ലോകകപ്പ് അതിന്റെ അവസാനത്തോടടുക്കുകയാണ്. മെയ് 30 നു 10 ടീമുകളെയും വഹിച്ചു കൊണ്ടു തുടങ്ങിയ ആ യാത്രയില്‍ ഇപ്പോള്‍ നാലു ടീമുകളായി ചുരുങ്ങിയിരിക്കുന്നു. തങ്ങളുടെ കഴിവുകള്‍ പരസ്പരം മാറ്റുരച്ചു നോക്കി അതില്‍ തനി തങ്കമായി മിന്നിത്തിളങ്ങിയ നാലു ടീമുകള്‍ രണ്ടു ജയമകലെ ലോകകിരീടം ഇരിപ്പുണ്ടെന്ന പ്രലോഭനത്തില്‍ സര്‍വ്വം മറന്നു നില്‍ക്കുകയാണ്, കയ്യും മെയ്യും മറന്നു പോരാടാന്‍ ഉറച്ചു തന്നെ.
നാലു ടീമുകളും തുല്യശക്തികളാണെന്നിരിക്കെ ലോകജേതാവാരാകുമെന്നത് പ്രവചനാതീതം ആയി തീര്‍ന്നിരിക്കുന്നു. ഒരു സംശയവും കൂടാതെ തന്നെ പറയാം, ലോകത്തെ ഏറ്റവും മികച്ച നാലു ടീമുകളെന്നു അവകാശപ്പെടാവുന്ന നാല്‍വര്‍ സംഘം തന്നെയാണ് സെമിയില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്. എന്നാല്‍ ആരും എല്ലാ കാലത്തും അജയ്യരല്ല എന്നതും എല്ലാവര്‍ക്കും ശക്തിദൗര്‍ബല്യങ്ങള്‍ ഉണ്ടെന്നതും അവരുടെ ഗുണദോഷങ്ങള്‍ അപഗ്രഥിച്ചു പഠിക്കുക എന്നത് അത്യാവശ്യമാക്കുന്നു.
ആദ്യ ഫൈനലിസ്റ്റുകളാകാന്‍ ആഗ്രഹിച്ചിറങ്ങുന്ന ഇന്ത്യയെയും ന്യൂസിലാന്റിനെയുമാണ് ഈ അവസരത്തില്‍ വിശദമായി വിലയിരുത്തുന്നത്.
ഇന്ത്യ
ലോകചാമ്പ്യന്മാരാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്ന സംഘം. ലോകകപ്പിനു മുന്‍പ് നടന്ന ഏകദിന പരമ്പരകളുടെ കണക്കെടുത്തു നോക്കിയാല്‍ ഇംഗ്ലണ്ടില്‍ ആതിഥേയരോട് പൊരുതി കീഴടങ്ങിയതും നാട്ടിലെ അവസാന പരമ്പരയില്‍ 2-0 നു മുന്നിട്ടു നിന്ന ശേഷം അവിശ്വനീയമാംവിധം ഓസീസിനോട് കീഴടങ്ങിയതും മാത്രമാണ് പോരായ്മ. വിദേശത്തു പോയാല്‍ മുട്ടിടിക്കുന്നവരെന്ന അപഖ്യാതി മാറ്റി ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം വിജയചരിത്രം രചിച്ച ഇന്ത്യയുടെ പുലിക്കുട്ടികള്‍ക്ക് അവരുടെ വീരഗാഥകളുടെ തുടര്‍ച്ചയായിരുന്നു ലോകകപ്പിലും.
ഐ. പി. എല്‍. ക്ഷീണത്തില്‍ നിന്നു മുക്തി നേടാന്‍ മറ്റെല്ലാ ടീമുകളെ അപേക്ഷിച്ചു വൈകി മാത്രം കപ്പിലേക്കുള്ള യാത്ര ആരംഭിച്ച അവര്‍ തൊട്ടതെല്ലാം പൊന്നാക്കി കൊണ്ടു തന്നെയാണ് മുന്നോട്ടു പോയത്. ഈ ലോകകപ്പില്‍ അവര്‍ നേരിട്ട ഏക തോല്‍വി ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. അതിലൂടെയും കിവികള്‍ക്കെതിരെയുള്ള മത്സരം മഴയെടുത്തത് മൂലം നഷ്ടപ്പെട്ട ഒരു പോയിന്റും മാത്രമാണ് ഇന്ത്യക്ക് ആദ്യ ഘട്ടത്തില്‍ കൈമോശം വന്നത് എന്നതു തന്നെ ഇന്ത്യന്‍ ആധിപത്യത്തിന്റെ വ്യക്തമായ തെളിവുകള്‍ നിരത്തുന്നു.
ശക്തി
എല്ലാ കാലത്തെയും പോലെ ബാറ്റിങ്ങിലെ മുന്‍നിര അതിശക്തമാണ് എന്നതു തന്നെയാണ് ടീമിന്റെ വിജയരഹസ്യം. ലോകത്തെ മികച്ച ഏകദിന ബാറ്റ്സ്മാന്മാരില്‍ ഒന്നും രണ്ടും സ്ഥാനം കയ്യാളുന്നവര്‍ ഇന്ത്യയുടെ നായകനും ഉപനായകനും ആണെന്നത് ഇന്ത്യന്‍ കരുത്തിനു അടിവരയിടുന്നു. ഐ. സി. സി. ടൂര്‍ണമെന്റുകളില്‍ എന്നും മികച്ച റെക്കോര്‍ഡുള്ള ധവാന്‍ തുടക്കത്തിലേ പരിക്ക് പറ്റി മടങ്ങിയെങ്കിലും ആ കുറവു നികത്താന്‍ രാഹുലിനാകുന്നുണ്ടെന്നത് അവസരത്തിനായി ഇന്ത്യയുടെ പിന്നണിയില്‍ നില്‍ക്കുന്നവരും എത്രത്തോളം പ്രതിഭാസമ്പന്നരാണെന്നത് മനസിലാക്കി തരുന്നു. അവസാന ഓവറുകളില്‍ ആളിക്കത്താന്‍ പ്രാപ്തനായ പാണ്ഡ്യയും ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തുന്നു.
ആ കൂട്ടത്തില്‍ രോഹിത് ആണ് ഈ ലോകകപ്പിലെ താരമായി നില്‍ക്കുന്നത്. ഐ. പി. എല്ലിലെ ഫോമിലില്ലായ്മയെ തുടര്‍ന്നു ഒരുപാട് പഴികേട്ട രോഹിതിനെ അല്ല ഇംഗ്ലണ്ടില്‍ കാണാന്‍ സാധിക്കുന്നത്. ന്യൂസിലന്ഡിനെതിരെ മഴ മൂലം ഉപേക്ഷിച്ച മത്സരം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യ ഈ ലോകകപ്പില്‍ ഇതു വരെ കളിച്ചത് 8 മത്സരങ്ങള്‍. അതില്‍ അഞ്ചിലും സെഞ്ച്വറി നേടി ഹിറ്റ്മാന്‍ അവിശ്വനീയതയുടെ മറ്റൊരു വാക്കായി മാറിയിരിക്കുന്നു. സെഞ്ച്വറി മെഷീന്‍ എന്നു വിളിപ്പേരുള്ള കോഹ്ലിക്ക് ഒരവസരവും നല്കാതെയുള്ള രോഹിത്തിന്റെ പടയോട്ടമാണ് ഈ ലോകകപ്പില്‍ കാണാന്‍ സാധിക്കുന്നത്.
നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ലോകക്രിക്കറ്റില്‍ ഇത്രയും അപകടകാരിയായ മറ്റൊരാള്‍ ഇല്ല എന്നത് ഊട്ടിയുറപ്പിച്ചു കൊണ്ട് ഡ്രൈവുകളിലൂടെയും ഫ്‌ലിക്കുകളിലൂടെയും കട്ട് ഷോട്ടുകളിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന പുള്‍ ഷോട്ടിലൂടെയും ഇംഗ്ലണ്ടിലെ കാണികളെ ത്രസിപ്പിക്കുന്ന രോഹിത് തന്നെയാണ് ഇന്ത്യയുടെ നിര്‍ണായക ശക്തി.
മറുവശത്തു ധവാനു പകരമെത്തിയ രാഹുലും മോശമാക്കുന്നില്ല. രോഹിത് ആടിത്തിമിര്‍ക്കുന്ന നേരത്ത് സ്‌ട്രൈക്ക് കൈമാറി ഒരു കാഴ്ചക്കാരന്റെ വേഷം ഭംഗിയായി നിര്‍വഹിക്കാന്‍ ഒരു പ്രത്യേക വിരുതുള്ള ഈ കര്‍ണാടകക്കാരനും പിന്നാലെയെത്തുന്ന ലോകത്തിലെ തന്നെ മികച്ച ബാറ്റ്‌സ്മാന്‍ കോഹ്ലിയും. കോഹ്ലിയുടെ കഴിവു വച്ചു വെറുമൊരു ശരാശരി ലോകകപ്പ് മാത്രമായിരുന്നു ഇത്. തുടര്‍ച്ചയായി അഞ്ചു അര്‍ദ്ധശതകങ്ങള്‍ നേടിയെങ്കിലും തന്റെ ഇഷ്ട സംഖ്യയായ ശതകത്തില്‍ എത്താന്‍ ഇതു വരെ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.
എല്ലാ കാലത്തും മികവു പുറത്തെടുത്തിട്ടുള്ള ബാറ്റിംഗ് നിര ഇപ്പോഴും അങ്ങനെ നിലനില്‍ക്കുന്നതില്‍ ആര്‍ക്കും അദ്ഭുതമൊന്നും തോന്നില്ലെങ്കിലും ഒരു കാലത്ത് പേരിനു മാത്രം കൊണ്ടു നടക്കേണ്ടി വന്നിരുന്ന ബൗളര്‍മാരുടെ സംഘത്തില്‍ നിന്നും ഇന്നത്തെ ടീം ഒരുപാട് മാറി. ബാറ്റിംഗ് നിര എത്ര റണ്‍സ് അടിച്ചു കൂട്ടിയാലും ബൗളിങ്ങില്‍ അതു വാരിക്കോരി കൊടുക്കാന്‍ മടിയില്ലാത്ത ബൗളര്‍മാരുടെ കാലം കഴിഞ്ഞു. അതില്‍ ഏറ്റവും എടുത്തു പറയേണ്ട ഒരു പേരുണ്ട്, ജസ്പ്രീത് ബുംറ. ഐ. പി. എല്ലിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ പ്രതിഭ വിളിച്ചോതുന്ന പ്രകടനം പുറത്തെടുത്ത താരം.
ഐ. പി. എല്ലില്‍ മലിംഗക്ക് കീഴില്‍ പരിശീലിക്കാന്‍ ലഭിച്ച അവസരം മുതലെടുത്തതിനു ലഭിച്ച പ്രതിഫലം നിരന്തരമായി യോര്‍ക്കര്‍ എറിയാനുള്ള വൈഭവമായിരുന്നു. ഓരോവറിലെ ആറു പന്തും ലോകത്തെ ഏതു മികച്ച ബാറ്റ്സ്മാനെയും തറപറ്റിക്കുന്ന യോര്‍ക്കറുകള്‍ സമീപകാല ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ മാത്രം സവിശേഷതയാണ്. ഒരു എന്‍ഡില്‍ ബുംറ ഡോട്ട് ബോളുകള്‍ കൊണ്ടു തീര്‍ക്കുന്ന സമ്മര്‍ദ്ദത്തെ അതിവിദഗ്ധമായി വിക്കറ്റിലെത്തിക്കുന്ന വിരുതനാണ് ഷമി. കൃത്യമായി എതിര്‍ ടീമിലെ ബാറ്റ്‌സ്മാനെ വലയില്‍ വീഴ്‌ത്തേണ്ടതെങ്ങനെയെന്ന് കൃത്യമായ ധാരണയുള്ള ഷമി ഇന്ത്യക്ക് വേണ്ടി ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ്.
ഭുവനേശ്വറും ചാഹലുമെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നത് ബൗളിംഗ് നിരയെ സന്തുലിതമാക്കുന്നു. ഈ ലോകകപ്പിലെ തന്നെ മികച്ച ഫീല്‍ഡിങ് നിരകളിലൊന്നാണ് ഇന്ത്യ. ജഡേജയും പാണ്ട്യയും കോഹ്ലിയുമടങ്ങുന്ന ഫീല്‍ഡിങ് ഒരുപാട് മികച്ച പ്രകടനങ്ങള്‍ ഇതിനോടകം കാഴ്ച വച്ചു കഴിഞ്ഞു.
ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കുന്ന കോഹ്ലിയുടെ നായകപാടവവും കോഹ്ലിക്ക് വേണ്ട തന്ത്രങ്ങള്‍ ഉപദേശിക്കുന്ന ക്രിക്കറ്റ് ചാണക്യന്‍ ധോണിയും ഉയരങ്ങള്‍ കീഴടക്കാന്‍ ഇന്ത്യയെ സഹായിക്കുന്നു.
ദൗര്‍ബല്യം
ബാറ്റിങ്ങിലെ മധ്യനിരയാണ് ഇന്ത്യയുടെ പ്രധാന തലവേദന. യുവരാജിന് ശേഷം ബാറ്റിങ്ങിലെ നാലാം നമ്പറില്‍ ഒരു സ്ഥിരം സാന്നിധ്യമാകാന്‍ പിന്നീടു വന്ന ഒരാള്‍ക്കും കഴിയാത്തത് ഇപ്പോഴും ആശങ്കപ്പെടുത്തുന്ന ഘടകമാണ്. നിലവില്‍ പന്ത് അവിടെ ഭേദപ്പെട്ട പ്രകടനം കാഴ്ച വക്കുന്നുണ്ടെങ്കില്‍ പോലും സ്ഥാനമുറപ്പിക്കാറായിട്ടില്ല. ലോകകപ്പ് നോക്ക് ഔട്ട് പോലെ നിര്‍ണായക കളികളില്‍ പന്തിനു സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകുമോ എന്നത് കണ്ടറിയേണ്ട സംഗതിയാണ്.
ഫിനിഷര്‍ ധോണിയുടെ പാടവം നഷ്ടപ്പെട്ടതും ഇന്ത്യക്ക് തിരിച്ചടിയാകുന്നു. റണ്‍ നിരക്ക് ഉയര്‍ത്തേണ്ട ഘട്ടങ്ങളില്‍ പതിയെ കളിക്കുന്ന ധോണി പലപ്പോഴും ഇന്ത്യന്‍ ടീമിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തുന്നു. കൂടാതെ മറ്റു ടീമുകളുടെ വാലറ്റവും ബാറ്റിങ്ങില്‍ ഒരു വെടിക്കുള്ള മരുന്നുമായാണ് ഇറങ്ങുന്നതെങ്കില്‍ ഇന്ത്യക്ക് അതില്ല. ഷമിയും ബുമ്രയും ചാഹലും കുല്‍ദീപും ഒക്കെ ബാറ്റ് ചെയ്യാന്‍ അറിയാത്ത ബൗളര്‍മാരാണ്.
കൂട്ടത്തില്‍ ഭേദമെന്നു പറയാന്‍ ഭുവനേശ്വര്‍ മാത്രമാണ് ഉള്ളത്. അതോടെ മധ്യനിര ബാറ്റ്സ്മാന്മാര്‍ക്ക് സമ്മര്‍ദ്ദമിരട്ടിക്കുന്നു. അവരുടെ വിക്കറ്റ് പോയാല്‍ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകരുമെന്നത് മെല്ലെ കളിക്കാന്‍ അവരെ നിര്‍ബന്ധിതരാകുന്നു.
ബൗളിങ്ങിലും ഇന്ത്യക്ക് വേവലാതി ഇല്ല എന്നു പറയാനാകില്ല. വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ടെങ്കിലും റണ്‍സ് വിട്ടു കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാത്ത ഷമി അവസാന ഓവറുകളിലെ അനിയന്ത്രിതമായ റണ്‍ ഒഴുക്കിനു കാരണക്കാരനാകുന്നു. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപിനും ചാഹലിനും മികവിലേക്കുയരാനാകുന്നില്ല എന്നതും അവര്‍ കണക്കിന് അടി വാങ്ങി കൂട്ടുന്നുണ്ടെന്നതും ഇന്ത്യക്ക് വെല്ലുവിളിയാണ്.
വിക്കറ്റിനു പിന്നില്‍ മഹാമേരു കണക്കെ നിന്നിരുന്ന ധോണിയുടെ കൈകള്‍ സ്ഥിരമായി ചോരുന്നുണ്ടെന്നതും ഒരുപാട് ബൈ റണ്‍സ് വഴങ്ങുന്നുണ്ടെന്നതും ഇന്ത്യ പരിഹരിക്കേണ്ട വിഷയം തന്നെയാണ്. ചാഹലിനെയും ജാദവിനെയും പോലെയുള്ള സ്ലോ ഫീല്‍ഡര്‍മാര്‍ ഫീല്‍ഡിങ് യൂണിറ്റിന്റെ ഒത്തിണക്കത്തേയും ബാധിക്കുന്നു.
ബാറ്റിങ്ങിലെ നാലാം നമ്പര്‍ പോലെ തന്നെ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ആറാം ബൗളറെ ഉള്‍പ്പെടുത്തുന്ന ഘടകം. അതിനായി ടീമിലെടുത്ത ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക് പറ്റിയതും ജാദവ് ഫോമിലല്ലാത്തതും ജഡേജയെ ഒരു ബാറ്റ്സ്മാനെന്ന രീതിയില്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതും ഇന്ത്യ സെമിയില്‍ എങ്ങനെ മറികടക്കുമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മുന്‍ കളികളില്‍ ഇറങ്ങിയത് പോലെ കേവലം അഞ്ചു ബൗളര്‍മാരെ വച്ചിറങ്ങിയാല്‍ അതു ആത്മഹത്യാപരമാകും. അതിലൊരാള്‍ക്ക് പരിക്കു പറ്റുകയോ അടി വാങ്ങി കൂട്ടുകയോ ചെയ്താല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അതോടെ അവസാനിക്കും.
സാധ്യത ഇലവന്‍ : രോഹിത്, രാഹുല്‍, കോഹ്ലി, പന്ത്, ധോണി, പാണ്ഡ്യ, ജഡേജ, ഭുവനേശ്വര്‍, ഷമി, ചാഹല്‍, ബുംറ.
ന്യൂസിലാന്‍ഡ്
ആദ്യ ആറു കളികളില്‍ അജയ്യരായി മുന്നേറി ഒടുവില്‍ മൂന്നു കളികളില്‍ തുടര്‍തോല്‍വികള്‍ നേരിട്ടിട്ടും മികച്ച നെറ്റ് റണ്‍ നിരക്കിന്റെ പിന്‍ബലത്തിലാണ് അവര്‍ സെമിയിലെത്തിയത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ അവര്‍ക്ക് ഇത്തവണ അധികമാരും പ്രതീക്ഷ കല്പിച്ചിരുന്നില്ല. സെമിയിലെത്തുമെന്നുള്ള പ്രവചനമുണ്ടായിരുന്നെങ്കിലും അവര്‍ ജേതാക്കളാകുമെന്നാരും വിശ്വസിക്കുന്നില്ല.
ശക്തി
മുന്നേറ്റ നിരയില്‍ പ്രതിഭാസമ്പത്തും പരിചയസമ്പത്തും സമം ചേര്‍ത്തു വിളക്കി ചേര്‍ത്ത ഏതാനും പേരുടെ തണലിലാണ് അവര്‍ നിലകൊള്ളുന്നത്. ഏകദിനത്തിലെ ചുരുക്കം ചില ഇരട്ടസെഞ്ചുറിക്കാരില്‍ ഒരാളായ ഗപ്ടിലും വമ്പനടിക്കാരന്‍ മുന്റോയും ഉള്‍ക്കൊള്ളുന്ന ഓപ്പണിങ് സഖ്യം. പിന്നാലെയെത്തുന്ന സമീപകാല ക്രിക്കറ്റിലെ ഫാബുലസ് ഫോറില്‍ ഒരുവനായ നായകന്‍ വില്യംസണ്‍.
മികച്ച ഫോമിലുള്ള നായകന്‍ തന്നെയാണ് അവരുടെ നട്ടെല്ല്. ഈ ലോകകപ്പില്‍ തന്നെ പലപ്പോഴായി തകര്‍ച്ചയില്‍ നിന്നും ടീമിനെ ഒറ്റക്ക് കരകയറ്റിയിട്ടുള്ള അദ്ദേഹത്തിന്റെ മുഖമുദ്ര സ്ഥിരതയാണ്. പിന്നാലെയെത്തുന്ന ടെയ്ലര്‍ കാലങ്ങളായി ന്യൂസിലന്‍ഡിന്റെ പല വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ആളാണ്. അദ്ദേഹത്തെ പിന്തുടര്‍ന്നെത്തുന്ന വിക്കറ്റ് കീപ്പര്‍ ലതാമും പക്വതയാര്‍ന്ന രീതിയില്‍ കളിക്കാന്‍ ശേഷിയുള്ളയാളാണ്. ഒടുക്കം ആളിക്കത്താനും മുന്‍നിര തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന പക്ഷം വേണ്ടി വന്നാല്‍ നങ്കൂരമിട്ടു ടീമിനെ കരക്കടുപ്പിക്കാനും ശേഷിയുള്ള ഓള്‍ റൗണ്ടര്‍മാരായ നീഷാമും ഗ്രാന്‍ഡ്ഹോമും കൂടി ചേരുന്നതോടെ സമ്പൂര്‍ണമാകുന്ന ബാറ്റിംഗ് നിരയും കൗശലക്കാരനായ വില്യംസണിന്റെ നായകപാടവവും പണ്ടേ ഫീല്‍ഡിങ്ങില്‍ മികവു പുലര്‍ത്തുന്ന ശീലവും അവരെ ശക്തരാക്കുന്നു
ഇതിനെല്ലാം പുറമെ എടുത്തു പറയേണ്ട ഘടകം ബൗളിംഗാണ്. ബോള്‍ട്ട്, ഫെര്‍ഗൂസന്‍, ഹെന്റി ത്രയം നയിക്കുന്ന ബൗളിംഗ് മാരക ഫോമിലാണ്. സന്നാഹ മത്സരത്തില്‍ ഇന്ത്യയെ എറിഞ്ഞിട്ട ഇവര്‍ ഈ ലോകകപ്പിലുടനീളം മികവു പുലര്‍ത്തി. പരസ്പര സഹകരണത്തോടെ ഒരാള്‍ റണ്‍ വിട്ടു കൊടുക്കാതെ പന്തെറിഞ്ഞു മറ്റേ ആള്‍ക്ക് വിക്കറ്റെടുക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്ന രീതി അവലംബിക്കുന്ന ഇവര്‍ നിസ്വാര്ഥതയുടെ പര്യായങ്ങള്‍ ആകുമ്പോള്‍ ന്യൂസിലാന്‍ഡ് ജയങ്ങള്‍ ആവര്‍ത്തിച്ചു. ഇടം കയ്യന്‍ പേസര്‍മാരെ നേരിടാനുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ വൈമുഖ്യം ബോള്‍ട്ടിലൂടെ മുതലെടുക്കാനാകും അവര്‍ ശ്രമിക്കുക. ഇവര്‍ക്ക് പിന്തുണയുമായി സ്പിന്നര്‍ സാന്റ്‌നറും ഓള്‍ റൗണ്ടര്‍മാരുമെത്തുന്നതോടെ ഏതു ബാറ്റിംഗ് നിരക്കും ഭീഷണി ആകാന്‍ ഇവര്‍ക്ക് സാധിക്കുന്നു.
ദൗര്‍ബല്യം
കടലാസ്സില്‍ കരുത്തരായ ബാറ്റിംഗ് നിരയുണ്ടെങ്കിലും വില്യംസണും ഒരു പരിധി വരെ ലതാമിനുമല്ലാതെ ആര്‍ക്കും ഫോമിലേക്കുയരാനാകുന്നില്ല എന്നതാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഗപ്ടിലും ടെയ്ലറുമൊന്നും തങ്ങളുടെ പരിചയസമ്പത്തിനെ ഉപയോഗിക്കാന്‍ തയ്യാറകാത്തത് അവരെ പിന്നോട്ടടിക്കുന്നു. ലോകകപ്പിനു തൊട്ടു മുന്‍പ് വരെ മികച്ച ഫോമിലായിരുന്ന ടെയ്ലര്‍ ലോകകപ്പില്‍ തീര്‍ത്തും നിറംമങ്ങിയ അവസ്ഥയിലാണുള്ളത്.
ബൗളിംഗ് ശക്തമാണെങ്കിലും ട്രെന്റ് ബോള്‍ട്ടിന് സ്ഥിരതയില്ലാതെ വരുന്നതും ഫെര്‍ഗൂസനെ നിരന്തരമായി അലട്ടുന്ന പരിക്കും കിവികളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ കല്ലുകടിയാകുമോ എന്നാണ് അറിയേണ്ടത്.
സാധ്യത ഇലവന്‍ : ഗപ്ടില്‍, മുന്റോ, വില്യംസണ്‍, ടെയ്ലര്‍, ലതാം, നീഷാം, ഗ്രാന്‍ഡോം, സാന്റ്‌നര്‍, ഫെര്‍ഗൂസന്‍, ഹെന്റി, ബോള്‍ട്ട്.
മഴ മൂലം ഗ്രൂപ്പ് ഘട്ടത്തില്‍ മുടങ്ങിയ മത്സരം പുനരാവിഷ്‌ക്കരിക്കപ്പെടുകയാണ് ആദ്യ സെമി ഫൈനലിലൂടെ. ന്യൂസിലാന്‍ഡ് ബൗളിങ്ങും ഇന്ത്യന്‍ ബാറ്റിങ്ങും തമ്മിലുള്ള മത്സരമായി കാണുന്ന ഈ സെമി ആരെ വാഴ്ത്തും, ആരെ വീഴ്ത്തുമെന്നറിയാന്‍ അവസാന പന്ത് വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.