ലണ്ടന്‍: കായികപ്രേമികള്‍ ഇത്രയധികം മുള്‍മുനയില്‍ നില്‍ക്കുന്ന നിമിഷങ്ങള്‍ക്ക് അടുത്തകാലത്തേക്കെങ്കിലും ലോകം സാക്ഷ്യം വഹിക്കില്ല. ‘സൂപ്പര്‍ സണ്‍ഡേ’ എന്ന വിശേഷണം അന്വര്‍ഥമാക്കും വിധമായിരുന്നു ഇന്നലെ നടന്ന രണ്ട് ഫൈനലുകള്‍. ഒന്ന് ക്രിക്കറ്റ് ലോകകപ്പിലും മറ്റൊന്ന് വിംബിള്‍ഡണിലും.
ഈ ‘ഹൈ വോള്‍ട്ടേജ്’ സാഹചര്യം ഉപയോഗിച്ച് സാമൂഹ്യമാധ്യമത്തില്‍ കൗതുകം സൃഷ്ടിച്ചിരിക്കുകയാണ് ഐ.സി.സിയുടെയും വിംബിള്‍ഡണിന്റെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍.
ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോരാട്ടം സൂപ്പര്‍ ഓവറിലേക്കു നീങ്ങിയപ്പോള്‍ വിംബിള്‍ഡണിന്റെ അക്കൗണ്ടായിരുന്നു തുടക്കമിട്ടത്. ‘ഇതിന്റെ അവസാനം നിങ്ങള്‍ എങ്ങനെയാണു കൈകാര്യം ചെയ്യാന്‍ പോകുന്നത്?’ എന്നായിരുന്നു ഐ.സി.സിയെ ടാഗ് ചെയ്ത് വിംബിള്‍ഡണിന്റെ ചോദ്യം.
‘ഇപ്പോള്‍ കുറച്ച് തിരക്കുണ്ട്. ഞങ്ങള്‍ പോയിവരാം’ എന്നായിരുന്നു ഐ.സി.സിയുടെ മറുപടി.
മത്സരം കഴിഞ്ഞശേഷം പുലര്‍ച്ചെ 1.20 ആയപ്പോള്‍ ഐ.സി.സി അടുത്ത പോസ്റ്റുമായെത്തി. ‘ലണ്ടനിലെ സ്‌പോര്‍ട്‌സില്‍ ഇത്രയധികം രസകരമായ ദിവസം വേറെയുണ്ടായിട്ടില്ല. എന്താണു നാളെ നമ്മള്‍ ജനങ്ങള്‍ക്കു നിര്‍ദേശിക്കുക?’ വിംബിള്‍ഡണ്‍ അക്കൗണ്ടിനെ ടാഗ് ചെയ്ത് ഈ പോസ്റ്റിടാന്‍ മറ്റൊരു കാര്യം കൂടിയുണ്ട്. വിംബിള്‍ഡണ്‍ ഫൈനലും ഐ.സി.സി ലോകകപ്പ് ഫൈനലും നടന്നത് ഒരേ രാജ്യത്താണ്, ഒരേ സ്ഥലത്താണ്. ഇംഗ്ലണ്ടിലെ ലണ്ടനില്‍. ലോകകപ്പ് ഫൈനല്‍ ലോര്‍ഡ്‌സിലാണു നടന്നതെങ്കില്‍, വിംബിള്‍ഡണ്‍ ലണ്ടനിലെതന്നെ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബിലായിരുന്നു.
ലോകകപ്പില്‍ 242 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് മത്സരം ടൈ ആക്കാനേ സാധിച്ചുള്ളൂ. ഇതു പിന്നീട് സൂപ്പര്‍ ഓവറിലേക്കു നീങ്ങി. എന്നാല്‍ സൂപ്പര്‍ ഓവറിലും ടൈ വന്നപ്പോള്‍ മത്സരത്തില്‍ ഏറ്റവുമധികം ബൗണ്ടറി നേടിയ ടീം വിജയിയായി.
അതേസമയം വിംബിള്‍ഡണില്‍ അഞ്ചുമണിക്കൂറോളം നീണ്ട മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് തുടര്‍ച്ചയായ രണ്ടാം കിരീടം നേടി. മൂന്നാം സീഡും ടെന്നീസ് ഇതിഹാസവുമായ റോജര്‍ ഫെഡററെയാണ് അദ്ദേഹം കീഴടക്കിയത്.
Hello @ICC – how are you coping your end?#Wimbledon #CWC19Final
— Wimbledon (@Wimbledon) July 14, 2019
Things are a bit hectic here right now, we'll get back to you ?#CWC19 | #Wimbledon | #CWC1FINAL
— ICC (@ICC) July 14, 2019
Right…
Couldn't have been a crazier day for sport in London! What do we suggest people do tomorrow? ?#CWC19 | #Wimbledon
— ICC (@ICC) July 14, 2019