| Thursday, 10th March 2022, 12:48 pm

ജുലന്‍ ഗോസ്വാമി ആറാടുകയാണ്; ലോകറെക്കോഡിനൊപ്പമെത്തി ഇന്ത്യന്‍ പേസ് സെന്‍സേഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങി ഇന്ത്യയുടെ പേസ് ബൗളിംഗ് സെന്‍സേഷന്‍ ജുലന്‍ ഗോസ്വാമി. പുതിയ റെക്കോഡ് കൂടി സ്വന്തം പേരിലെഴുതിച്ചേര്‍ത്താണ് ജുലന്‍ ഐ.സി.സി വുമണ്‍സ് വേള്‍ഡ് കപ്പില്‍ തന്റെ ആറാട്ട് തുടരുന്നത്.

ന്യൂസിലാന്‍ഡ് ബാറ്റര്‍ കേറ്റി മാര്‍ട്ടിനെ പുറത്താക്കിയതോടെയാണ് ജുലന്‍ പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ലിന്‍ ഫുള്‍സ്റ്റണൊപ്പം ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന വിക്കറ്റ് വേട്ടക്കാരി എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പില്‍ 39 വിക്കറ്റാണ് ഇരുവരുടെയും പേരിലുള്ളത്.

ജുലന്‍ അടക്കമുള്ള താരങ്ങളുടെ ബൗളിംഗ് മികവില്‍ 260ന് 9 വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡിനെ ചുരുട്ടിക്കെട്ടിയിരിക്കുന്നത്. 9 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ജുലന്‍ ഒരു വിക്കറ്റ് നേടിയത്.

ഇത് ജുലന്റെ അഞ്ചാം ലോകകപ്പാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്‍ (50), കേറ്റി മാര്‍ട്ടിന്‍ (41) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 260 നേടിയത്. പൂജ വസ്ത്രകര്‍ ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തി.

രാജേശ്വരി, പൂജ വസ്ത്രകര്‍ ദീപ്തി ശര്‍മ എന്നിവരാണ് ജുലനിന് പുറമെ വിക്കറ്റ് നേടിയത്. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ മിതാലിയും സംഘവും പാകിസ്ഥാനെ തകര്‍ത്തിരുന്നു. വിന്‍ഡീസിനോട് പരാജയമേറ്റുവാങ്ങിയാണ് കിവീസ് രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുന്നത്.

ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാര്‍

ജുലന്‍ ഗോസ്വാമി – ഇന്ത്യ, ലിന്‍ ഫുള്‍സ്റ്റണ്‍ – ഓസ്‌ട്രേലിയ (39 വിക്കറ്റ്)

കരോള്‍ ഹോഗ്‌സ് – ഇംഗ്ലണ്ട് (37 വിക്കറ്റ്)

ക്ലയര്‍ ടെയ്‌ലര്‍ – ഇംഗ്ലണ്ട് (36 വിക്കറ്റ്)

കാതറിന്‍ ഫിറ്റ്‌സ്പാട്രിക് – ഓസ്‌ട്രേലിയ (33 വിക്കറ്റ്)

Content Highlight:  ICC Women’s Cup 2022 – Jhulan Goswami equals world record

We use cookies to give you the best possible experience. Learn more