ഐ.സി.സി വനിതാ ടീ-20 ലോകകപ്പിന് കളമൊരുങ്ങുകയാണ്. ഒക്ടോബര്‍ മൂന്നിനാണ് ഇത്തവണത്തെ ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് സ്‌കോട്‌ലാന്‍ഡിനെ നേരിടും.
ഇത്തവണ ലോകകപ്പ് വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ഇന്ത്യന്‍ ടീം പ്രകടിപ്പിക്കുന്നത്. എല്ലായ്‌പ്പോഴും ഫൈനലില്‍ പരാജയപ്പെടുന്ന പതിവ് ഇപ്പോള്‍ മാറ്റുമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറയുന്നത്.
‘ലോകകപ്പ് പോലെ വലിയൊരു സ്‌റ്റേജില്‍ കളിക്കുമ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. മുമ്പ് ഇതേ രീതിയില്‍ മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കായിരുന്നു. ഇത്തവണ അവസാന തടസ്സവും മറികടന്ന് ഞങ്ങള്‍ കിരീടമുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഹര്‍മന്‍പ്രീത് പറഞ്ഞു.
ഒന്നര പതിറ്റാണ്ടിന് ശേഷം ലോക കിരീടം സ്വന്തമാക്കിയ പുരുഷ ടീമാണ് തങ്ങളുടെ പ്രചോദനമെന്ന് പറഞ്ഞ ഹര്‍മന്‍, തങ്ങളും കിരീടം നേടുമെന്നും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള അവസരം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
‘പുരുഷ ടീമിന്റെ പ്രകടനമാണ് ഞങ്ങളുടെ പ്രചോദനം. ഇത്തവണ അവര്‍ ലോകകപ്പ് നേടിയ രീതി, അതാണ് കിരീടത്തിനായി ഞങ്ങളെ പ്രചോദിപ്പിക്കുന്നത്. അവര്‍ ഈ ലോകകപ്പിനായി വളരെയധികം കഷ്ടപ്പെട്ടിരുന്നു, കഠിനാധ്വാനം ചെയ്തിരുന്നു.
ചില കടുപ്പമേറിയ മത്സരങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. അത്തരം മത്സരങ്ങള്‍ എങ്ങനെ കളിച്ചു എന്നത് അവരില്‍ നിന്നും പഠിക്കാനുണ്ട്.
ഞങ്ങളും ഇപ്പോള്‍ അതേ പാതയിലാണ്, ലോകകപ്പ് ക്യാമ്പെയ്‌നുള്ള ഒരുക്കത്തിലാണ്. ഞങ്ങളും വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഈ വര്‍ഷം തന്നെ രാജ്യത്തിനും ആരാധകര്‍ക്കും ആഘോഷിക്കാനുള്ള മറ്റൊരു അവസരം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ ഹര്‍മന്‍ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശില്‍ വെച്ചായിരുന്നു ഇത്തവണത്തെ ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ലോകകപ്പിന്റെ വേദി മാറ്റാന്‍ ഐ.സി.സി നിര്‍ബന്ധിതരാവുകയായിരുന്നു. യു.എ.ഇയാണ് ലോകകപ്പിന് വേദിയാകുന്നത്.
പത്ത് ടീമുകളാണ് ഇത്തവണ കിരീടത്തിനായി ഇറങ്ങുന്നത്. അഞ്ച് ടീമുകളടങ്ങിയ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ശ്രീലങ്കയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ.
ഗ്രൂപ്പ് എ
ഗ്രൂപ്പ് ബി
ഓഗസ്റ്റ് നാലിനാണ് ഇന്ത്യ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിനിറങ്ങുന്നത്. ദുബായ് അന്താരാഷട്ര സ്റ്റേഡിയമാണ് വേദി.
ഒക്ടോബര്‍ 15ഓടെ എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും പൂര്‍ത്തിയാകും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.
ഒക്ടോബര്‍ 17നാണ് രണ്ട് സെമി ഫൈനലും അരങ്ങേറുന്നത്. 20നാണ് കിരീടപ്പോരാട്ടം.
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാക്കര്‍, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂര്‍, ഡയലന്‍ ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയാങ്ക പാട്ടീല്‍, സജന സജീവന്‍.
Content Highlight: ICC Women’s T20 World Cup: Harmanpreet Kaur says they are inspired by men’s team