പത്ത് ടീമുകളുടെ 45 മത്സരങ്ങള്‍ കഴിഞ്ഞു. ലോകകപ്പ് കിരീടത്തിലേക്ക് ഇനി അവശേഷിക്കുന്നത് നാല് ടീമുകളും, മൂന്ന് മത്സരങ്ങളും… 2019 ലോകകപ്പ് അതിന്റെ സൂപ്പര്‍ ക്ലൈമാക്സിലേക്കടുക്കുകയാണ്…
അഞ്ച് തവണ കിരീടം നേടിയ ആസ്ട്രേലിയ, രണ്ട് തവണ ചാമ്പ്യന്‍മാരായ ഇന്ത്യ, ക്രിക്കറ്റിന് ജന്മം നല്‍കിയവരെങ്കിലും ഇന്നേവരെ ലോകകിരീടം അക്കൗണ്ടിലില്ലാത്ത ഇംഗ്ലണ്ട്, സെമിയില്‍ തോല്‍ക്കുന്നവര്‍ എന്ന ചീത്തപ്പേര് മാറ്റി കഴിഞ്ഞ തവണ റണ്ണേഴ്സ് അപ്പായ ന്യൂസിലാന്റ്.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളാണ് ഇനി പോരാട്ടത്തിനിറങ്ങുന്നത്. റാങ്കിംഗിലെ ആദ്യ നാല് സ്ഥാനത്തുള്ളവര്‍ ലോകകപ്പിലെ അവസാന നാലിലെത്തുമ്പോള്‍ തീപാറുന്ന പോരാട്ടത്തിനപ്പുറമൊന്നും പ്രതീക്ഷിക്കാതെ വയ്യ.
ഒരു കളി മാത്രം പരാജയപ്പെട്ട് ആദ്യറൗണ്ടിലെ ഒന്നാം സ്ഥാനക്കാരായാണ് കോഹ്ലിയും കൂട്ടരും ഇറങ്ങുന്നത്. ബാറ്റിംഗില്‍ മുമ്പേ കുതിക്കുന്ന രോഹിത്, ബൗളിംഗില്‍ എതിരാളികളെ കൂച്ചുവിലങ്ങിട്ട് നിര്‍ത്തുന്ന ബുംറ. ഈ രണ്ട് പേരില്‍ തന്നെ ഇന്ത്യന്‍ ടീമിന്റെ ശക്തി വെളിവാകും. ധവാന്‍ പരിക്കേറ്റ് പിന്‍മാറിയെങ്കിലും ബാറ്റിംഗില്‍ ഇന്ത്യന്‍ ടീം സന്തുലിതമാണ്. മധ്യനിരയാണ് ടീമിനെ പിന്നോട്ടടിപ്പിക്കുന്നത്.
ചൊവ്വാഴ്ച ന്യൂസിലാന്റിനെതിരെ ആദ്യ സെമിയ്ക്കിറങ്ങുമ്പോള്‍ ഇന്ത്യ ഭയക്കുന്നതും മധ്യനിരയുടെ പ്രകടനത്തേയാകും. പകരക്കാരായി വന്ന രാഹുലും, പന്തും, ജഡേജയും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ അന്തിമ ഇലവനെ എങ്ങനെ രൂപപ്പെടുത്തും എന്നതായിരിക്കും ക്യാപ്റ്റനും കോച്ചിനും മുന്നിലുള്ള വെല്ലുവിളി.
മറുവശത്ത് ന്യൂസിലാന്റ് പ്രതിരോധത്തിലാണ്. തുടര്‍വിജയങ്ങളുടെ പെരുമയുമായി വന്ന് അവസാന മൂന്ന് കളികള്‍ തോറ്റ കിവികള്‍ റണ്‍റേറ്റിന്റെ മികവിലാണ് സെമി ഉറപ്പിച്ചത്. നായകന്‍ കെയ്ന്‍ വില്യംസണിന്റെ പ്രകടനാണ് ആശ്വസിക്കാനുള്ളത്. ജിമ്മി നീഷാമും കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമിനും ഒറ്റപ്പെട്ട രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് മാറി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്.
ഇന്ത്യയ്ക്ക് സമാനമായി മധ്യനിര തന്നെയാണ് ന്യൂസിലാന്റിന്റേയും തലവേദന. റോസ് ടെയ്ലറും കൂറ്റനടിക്കാരന്‍ കോളിന്‍ മണ്‍റോയും നിരാശപ്പെടുത്തുന്നു.
ഫെര്‍ഗൂസന്‍ നയിക്കുന്ന ബൗളിംഗ് നിര മികച്ച പ്രകടനം നടത്തുന്നു. 150 കി.മീ വേഗത്തില്‍ പന്തെറിയുന്ന ഫെര്‍ഗുസനാണ് അവസാന ഓവറുകളില്‍ എതിരാളികളെ പ്രതിരോധത്തിലാക്കുന്നത്.