| Monday, 21st October 2024, 7:51 am

ആരും ആഗ്രഹിക്കാത്ത നാണക്കേടുമായി വന്ന് കപ്പുമായി മടങ്ങി; ഇത് ചരിത്രം, ഇരട്ടിമധുരം

സ്പോര്‍ട്സ് ഡെസ്‌ക്

തുടര്‍ച്ചയായ പത്ത് അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ പരാജയപ്പെട്ടാണ് ന്യൂസിലാന്‍ഡ് ഐ.സി.സി ടി-20 വനിതാ ലോകകപ്പിനെത്തുന്നത്. പരാജയം തുടര്‍ക്കഥയാക്കിയ കിവികളില്‍ ആരാധകരും അധികം പ്രതീക്ഷ വെച്ചിരുന്നില്ല. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ ഇന്ത്യയെ പരാജയപ്പെടുത്തി ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ച കിവികള്‍ ഇപ്പോള്‍ ക്രിക്കറ്റിന്റെ നെറുകയില്‍ നിന്നാണ് ലോകത്തെ നോക്കിക്കാണുന്നത്.

ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് കിരീടമുയര്‍ത്തിയത്.

ഇതേ വര്‍ഷം തന്നെ സൗത്ത് ആഫ്രിക്കയുടെ പുരുഷ ടീമും ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ആരാധകരെ വീണ്ടും നിരാശരാക്കി വനിതാ ടീമും കിരീടം അടിയറവ് വെച്ചു.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനായിരുന്നു കിവികളുടെ വിജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ സംഭവിച്ചത്…

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വൈറ്റ് ഫേണ്‍സിന് ഓപ്പണര്‍ ജോര്‍ജിയ പ്ലിമ്മറിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും വണ്‍ ഡൗണായെത്തിയ കിവീസ് ലെജന്‍ഡ് അമേലിയ കേര്‍ മറ്റൊരു ന്യൂസിലാന്‍ഡ് ഇതിഹാസമായ സൂസി ബേറ്റ്‌സിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ടീം സ്‌കോര്‍ 53ല്‍ നില്‍ക്കവെ ബേറ്റ്‌സിനെ ന്യൂസിലാന്‍ഡിന് നഷ്ടമായി. 31 പന്തില്‍ 32 റണ്‍സ് നേടിയാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ പത്ത് പന്തില്‍ ആറ് റണ്‍സ് നേടി മടങ്ങിയെങ്കിലും അഞ്ചാം നമ്പറിലിറങ്ങിയ ബ്രൂക് ഹാലിഡേ അമേലിയക്കൊപ്പം വീണ്ടും ന്യൂസിലാന്‍ഡിനെ മുന്നോട്ട് നയിച്ചു.

ഒടുവില്‍ നിശ്ചിത ഓവറില്‍ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. അമേലിയ കേര്‍ 38 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 28 പന്തില്‍ 38 റണ്‍സാണ് ഹാലിഡേ നേടിയത്.

പ്രോട്ടിയാസിനായി നോന്‍കുലുലേകോ എംലാബ രണ്ട് വിക്കറ്റ് നേടി. ചോള്‍ ട്രയോണ്‍, നാദിന്‍ ഡി ക്ലാര്‍ക്, ആയബോംഗ ഖാക എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ജയിക്കാമായിരുന്നിട്ടും തോറ്റ സൗത്ത് ആഫ്രിക്ക

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 50 റണ്‍സ് ചേര്‍ത്താണ് ഓപ്പണര്‍മാര്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടത്.

ടീം സ്‌കോര്‍ 51ല്‍ നില്‍ക്കവെ താസ്മിന്‍ ബ്രിറ്റ്‌സിനെ സൗത്ത് ആഫ്രിക്കക്ക് നഷ്ടമായി. 18 പന്തില്‍ 17 റണ്‍സ് നേടി നില്‍ക്കവെ ഏഴാം ഓവറിലെ അവസാന പന്തില്‍ ബ്രിറ്റ്‌സ് തിരിച്ചുനടന്നു. ഫ്രാന്‍ ജോനാസിന്റെ പന്തില്‍ ഇസി ഗേസിന് വിക്കറ്റ് നല്‍കിയാണ് താരം പുറത്തായത്.

ടീം ടോട്ടലില്‍ എട്ട് റണ്‍സ് കൂടി കയറിയപ്പോള്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് പുറത്തായി. അമേലിയ കേറിന്റെ പന്തില്‍ സൂസി ബേറ്റ്‌സ് ക്യാച്ചെടുത്താണ് പ്രോട്ടിയാസ് ക്യാപ്റ്റനെ പുറത്താക്കിയത്. 27 പന്തില്‍ 33 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. കൃത്യമായി വിക്കറ്റ് വീഴ്ത്തുന്നതില്‍ വൈറ്റ് ഫേണ്‍സ് ശ്രദ്ധവെച്ചതോടെ കിരീടമെന്ന സ്വപ്‌നം സൗത്ത് ആഫ്രിക്കന്‍ ആരാധകര്‍ മറന്നുതുടങ്ങി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126ന് സൗത്ത് ആഫ്രിക്ക പോരാട്ടം അവസാനിപ്പിച്ചു.

ന്യൂസിലാന്‍ഡിനായി അമേലിയ കേര്‍, റോസ്‌മേരി മെയര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ബ്രൂക് ഹാലിഡേ, ഈഡന്‍ കാര്‍സണ്‍, ഫ്രാന്‍ ജോനാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഇതോടെ വനിതാ ടി-20 ലോകകപ്പ് ചരിത്രത്തില്‍ പുതിയ ചാമ്പ്യന്‍മാരും പിറവിയെടുക്കുകയായിരുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്ക് ശേഷം ലോകകപ്പില്‍ മുത്തമിടുന്ന ടീമായാണ് ന്യൂസിലാന്‍ഡ് തങ്ങളുടെ ചരിത്രം തിരുത്തിയത്.

നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ന്യൂസിലാന്‍ഡ് പുരുഷ ടീം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് മത്സരം വിജയിച്ചതിനൊപ്പം വനിതാ ലോകകപ്പ് വിജയവും ആരാധകരുടെ ആവേശവും സന്തോഷവും ഇരട്ടിയാക്കി.

Content highlight: ICC Women’s T20 World Cup: New Zealand defeated South Africa

Latest Stories

We use cookies to give you the best possible experience. Learn more