ദ്വീപുകളില്‍ വമ്പന്‍ ലങ്ക
ICC WORLD CUP 2019
ദ്വീപുകളില്‍ വമ്പന്‍ ലങ്ക
ഗൗതം വിഷ്ണു. എന്‍
Tuesday, 2nd July 2019, 12:20 pm

ഇതുവരെ ഈ ലോകകപ്പ് സാക്ഷിയായതെല്ലാം പ്രധാന മത്സരങ്ങളായിരുന്നു. ആ മത്സര ഫലം കൊണ്ട് കളിക്കുന്ന ഏതെങ്കിലും ഒരു ടീമിനെങ്കിലും സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കുകയോ അല്ലെങ്കില്‍ അസ്തമിക്കുകയോ ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഈ ലോകകപ്പില്‍ ആദ്യമായി ഒരു അപ്രധാന മത്സരം നടന്നു. ഈ കളിക്ക് മുന്‍പേ തന്നെ ഇരു ടീമുകളും പുറത്തായതോടെ ഈ കളി അപ്രസക്തമായി തീര്‍ന്നു.

എങ്കിലും പോയിന്റ് പട്ടികയില്‍ ഏറ്റവും അടിത്തട്ടിലേക്ക് വീണു പോകാതിരിക്കാന്‍ ലങ്കക്കും വിന്‍ഡീസിനും ജയം അനിവാര്യമായിരുന്നു. അതിനേക്കാളുമുപരി കരീബിയന്‍ ദ്വീപുകാരുടെയും ലങ്കന്‍ ദ്വീപുകാരുടെയും പോരാട്ടമായിരുന്നു ഇത്.

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു എന്നതൊഴിച്ചാല്‍ എടുത്തു പറയത്തക്കതായ പ്രകടനം ഒന്നും കാഴ്ചവക്കാതെ ദയനീയാവസ്ഥയിലായ ലങ്കയും പാക്കിസ്ഥാനെ തകര്‍ത്തു തുടങ്ങിയ പ്രയാണം ദുരന്തപൂര്‍ണമായി അവസാനിച്ചതിന്റെ ആഘാതത്തില്‍ വിന്‍ഡീസും ഇറങ്ങിയപ്പോള്‍ ജയത്തില്‍ കുറഞ്ഞു ഇരുവര്‍ക്കും പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല.

ചെസ്റ്റര്‍ ലേ സ്ട്രീറ്റിലെ റിവര്‍ സൈഡ് ഗ്രൗണ്ടില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കെതിരെ നന്നായി പന്തെറിഞ്ഞ റോച്ചിനെ പരിക്ക് മൂലം നഷ്ടപ്പെട്ടാണ് വിന്‍ഡീസ് ഇറങ്ങിയത്. മറുഭാഗത്തു ഫോമിലില്ലാത്ത തിസാര പെരേരയെ പുറത്തിരുത്തി തിരിമന്നെയെ തിരിച്ചു കൊണ്ടു വന്നാണ് ശ്രീലങ്ക പടയൊരുക്കം നടത്തിയത്.

നായകന്‍ കരുണരത്‌നെയും കുശാല്‍ പെരേരയുമൊത്തുള്ള ഓപ്പണിങ് കൂട്ടുകെട്ട് തന്നെ മികച്ച റണ്‍ റേറ്റില്‍ ലങ്കയെ നൂറിനടുത്തെത്തിച്ച് അടിത്തറ പാകി. ഇരുവരും പെട്ടെന്നു മടങ്ങിയെങ്കിലും പടുകുഴിയിലാണ്ടു പോയ ലങ്കന്‍ ക്രിക്കറ്റിന് പ്രതീക്ഷയുടെ പൊന്‍തിരി നാളം ഈ ലോകകപ്പില്‍ തെളിയിച്ച ആവിഷ്‌ക ഫെര്‍ണാണ്ടോ അരങ്ങു വാണപ്പോള്‍ ലങ്ക ടോപ് ഗിയറിലായി. അവരുടെ ഇതിഹാസങ്ങളായ സംഗയും മഹേലയും ആവിഷ്‌കക്ക് നല്‍കിയ അഭിനന്ദനം അവരുടെ പിന്‍ഗാമിയെ അവര്‍ക്ക് ആവിഷ്‌കയില്‍ ദര്‍ശിക്കാനായി എന്നതിന്റെ സൂചനയാണ്.

വെറും 21 വയസ്സ് പ്രായമുള്ള അദ്ദേഹം മുതിര്‍ന്നവരെ പോലും കയ്യടിപ്പിക്കുന്ന രീതിയില്‍ സ്‌ട്രോക്ക് പ്ലേയിലൂടെയും ഡ്രൈവുകളിലൂടെയും ലോഫ്റ്റഡ് ഷോട്ടുകളിലൂടെയും കളം നിറഞ്ഞു കളിച്ചപ്പോള്‍ ഇന്ത്യക്കെതിരെ മികവു പുലര്‍ത്തിയ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ആ മികവു ആവര്‍ത്തിക്കാനായില്ല. മറുവശത്തു മെന്‍ഡിസും മാത്യൂസുമെല്ലാം ആവിഷ്‌കക്ക് വേണ്ട പിന്തുണ കൊടുക്കാന്‍ തയ്യാറായപ്പോള്‍ ലങ്കയെ വലിയ സ്‌കോറിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന്റെ ശതകത്തിനായി. കിട്ടിയ അവസരം വിനിയോഗിച്ച തിരിമന്നെ അവസാന ഓവറുകളില്‍ കത്തി കേറുക കൂടെ ചെയ്തതോടെ ഒരു കൂറ്റന്‍ വിജയലക്ഷ്യം വിന്‍ഡീസിന് മുന്നില്‍ വക്കാന്‍ അവര്‍ക്കായി.

എന്നാല്‍ യൂണിവേഴ്‌സല്‍ ബോസ്സ് ഉള്‍പ്പെടുന്ന വിന്‍ഡീസ് ബാറ്റിംഗ് നിരക്ക് വേണമെന്നു വിചാരിച്ചാല്‍ അപ്രാപ്യമായി ഒന്നുമില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതോടെ ബാക്കി ചുമതല മലിംഗയുടെ നേതൃത്വത്തിലുള്ള ബൗളര്‍മാരുടെ ചുമലിലായി. ആംബ്രിസിനെയും ഹോപ്പിനെയും പെട്ടെന്നു പുറത്താക്കി മലിംഗ തന്നെ ലങ്കയ്ക്ക് മേല്‍കൈ സമ്മാനിച്ചു. പതിവു പോലെ പന്ത് ടൈം ചെയ്യാന്‍ കഴിയാതിരുന്ന ഗെയ്ല്‍ പതിയെ ആണ് തുടങ്ങിയത്. എന്നാല്‍ നിലയുറപ്പിച്ച ശേഷം ആക്രമിക്കാന്‍ ആരംഭിച്ച ഗെയ്ല്‍ ലങ്കയ്ക്ക് ഭീഷണി ആകുമെന്ന് തോന്നിച്ചെങ്കിലും നിരന്തരമായി വഴങ്ങേണ്ടി വന്ന ഡോട്ട് ബോളുകള്‍ ഗെയ്ലിന്റെ ക്ഷമ കെടുത്തിയപ്പോള്‍ കൂറ്റന്‍ അടിക്ക് ശ്രമിച്ചു അദ്ദേഹം പുറത്തായി.

ആവശ്യമില്ലാത്ത റണ്ണിനോടി ഔട്ടാകുന്ന ശീലം ഹെട്മയര്‍ തുടര്‍ന്നപ്പോള്‍ വിന്‍ഡീസ് പ്രതിസന്ധിയിലായി. എന്നാല്‍ ആവിഷ്‌ക, ലങ്കയ്ക്ക് വേണ്ടി എങ്ങനെ കളിച്ചോ അതിന്റെ വിന്‍ഡീസ് പതിപ്പ് നിക്കോളാസ് പൂരന്‍ എന്ന വിന്‍ഡീസിന്റെ ഭാവി വാഗ്ദാനം വെളിവാക്കിയപ്പോള്‍ മത്സരത്തിന് വാശിയേറി. മറുവശത്തു നിന്നു പിന്തുണ നല്‍കാന്‍ ഒരു പരിധി വരെ നായകന്‍ ഹോള്‍ഡര്‍ക്കും കിവികള്‍ക്കെതിരെ സെഞ്ച്വറി അടിച്ച ബ്രാത്വയ്റ്റിനും കഴിഞ്ഞെങ്കിലും അതു നീട്ടി കൊണ്ടു പോകാനാകാതെ ഇരുവരും കീഴടങ്ങി.

എന്നാല്‍ ഫാബിയന്‍ അലന്‍ എന്ന വാലറ്റക്കാരനെ കൂട്ടുപിടിച്ച് പൂരന്‍ പിന്നെയും മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ റണ്‍ ഔട്ട് ശാപം വിട്ടൊഴിയാതെ വിന്‍ഡീസ് ഉഴറിയപ്പോള്‍ ഇത്തവണ അതിനു ഇരയായത് അലനായിരുന്നു. പിന്നാലെ തോമസും കൂടാരം കയറിയപ്പോള്‍ ഭാരം മുഴുവന്‍ പൂരന്റെ മാത്രം ചുമലിലായി. എങ്കിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്തു ശതകം സ്വന്തമാക്കിയ പൂരന്‍ വിന്‍ഡീസിനെ വിജയത്തിലെത്തിക്കുമെന്ന ഘട്ടത്തിലാണ് 2017 ഡിസംബറിന് ശേഷം പന്തെറിഞ്ഞിട്ടില്ലാത്ത മാത്യൂസിന്റെ കയ്യില്‍ ലങ്കന്‍ നായകന്‍ പന്തേല്‍പ്പിക്കുന്നത്.

ഈ ഓവറില്‍ നന്നായി സ്‌കോര്‍ ചെയ്തു പൂരന്‍ ജയം ലങ്കയില്‍ നിന്നകറ്റുമെന്നു പ്രതീക്ഷിച്ചവരെയെല്ലാം ഞെട്ടിച്ചു കൊണ്ടു ആദ്യ പന്തില്‍ തന്നെ മാത്യൂസ് പൂരനെ പുറത്താക്കി. വിന്‍ഡീസ് ക്യാമ്പ് ഒന്നടങ്കം നടുങ്ങിയ ആ നിമിഷമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നു മുക്തി നേടാന്‍ അവരുടെ വാലറ്റത്തിനു ശേഷി ഉണ്ടായില്ല. അതോടെ അവര്‍ ജയം കൈ വിടുകയും ചെയ്തു.

ലോകകപ്പിനു മുന്‍പേയുള്ള ലങ്കയുടെ സാഹചര്യം കണ്ടിട്ടുള്ളവര്‍ ഈ ലോകകപ്പില്‍ ഇതിലും ദയനീയമായ പ്രകടനമാകും അവരില്‍ നിന്നു പ്രതീക്ഷിച്ചിട്ടുണ്ടാകുക. എന്നാല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതടക്കം വിലപ്പെട്ട 8 പോയിന്റുകള്‍ കരസ്ഥമാക്കിയ അവര്‍ വിചാരിച്ചതിലും നന്നായി കളിക്കുന്നുണ്ട്. ഈ പ്രായത്തിലും ലങ്കന്‍ ബൗളിംഗ് അറ്റാക്കിനെ മലിംഗ തന്നെ നയിക്കുന്നതും ആവിഷ്‌കയെ പോലുള്ള കളിക്കാരുടെ ഉദയവും എല്ലാം ലങ്കയെ സംബന്ധിച്ചിടത്തോളം മികച്ച സൂചനകളാണ്.

തീവ്രവാദ ആക്രമണത്തിലും ആഭ്യന്തര പ്രശ്‌നങ്ങളിലും പെട്ടു ഉഴലുന്ന, സര്‍വോപരി ക്രിക്കറ്റിന്റെ തലപ്പത്തു ഇരിക്കുന്നവര്‍ തന്നെ ഉത്തരവാദിത്തമില്ലായ്മ കാണിക്കുന്ന അവരുടെ കളിക്കാരില്‍ നിന്നു ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അവര്‍ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട് ഇതു വരെ ഈ ലോകകപ്പില്‍.

എന്നാല്‍ നേരെ വ്യത്യസ്തമാണ് വിന്‍ഡീസിന്റെ കാര്യങ്ങള്‍. ബോര്‍ഡുമായി പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും അവരുടെ ടീമില്‍ പ്രതിഭാസമ്പത്തിനു കുറവൊന്നുമില്ല. പ്രത്യേകിച്ചും ബാറ്റിങ്ങില്‍. എന്നാല്‍ ഒട്ടും പ്രൊഫഷണല്‍ അല്ലാതെ കളിയെ സമീപിക്കുന്ന ഒരു പ്രവണതയാണ് അവരുടെ കളിക്കാരില്‍ കാണാന്‍ സാധിക്കുന്നത്.

ഓരോ കളിയിലും അനാവശ്യമായി ഉണ്ടാക്കുന്ന റണ്‍ ഔട്ടുകളും ചെറിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ പോലും വമ്പനടിക്ക് ശ്രമിച്ചു വിക്കറ്റ് തുലക്കുന്നതുമെല്ലാം ഇതിനുദാഹരണങ്ങളാണ്. കൂടാതെ അവരുടെ ‘കാടന്‍’ അടിക്കാരില്‍ നിന്നു വ്യത്യസ്തനായി മികച്ച സ്‌ട്രോക്ക് പ്ലേ കൈ വശമുള്ള, ഈ ലോകകപ്പില്‍ വിന്‍ഡീസിന്റെ പ്രതീക്ഷയാകുമെന്നു എല്ലാവരും ചിന്തിച്ച ഷായി ഹോപ്പിന്റെ നിരന്തരമായ പരാജയപ്പെടലും അവരുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു.

ലോകകപ്പിനു മുന്‍പേ നടന്ന പരമ്പരകളിലൊക്കെ വിന്‍ഡീസിനെ ഒറ്റക്ക് തോളിലേറ്റിയ ഹോപ്പിനു ഈ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മികച്ച രീതിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ഗെയ്ലിനും ലഭിച്ച മികച്ച തുടക്കങ്ങള്‍ മുതലാക്കാനാകാതെ പോയതും റസ്സലിന്റെ പരിക്കുമെല്ലാം അവര്‍ക്ക് തിരിച്ചടിയായി.

തീര്‍ത്തും അപ്രധാന മത്സരമായിരുന്നിട്ടു കൂടി കളിയുടെ രണ്ടാം പകുതിയില്‍ ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തേക്കാള്‍ ആവേശം ജനിപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചു. ഇരുവരും പൊരുതി തന്നെ കളിച്ചു എന്നത് ഏതൊരു ക്രിക്കറ്റ് ആസ്വാദകനും സന്തോഷം പ്രദാനം ചെയ്യുന്നു.

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം