| Tuesday, 15th August 2023, 12:43 pm

50 ഓവറില്‍ 515 റണ്‍സ്, ജയിച്ചത് 450 റണ്‍സിനും; ക്രിക്കറ്റിന്റെ ഭാവി ഉദയം ചെയ്തുകഴിഞ്ഞു

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്ക അണ്ടര്‍ 19 ടീം. അര്‍ജന്റീനക്കെതിരായ ഏകദിന മത്സരത്തില്‍ റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തിയും റെക്കോഡ് മാര്‍ജിനില്‍ വിജയിച്ചുമാണ് അമേരിക്കയുടെ ചുണക്കുട്ടികള്‍ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടി നേടുന്നത്.

കഴിഞ്ഞ ദിവസം ടൊറാന്റോയില്‍ നടന്ന ഐ.സി.സി അണ്ടര്‍ 19 ലോകകപ്പിന്റെ അമേരിക്കാസ് ക്വാളിഫയറിലാണ് യു.എസ്.എ താരങ്ങള്‍ ചരിത്രം കുറിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത അര്‍ജന്റീനക്ക് തുടക്കത്തിലേ പിഴച്ചു. ആദ്യ വിക്കറ്റില്‍ പ്രണവ് ചെട്ടിപ്പാളയവും ഭവ്യ മേത്തയും ചേര്‍ന്ന് 115 റണ്‍സാണ്  കൂട്ടിച്ചേര്‍ത്തത്.

43 പന്തില്‍ പത്ത് ബൗണ്ടറിയുള്‍പ്പെടെ 61 റണ്‍സ് നേടിയ പ്രണവിന്റെ വിക്കറ്റാണ് അമേരിക്കക്ക് ആദ്യം നഷ്ടമായത്. റണ്‍ ഔട്ടായാണ് താരം മടങ്ങിയത്.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഭവ്യ മേത്തക്കൊപ്പം ക്യാപ്റ്റന്‍ റിഷി രമേശും കളത്തിലിറങ്ങിയതോടെ സ്‌കോര്‍ ഉയര്‍ന്നു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികള്‍ പാഞ്ഞപ്പോള്‍ അര്‍ജന്റൈന്‍ പട നിന്ന് വിറച്ചു. 115ല്‍ തുടങ്ങിയ ഈ കൂട്ടുകെട്ട് 326ാം റണ്‍സിലാണ് പിരിയുന്നത്.

59 പന്തില്‍ 100 റണ്‍സ് തികച്ച ക്യാപ്റ്റന്റെ വിക്കറ്റാണ് അമേരിക്കക്ക് നഷ്ടമായത്. പിന്നാലെ 91 പന്തില്‍ നിന്നും 136 റണ്‍സ് നേടിയ ഭവ്യ മേത്തയും പുറത്തായി. 14 ബൗണ്ടറിയും മൂന്ന് സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

പിന്നാലെയെത്തിയവരും തകര്‍ത്തടിച്ചു. അര്‍ജുന്‍ മഹേഷ് (44 പന്തില്‍ 67), അമോഘ് ആരേപ്പള്ളി (30 പന്തില്‍ 48), ഉത്കര്‍ഷ് ശ്രീവാസ്തവ (22 പന്തില്‍ 45) എന്നിവര്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അമേരിക്ക 515 റണ്‍സ് നേടി.

അര്‍ജന്റീനക്കായി ഇഗ്നാഷ്യോ മോസ്‌ക്വെരയും ഫിലിപ് പിനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അമേരിക്കന്‍ നിരയില്‍ രണ്ട് താരങ്ങള്‍ റണ്‍ ഔട്ട് ആയപ്പോള്‍ ഫെലിപ് നീവ്‌സ്, ലൂകാസ് റോസി എന്നിവരാണ് മറ്റ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അര്‍ജന്റീന ഒന്നടങ്കം തകര്‍ന്നടിഞ്ഞു. പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ടീമിന്റെ നാല് മുന്‍നിര വിക്കറ്റുകള്‍ വീണിരുന്നു. ഒടുവില്‍ 20ാം ഓവറിലെ അഞ്ചാം പന്തില്‍ ടീം സ്‌കോര്‍ 65ല്‍ നില്‍ക്കവെ അവസാന വിക്കറ്റും നിലംപൊത്തിയതോടെ അര്‍ജന്റീന പരാജയം സമ്മതിച്ചു.

മൂന്ന് പേര്‍ മാത്രമാണ് അര്‍ജന്റൈന്‍ നിരയില്‍ രണ്ടക്കം കടന്നത്. 18 റണ്‍സ് നേടിയ തിയോ ആണ് ടോപ് സ്‌കോറര്‍.

അമേരിക്കക്കായി ആരിന്‍ നഡ്കാര്‍നി ആറ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞപ്പോള്‍ ആര്യന്‍ സതീഷ് രണ്ട് വിക്കറ്റും ആര്യന്‍ ബാത്ര, പാര്‍ത്ഥ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി അര്‍ജന്റൈന്‍ പതനം പൂര്‍ത്തിയാക്കി.

ഇതോടെ 450 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് അമേരിക്ക സ്വന്തമാക്കിയത്. അമേരിക്കയുടെ രണ്ടാം വിജയമാണിത്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് വിജയവുമായി അമേരിക്ക പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച എല്ലാ മത്സരത്തിലും വിജയിച്ച കാനഡയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.

ആഗസ്റ്റ് 15നാണ് അമേരിക്കയുടെ അടുത്ത മത്സരം. ബെര്‍മുഡയാണ് എതിരാളികള്‍.

Content Highlight: ICC U19 World Cup Qualifiers,  USA defeats Argentina by 450 runs

We use cookies to give you the best possible experience. Learn more