| Tuesday, 5th September 2023, 2:14 pm

എല്ലാം പ്രഡിക്ടബിളായിരുന്നു, 'ടീം കേരനിരകള്‍ക്ക്' നിരാശ; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന അതേ സ്‌ക്വാഡ് തന്നെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.

രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന സ്‌ക്വാഡില്‍ ഹര്‍ദിക് പാണ്ഡ്യ ഉപനായകനായി ഉള്‍പ്പെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് സ്‌ക്വാഡില്‍ സ്ഥാനമില്ല. സഞ്ജുവിന് പുറമെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സ്ഥാനം നേടിയ പ്രസിദ്ധ് കൃഷ്ണ, യുവതാരം തിലക് വര്‍മ എന്നിവര്‍ക്കും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

രോഹിത് ശര്‍മ നയിക്കുന്ന സ്‌ക്വാഡില്‍ ശുഭ്മന്‍ ഗില്‍, സീനിയര്‍ താരം വിരാട് കോഹ്‌ലി, നാലാം നമ്പറിലെ വിശ്വസ്ഥന്‍ ശ്രേയസ് അയ്യര്‍, ടി-20 സ്പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ എന്നിവരാകും ടീമിന്റെ ബാറ്റിങ്ങില്‍ കരുത്താവുക.

ബാറ്റിങ് ഡിപ്പാര്‍ട്മെന്റ് കൂടുതല്‍ ശക്തമാക്കുന്നതിനായി ഓള്‍ റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരെയും അപെക്സ് ബോര്‍ഡ് സ്‌ക്വാഡിന്റെ ഭാഗമാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിക്കില്‍ നിന്നും മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പേസ് സെന്‍സേഷന്‍ മുഹമ്മദ് സിറാജും തന്നെയാണ് ബൗളിങ് യൂണിറ്റിനെ നയിക്കുന്നത്. ഇവര്‍ക്ക് പുറമെ മുഹമ്മദ് ഷമിയും പേസ് നിരയുടെ കരുത്താകുമ്പോള്‍, ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിലാണ് ബി.സി.സി.ഐ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.

കെ.എല്‍. രാഹുലിന്റെ പരിക്ക് ഇപ്പോഴും തലവേദനയായി തുടരുന്നുണ്ടെങ്കിലും അദ്ദേഹവും ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാണ്. പരിക്കിന് പിന്നാലെ രാഹുലിന് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Content Highlight: ICC World Cup 2023, India announced squad

Latest Stories

We use cookies to give you the best possible experience. Learn more