| Thursday, 4th July 2019, 2:22 pm

കിവികളെയും തുരത്തി ഇംഗ്ലണ്ട്

ഗൗതം വിഷ്ണു. എന്‍

പലരെയും സംബന്ധിച്ചിടത്തോളം നിര്‍ണായകമായ മത്സരം. അതായിരുന്നു ഇന്നലത്തേത്. തങ്ങളുടെ പരാജയവും അടുത്ത കളിയില്‍ പാക്കിസ്ഥാന്റെ വിജയവും അവരെ ടൂര്‍ണമെന്റിനു പുറത്തെത്തിക്കുമെന്ന തിരിച്ചറിവില്‍ ഇംഗ്ലണ്ട്, ഒരു പരിധി വരെ സെമി ഉറപ്പിച്ചെങ്കിലും നിര്‍ഭാഗ്യത്തെ പേടിച്ചു ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് തോല്‍ക്കുന്നതും നോക്കി കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന പാക്കിസ്ഥാന്‍. അങ്ങനെ മൂന്നു പേരുടെ വിധി നിര്ണയമാണ് ഒരു മത്സരത്തിലൂടെ സാധ്യമാകാനിരുന്നത്.

അജയ്യരായി ഒരു ഘട്ടത്തില്‍ തേരോട്ടം നടത്തിയിരുന്നവര്‍ പിന്നീട് നേരിടേണ്ടി വന്ന രണ്ടു തുടര്‍ തോല്‍വിയുടെ പാപഭാരം ഒഴുക്കി കളയാനാണ് കിവികള്‍ കച്ചകെട്ടി ഇറങ്ങിയതെങ്കില്‍ ഇന്ത്യക്കെതിരെ പുറത്തെടുത്ത മികവ് ആവര്‍ത്തിച്ചു സെമിയിലൊരിടം ഉറപ്പിക്കാനാണ് ആതിഥേയര്‍ തയ്യാറെടുത്തത്. ഇംഗ്ലണ്ടിനു ജയമല്ലാതെ മറ്റൊരു പോംവഴി ഇല്ല എന്ന അവസ്ഥ ആയിരുന്നെങ്കില്‍ മാന്യമായി തോറ്റാലും സെമിയിലിടം കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു ന്യൂസിലാന്‍ഡ്.

ഇനി സെമി കാണാന്‍ വിദൂര സാധ്യത നിലനില്‍ക്കുന്ന പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അപേക്ഷിച്ചു നെറ്റ് റണ്‍ നിരക്കില്‍ ഒരുപാട് പിന്നിലാണെന്നതായിരുന്നു അതിനു കാരണം. പാക്കിസ്ഥാന്‍ അടുത്ത കളി ജയിച്ചാലും കിവികള്‍ക്കൊപ്പം പോയിന്റ് മാത്രം ലഭിക്കുന്ന അവസ്ഥയില്‍ സെമിയിലേക്ക് മുന്നേറാന്‍ ന്യൂസിലാന്‍ഡിനു തന്നെയാണ് സാധ്യത.

വിന്നിങ് കോമ്പിനേഷന്‍ നിലനിര്‍ത്തിയ മോര്‍ഗന്‍ ടോസ് നേടി പതിവു പടി ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ അവരുടെ ബൗളിങ്ങിലെ കുന്തമുന ഫെര്‍ഗൂസനെ പരിക്ക് മൂലം നഷ്ടപ്പെട്ടു പകരം അനുഭവസമ്പന്നനായ സൗത്തിയെ പകരം കൊണ്ടു വന്നാണ് ന്യൂസിലാന്‍ഡ് ഇറങ്ങിയത്.

ഇന്ത്യക്കെതിരെ നിര്‍ത്തിയ സ്ഥലത്തു നിന്നു തുടങ്ങുകയായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാര്‍. ഇന്ത്യക്കെതിരെ ഉണ്ടായതില്‍ നിന്നും വിഭിന്നമായി ബയര്‍സ്റ്റോ തുടക്കം തൊട്ടേ ആത്മവിശ്വാസത്തോടെ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. റോയിയും മോശമാക്കാതിരുന്നതോടെ ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ റണ്‍ ഒഴുകി. മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ റോയ് -ബയര്‍സ്റ്റോ സഖ്യം പിരിഞ്ഞത് പത്തൊന്‍പതാം ഓവറിലാണ്. എന്നാല്‍ റോയിക്ക് ശേഷം വന്ന റൂട്ടും നല്ല രീതിയില്‍ തുടങ്ങിയതോടെ ബയര്‍സ്റ്റോ മറുവശത്തു ആളിക്കത്തി. തുടര്‍ച്ചയായ രണ്ടാം ശതകവും തികച്ച ബയര്‍സ്റ്റോക്ക് പക്ഷേ റൂട്ടുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം അധിക നേരം പിടിച്ചു നില്‍ക്കാനാകാതെ നിലംപൊത്തി.

റണ്‍ നിരക്ക് ഉയര്‍ത്താനായി സ്ഥാനക്കയറ്റം കിട്ടി വന്ന ബട്ട്‌ലറിനു പക്ഷേ കാര്യമായൊന്നും ചെയ്യാനാകാതെ പോയി. മറുവശത്തു നായകന്‍ മോര്‍ഗന്‍ റണ്‍ നിരക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പന്ത് ടൈം ചെയ്യാനാകാതെ സ്റ്റോക്‌സ് ഇത്തവണ വില്ലന്റെ പരിവേഷം അണിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിന് വേണ്ടത്ര വേഗം കൈവരിക്കാനായില്ല. പിന്നീട് അവസാന ഓവറുകളില്‍ അവരുടെ ബൗളേഴ്സായ ആദില്‍ റഷീദും പ്ലങ്കറ്റും നടത്തിയ ചില വമ്പനടികള്‍ അവരെ മുന്നൂറിലെത്തിച്ചു.

ഒരു ഘട്ടത്തില്‍ 350 നു മുകളില്‍ തോന്നിച്ചവരെ ഈ രീതിയില്‍ തളച്ചിട്ടു കിവി ബൗളര്‍മാര്‍ വമ്പു കാട്ടി. മുന്‍നിര ബൗളര്‍മാര്‍ ആദ്യം തല്ലുവാങ്ങി കൂട്ടിയപ്പോള്‍ നീഷാമിനെ ആശ്രയിക്കാതെ വേറെ വഴിയില്ലാതെ വന്ന വില്യംസണ് നായകന്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുന്ന പ്രകടനമാണ് നീഷാം പുറത്തെടുത്തത്. ഓപ്പണിങ് കൂട്ടുകെട്ട് പിരിച്ചു റോയിയെ പുറത്താക്കാനും പ്രധാന ബൗളര്‍മാരൊക്കെ തല്ലു വാങ്ങി കൂട്ടിയപ്പോഴും ഭേദപ്പെട്ട ഇക്കണോമിയില്‍ തന്റെ പത്തു ഓവര്‍ കോട്ട എറിഞ്ഞു തീര്‍ക്കാനും സാധിച്ചു നീഷാമിന്.

ഇംഗ്ലണ്ടിനെ മറികടക്കാമെന്ന വിശ്വാസത്തില്‍ കളിക്കാന്‍ ഇറങ്ങിയ ന്യൂസിലാന്‍ഡിനു ആദ്യം തന്നെ പിഴച്ചു. ആദ്യ ഓവറില്‍ തന്നെ നിക്കോള്‍സും പിന്നാലെ ഗുപ്ടിലും പുറത്തായതോടെ അവര്‍ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അവരുടെ മധ്യനിരയുടെ കാവല്‍ക്കാരായ ടെയ്ലറും വില്യംസണും പയ്യെ ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ആരംഭിച്ചു. എന്നാല്‍ നിര്‍ഭാഗ്യം അവരുടെ മേല്‍ ആഞ്ഞടിച്ചത് റണ്‍ ഔട്ടുകളുടെ രൂപത്തിലായിരുന്നു. തൊട്ടടുത്ത ഓവറുകളില്‍ ഇരുവരും റണ്‍ ഔട്ടായപ്പോള്‍ നെഞ്ചു തകര്‍ന്നു എന്താണെന്നു നടക്കുന്നതെന്ന് മനസിലാക്കാനാകാതെ നോക്കി നില്‍ക്കാനേ ന്യൂസിലാന്‍ഡ് ക്യാമ്പിനായുള്ളൂ.

പിന്നീടെത്തിയ നീഷാം -ലത്താം കൂട്ടുകെട്ട് ടീമിനെ കരക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം വളരെ അകലെയായിരുന്നു. പാതി വഴിയില്‍ നീഷാം വീണതോടെ ലതാമിന്റെ ചുമലിലായി മുഴുവന്‍ ഭാരവും. ഒരറ്റത്തു സാന്റ്‌നര്‍ പിന്തുണ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും റണ്‍ നിരക്ക് ഉയര്‍ത്താന്‍ വെമ്പുന്നതിനിടയില്‍ അര്‍ദ്ധ ശതകം തികച്ച ലതാമിന്റെ ചെറുത്തു നില്‍പ്പും അവസാനിച്ചു. പിന്നീട് വാലറ്റത്തെ ചുരുട്ടി കെട്ടാന്‍ വുഡിന് എളുപ്പം സാധിച്ചതോടെ ഇംഗ്ലണ്ട് സെമിയിലെത്തി.

ഇംഗ്ലണ്ടിന്റെ ഈ വിജയത്തോടെ പാക്കിസ്ഥാന്‍ പ്രതീക്ഷകള്‍ ഏറെ കുറേ അവസാനിച്ചു. ബംഗ്ലാദേശുമായിട്ടുള്ള കളിയില്‍ പാക്കിസ്ഥാന്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന അവസ്ഥയാണെങ്കില്‍ ആ കളി തുടങ്ങുന്നതിനു മുന്‍പേ തന്നെ ഔദ്യോഗികമായി അവര്‍ പുറത്താകും. മറിച്ചാണെങ്കില്‍ കുറഞ്ഞത് ഒരു മുന്നൂറു റണ്‍സിന്റെ വ്യത്യാസത്തിലെങ്കിലും ബംഗ്ലാദേശിനെ മറികടക്കാന്‍ അവര്‍ക്കായെങ്കില്‍ മാത്രമേ സാധ്യതയുള്ളൂ. അതു സാധ്യമല്ലാത്ത അവസ്ഥയില്‍ ന്യൂസിലാന്‍ഡും സെമിയിലേക്ക് മുന്നേറി എന്നു പറയേണ്ടി വരും.

എങ്കിലും തുടര്‍ച്ചയായി വന്നു ഭവിച്ച മൂന്നു തോല്‍വികളില്‍ ആടിയുലഞ്ഞു നില്‍ക്കുകയാണ് കിവികള്‍ എന്നു പോസ്റ്റ് മാച്ച് പ്രസന്റേഷനിലെ വില്യംസണിന്റെ അഭിപ്രായങ്ങളില്‍ നിന്നു വ്യക്തമാണ്. ഞെട്ടിക്കുന്ന തോല്‍വികളില്‍ നിന്നു കരകയറി മികച്ച രണ്ടു വിജയങ്ങളോടെ സെമി ബെര്‍ത്ത് സ്വന്തമാക്കിയ ഇംഗ്ലണ്ട് ആകട്ടെ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ലഭിച്ച ഫേവറൈറ്റ്‌സ് ടാഗും ഇപ്പോള്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്. സെമിയിലെ എല്ലാ ടീമുകളും തുല്യശക്തികളാണെന്നിരിക്കെ പ്രവചനാതീതമായ നാളുകളിലേക്കാണ് ഈ ലോകകപ്പ് കാലെടുത്തു വക്കുന്നതെന്നു വ്യക്തം.

ഗൗതം വിഷ്ണു. എന്‍

എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം

We use cookies to give you the best possible experience. Learn more