| Friday, 5th July 2019, 10:39 pm

പാകിസ്താന് ജയം; സെമിയിലേക്കില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ലോര്‍ഡ്‌സ്: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിന് 94 റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 315 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന് 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഇരുടീമുകളും സെമി കാണാതെ പുറത്തായി. 11 പോയന്റുള്ള പാകിസ്താന് മോശം റണ്‍റേറ്റാണ് വിനയായത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തിരുന്നു. ഈ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി കണ്ടെത്തിയ പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ ഇന്നിങ്സാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

100 പന്തില്‍ 100 റണ്‍സെടുത്ത ഇമാം സെഞ്ചുറി തികച്ചതിനു പിന്നാലെ ഹിറ്റ് വിക്കറ്റാകുകയായിരുന്നു. താരത്തിന്റെ ഏഴാം സെഞ്ചുറിയാണിത്. ബാബര്‍ അസം 96 റണ്‍സെടുത്തു പുറത്തായി.

ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട 157 റണ്‍സെടുത്തു. ഇമാദ് വസീം 26 പന്തില്‍ 43 റണ്‍സെടുത്ത് സ്‌കോര്‍ ഉയര്‍ത്തി.

ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഏകദിനത്തില്‍ മുസ്തഫിസുര്‍ 100 വിക്കറ്റുകള്‍ തികയ്ക്കുകയും ചെയ്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ തമീം ഇഖ്ബാലിനും (8), സൗമ്യ സര്‍ക്കാരിനും (22) പിടിച്ചുനില്‍ക്കാനായില്ല. ഒരിക്കല്‍ കൂടി മനോഹരമായ ഇന്നിംഗ്‌സ് കാഴ്ചവെച്ച ഷാകിബ് അല്‍ ഹസല്‍ 64 റണ്‍സെടുത്ത് പുറത്തായി.

പാകിസ്താനായി ഷഹീന്‍ അഫ്രീദി ആറ് വിക്കറ്റ് വീഴ്ത്തി.

We use cookies to give you the best possible experience. Learn more