| Thursday, 3rd October 2024, 3:25 pm

ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പേടി; രണ്ട് ലോകകപ്പടക്കം മൂന്ന് മേജര്‍ ഫൈനല്‍ തോറ്റത് ഓര്‍മയിലുണ്ടാകും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ലോകകപ്പിന് കളമൊരുങ്ങുകയാണ്. ബംഗ്ലാദേശിലെ ആഭ്യന്തര കലഹം കാരണം ദുബായ് ആണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് സ്‌കോട്‌ലാന്‍ഡിനെ നേരിടും.

നാളെയാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് വനിതാ ടീമാണ് എതിരാളികള്‍. ഇതുവരെ ഐ.സി.സിയുടെ ഒറ്റ കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ തന്നെയാണ് ഹര്‍മനും സംഘവും തയ്യാറെടുക്കുന്നത്.

ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ സാധിച്ചില്ല എന്നതിനേക്കാള്‍ പല തവണ ഫൈനലിലെത്തി പരാജയപ്പെട്ടു എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. സമീപ കാലത്ത് മാത്രം രണ്ട് ലോകകപ്പിന്റെയും കോമണ്‍വെല്‍ത്ത് മത്സരങ്ങളുടെയും ഫൈനലില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഇക്കൂട്ടത്തിലെ അവസാന തോല്‍വി പിറവിയെടുത്തത്. ബെര്‍മിങ്ഹാമില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന മത്സരമാണ് ഇന്ത്യ കൈവിട്ടുകളഞ്ഞത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ബെത് മൂണിയുടെയും മെഗ് ലാന്നിങ്ങിന്റെയും ഇന്നിങ്സിന്‍സിന്റെ ബലത്തില്‍ 161 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ ഹര്‍മനും ജമീമയും പൊരുതി. എന്നാല്‍ ആ ചെറുത്ത് നില്‍പ് ഫലം കണ്ടില്ല. ഒമ്പത് റണ്‍സകലെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.

2020ല്‍ നടന്ന ടി-20 ലോകകപ്പിലായിരുന്നു ഇന്ത്യന്‍ വനിതകള്‍ ഇതിന് മുമ്പ് കലാശപ്പോരാട്ടത്തില്‍ കണ്ണീരണിഞ്ഞത്. അന്ന് ഇന്ത്യയെ തോല്‍പിച്ചതാകട്ടെ ഇതേ ഓസ്ട്രേലിയയും.

മെല്‍ബണില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ 85 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 184 റണ്‍സടിച്ചപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ 19.12 ഓവറില്‍ 99ന് പുറത്താവുകയായിരുന്നു. ഇന്ത്യയെ തോല്‍പിച്ചതോടെ ഒരിക്കല്‍ക്കൂടി കിരീടം നിലനിര്‍ത്താനും ഓസീസിനായി.

2017ലായിരുന്നു ഇന്ത്യ ഇതിന് മുമ്പ് ഫൈനലിലെത്തിയതും തോറ്റതും. 2017ലെ ഐ.സി.സി വനിതാ ലോകകപ്പിലായിരുന്നു വേദി. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയെ തോല്‍പിച്ചത്.

2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാനമായി 9 റണ്‍സിന് തന്നെയായിരുന്നു ഇന്ത്യയുടെ തോല്‍വി. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സിലായിരുന്നു ഫൈനല്‍.

ഇതിനൊപ്പം തന്നെ ഈ വര്‍ഷം നടന്ന വനിതാ ഏഷ്യാ കപ്പിന്റെ ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ചമാരി അത്തപ്പത്തുവിന്റെ ശ്രീലങ്കയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. റാണ്‍ഗിരി ദാംബുള്ള സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ലങ്ക വിജയിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക എട്ട് വിക്കറ്റും എട്ട് പന്തും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ഹര്‍ഷിത സമരവിക്രമ, ചമാരി അത്തപ്പത്തു എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

എന്നാല്‍ ഇത്തവണ കിരീടം നേടാന്‍ ഉറച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ എതിരാളികളെ ഡോമിനേറ്റ് ചെയ്ത് മുന്നേറാന്‍ തന്നെയാകും ഹര്‍മനും സംഘവും പദ്ധതിയിടുന്നത്.

ഇന്ത്യ സ്‌ക്വാഡ്

ഡയലന്‍ ഹേമലത, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, പൂജ വസ്ത്രാര്‍കര്‍, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), യാഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), അരുന്ധതി റെഡ്ഡി, ആശ ശോഭന, രാധ യാദവ്, രേണുക സിങ്, സൈമ താക്കൂര്‍, ശ്രേയാങ്ക പാട്ടീല്‍, തനുജ കന്‍വര്‍.

Content Highlight: ICC Women’s T20 World Cup, India aiming for the title

We use cookies to give you the best possible experience. Learn more