| Friday, 18th October 2024, 7:57 am

രാജകീയം, ഓസ്‌ട്രേലിയയെ തോല്‍പിച്ച് സൗത്ത് ആഫ്രിക്ക ലോകകപ്പ് ഫൈനലില്‍; ചരിത്രം രചിക്കാന്‍ ഇവര്‍ക്കെങ്കിലും സാധിക്കട്ടെ

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ലോകകപ്പില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് സൗത്ത് ആഫ്രിക്ക ഫൈനലില്‍. കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു പ്രോട്ടിയാസ് വനിതകളുടെ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 135 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്ത് ബാക്കി നില്‍ക്കെ സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ അന്നേക് ബോഷിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക വിജയിച്ചുകയറിയത്. ഒപ്പം ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ മികച്ച പിന്തുണയും ടീമിനെ ഫൈനലിലേക്ക് നയിച്ചു.

കാലിടറി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കം പാളി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി ഗ്രേസ് ഹാരിസും ഒമ്പത് പന്തില്‍ അഞ്ച് റണ്‍സുമായി ജോര്‍ജിയ വെര്‍ഹാമും പുറത്തായി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ താലിയ മഗ്രാത്തിനെ ഒപ്പം കൂട്ടി വിക്കറ്റ് കീപ്പര്‍ ബെത് മൂണി സ്‌കോറിങ്ങിന് അടിത്തറയിട്ടു. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ഓസീസിനെ വീഴാതെ കാത്തത്.

13ാം ഓവറിലെ ആദ്യ പന്തില്‍ മഗ്രാത് പുറത്തായി. ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവെ നോന്‍കുലുലേകോ എംലാബയുടെ പന്തില്‍ എ. ഡെറക്‌സണ് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. 33 പന്തില്‍ 27 റണ്‍സായിരുന്നു മഗ്രാത് സ്വന്തമാക്കിയത്.

അഞ്ചാം നമ്പറില്‍ സൂപ്പര്‍ താരം എല്ലിസ് പെറിയാണ് ക്രീസിലെത്തിയത്. വമ്പന്‍ ഷോട്ടുകളൊന്നും ഉതിര്‍ത്തില്ലെങ്കിലും സ്‌കോറിന്റെ മൊമെന്റം കാത്തുസൂക്ഷിക്കാന്‍ പെറിക്കായി.

ടീം സ്‌കോര്‍ 100 കടക്കും മുമ്പ് വിക്കറ്റ് വീഴ്ത്തി പ്രോട്ടിയാസ് അടുത്ത പ്രഹരമേല്‍പിച്ചു. 99ല്‍ നില്‍ക്കവെ ബെത് മൂണിയെയാണ് പ്രോട്ടിയാസ് മടക്കിയത്. 42 പന്തില്‍ 44 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയ ഫോബ് ലീച്ച്ഫീല്‍ഡിനെ ഒപ്പം കൂട്ടി പെറി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ശ്രമിച്ചു. ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്താകും മുമ്പ് 23 പന്തില്‍ 31 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. ഒമ്പത് പന്തില്‍ 16 റണ്‍സുമായി ലീച്ച്ഫീല്‍ഡ് പുറത്താകാതെ നിന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ 165ന് അഞ്ച് എന്ന നിലയില്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

സൗത്ത് ആഫ്രിക്കക്കായി അയബോംഗ ഖാക രണ്ട് വിക്കറ്റ് നേടി. ബെത് മൂണി റണ്‍ ഔട്ടായപ്പോള്‍ മാരിസന്‍ കാപ്പും എംലാബയുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

അനായാസം ആദ്യ ഫൈനലിന്

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ആദ്യ രക്തം ചിന്താന്‍ കങ്കാരുക്കള്‍ അധികം അമാന്തിച്ചില്ല.

അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തസ്മിന്‍ ബ്രിറ്റ്‌സിനെ പുറത്താക്കി അന്നബെല്‍ സതര്‍ലാന്‍ഡ് ആദ്യ ബ്രേക് ത്രൂ നല്‍കി. 15 പന്തില്‍ 15 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

വണ്‍ ഡൗണായി അന്നേക് ബോഷ് എത്തിയതോടെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ ആവേശവും ഇരട്ടിച്ചു. ശേഷം സൗത്ത് ആഫ്രിക്ക തിരിഞ്ഞുനോക്കാതെ മുമ്പോട്ട് കുതിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും പ്രോട്ടിയാസിനെ വിജയത്തിലേക്ക് നയിച്ചു.

ടീം സ്‌കോര്‍ 121ല്‍ നില്‍ക്കവെ ക്യാപ്റ്റനെ പുറത്താക്കി സതര്‍ലാന്‍ഡ് രണ്ടാം വിക്കറ്റ് നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. 37 പന്തില്‍ 42 റണ്‍സുമായി വോള്‍വാര്‍ഡ് പുറത്തായി.

നാലാം നമ്പറിലിറങ്ങിയ ചോള്‍ ട്രയോണിനെ ഒരുവശത്ത് നിര്‍ത്തി ബോഷ് പ്രോട്ടിയാസിനെ ഫൈനലിലേക്ക് നയിച്ചു.

48 പന്തില്‍ 74 റണ്‍സുമായി ബോഷും നാല് പന്തില്‍ ഒരു റണ്‍സുമായി ട്രയോണും പുറത്താകാതെ നിന്നു.

ഞായറാഴ്ചയാണ് ലോകകപ്പിന്റെ ഫൈനല്‍ മത്സരം. വെള്ളിയാഴ്ച നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് – ന്യൂസിലാന്‍ഡ് മത്സരത്തിലെ വിജയികളെയാണ് തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കക്ക് നേരിടാനുണ്ടാവുക.

Content highlight: ICC Women’s T2 World Cup: South Africa defeated Australia in 1st semi final

We use cookies to give you the best possible experience. Learn more