിന്റെ തീം സോങ് ഇറങ്ങി മോനേ...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th September 2023, 1:25 pm

ഐ.സി.സി മെന്‍സ് ഒ.ഡി.ഐ വേള്‍ഡ് കപ്പിന്റെ ഒഫീഷ്യല്‍ ആന്തം പുറത്തിറങ്ങി. ഐ.സി.സിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ വഴിയാണ് തീം സോങ് പുറത്തിറങ്ങിയിരിക്കുന്നത്.

ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങ്ങിനെ ഫീച്ചര്‍ ചെയ്തുകൊണ്ടാണ് തീം സോങ് ഒരുക്കിയിരിക്കുന്നത്. രണ്‍വീറിന് പുറമെ ധനശ്രീ വര്‍മ, ഗൗരവ് തനേജ, സ്‌കൗട്ട്, ബി യൂ നിക്ക്, തുടങ്ങിയവരും ഗാനത്തിലുണ്ട്.

പ്രശസ്ത സംഗീത സംവിധായകന്‍ പ്രീതം ചക്രവര്‍ത്തിയാണ് ‘ദില്‍ ജഷ്ന്‍ ബോലെ’ എന്ന ഔദ്യോഗിക ഗാനം രചിച്ചിരിക്കുന്നത്. ഗായകരായ നകാഷ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിത ഗാന്ധി, ആകാശ, ചരണ്‍ എന്നിരാണ് ഗാനമാലപിച്ചിരിക്കുന്നത്.

ശ്ലോക് ലാലും സാവേരി വര്‍മയും ചേര്‍ന്നാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്.

ഒരു ട്രെയിനിന്റെ ബോഗിയുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. രണ്‍വീറിനൊപ്പം ലോകകപ്പിന്റെ മാസ്‌കോട്ടുകളും ഗാനരംഗത്തിലുണ്ട്.

ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകരും ആവേശത്തിലാണ്. 2011 ലോകകപ്പിന്റെ ആന്തമായ ‘ദേ ഖുമാഖേ’യോളം വരില്ലെങ്കിലും ‘ദില്‍ ജഷ്ന്‍ ബോലെ’ തകര്‍പ്പനാണെന്നാണ് ആരാധകര്‍ പറയുന്നത്. വേള്‍ഡ് കപ്പ് ആന്തം പുറത്തിറങ്ങിയതോടെ ലോകകപ്പിനുള്ള ആവേശം ഇരട്ടിയായെന്നും ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

ഒക്ടോബര്‍ അഞ്ചിനാണ് 2023 ലോകകപ്പിന് തുടക്കമാകുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

ഏറെ വിവാദമായ കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് കിരീടം നേടിയിരുന്നു. ഇംഗ്ലണ്ടിലേറ്റ തോല്‍വിക്ക് ഇന്ത്യയില്‍ കണക്കുതീര്‍ക്കാന്‍ തന്നെയാണ് ന്യൂസിലാന്‍ഡ് ഒരുങ്ങുന്നത്.

ഒക്ടോബര്‍ എട്ടിനാണ് ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.

 

Content highlight: ICC World Cup 2023’s official anthem released