ട്വന്റി 20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിന്
DSport
ട്വന്റി 20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th October 2012, 10:26 pm

കൊളംബൊ: ട്വന്റി 20 ലോകകപ്പ് കിരീടം വെസ്റ്റ് ഇന്‍ഡീസിന്. ശ്രീലങ്കയെ മുപ്പത്തിയാറ് റണ്‍സിന് മുട്ടുകുത്തിച്ചാണ് കരീബിയന്‍ പട സ്വപ്‌നകിരീടം കൈപ്പിടിയിലൊതുക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 137 റണ്‍സ് നേടി. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിന്‍ഡീസ് തങ്ങളുടെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിച്ച് നാലാം ഐ.സി.സി ട്വന്റി-20 കിരീടം നേടിയത്. []

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് 137 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തി.  മെന്‍ഡിസിന്റെ മാന്ത്രിക സ്പിന്നിന് മുന്നില്‍ നാല് പേരാണ് കൂടാരം കയറിയത്. ബൗളര്‍മാരുടെ പ്രകടനങ്ങള്‍ക്ക് മുന്നില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിവുകള്‍ പുറത്തെടുക്കാനായില്ല.

അമ്പത് റണ്‍സ് തികക്കാനാകാതെ ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറിയപ്പോള്‍ മാര്‍ലണ്‍ സാമുവല്‍സ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ നേടിയ 78 റണ്‍സ് മാത്രമാണ് ഇതിനൊരപവാദം. 56 ബോളില്‍ നിന്നായി മൂന്ന് ഫോറും ആറ് സിക്‌സറും അടിച്ചാണ് ആരാധകരെ കോരിത്തരിപ്പിച്ചത്. ഗെയില്‍ ആരാധകരെ നിരാശപ്പെടുത്തിയപ്പോള്‍ ആ കുറവ് മാര്‍ലണ്‍ സാമുവല്‍സ് മധ്യ ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 78 റണ്‍സ് നേടി. അവസാന ഓവറുകളില്‍ സാമുവല്‍സിനോടൊപ്പം ആഞ്ഞു ബാറ്റ് വീശിയ സമിയും ചേര്‍ന്നാണ് 137 ല്‍ വിന്‍ഡീസിനെ എത്തിച്ചത്. പുറത്താകാതെ 26 റണ്‍സാണ് സമി നേടിയത്.

കരീബിയന്‍ പട ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ശരിക്കും വെള്ളം കുടിച്ചു. ആറ് ഓവറില്‍ വെറും 14 റണ്‍സിന് രണ്ട് എന്ന അവസ്ഥയിലായിരുന്നു വിന്‍ഡീസ്. ജോണ്‍സണ്‍ ചാള്‍സും ക്രിസ് ഗെയിലും ഇതിനിടയില്‍ കൂടാരം കയറിയിരുന്നു. സാമുവല്‍സും ഡെയിന്‍ ബ്രാവോയും സാമുവല്‍സും ഒത്തുചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് വിന്‍ഡീസിന് അല്‍പം ആശ്വാസകരമായിരുന്നു. 19 റണ്‍സുമായി ബ്രാവോ പുറത്താകുമ്പോള്‍ 59 ല്‍ എത്തിയിരുന്നു വിന്‍ഡീസ്.

1979ല്‍ ക്ലൈവ് ലോയ്ഡിന്റെ ടീം രണ്ടാം ലോകകപ്പ് നേടിയശേഷം വെസ്റ്റ് ഇന്‍ഡീസിന് ആദ്യമായൊരു ലോകകപ്പ്. സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്‌ലും ലസിത് മലിംഗയും പ്രഭ മങ്ങിയ നക്ഷത്രങ്ങളായി. മലിംഗ നാലോവറില്‍ വിട്ടുകൊടുത്തത് 54 റണ്‍സ്.

സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പുതന്നെ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിനെ നഷ്ടമായ വിന്‍ഡീസ് ടീം ആ സമ്മര്‍ദത്തില്‍നിന്നു മുക്തമാകാന്‍ ഏറെ സമയമെടുത്തു. മൂന്നാമത്തെ ഓവറിലെ അഞ്ചാം പന്തിലാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ബാറ്റില്‍നിന്ന് ആദ്യ റണ്‍ എത്തിയത്. ആദ്യ മൂന്നോവറില്‍ ഒരു വിക്കറ്റിനു രണ്ടു റണ്‍സ് മാത്രമമായിരുന്നു സ്‌കോര്‍ ബോര്‍ഡില്‍.

ഗെയ്‌ലിന്റെ നിഴല്‍ മാത്രമായിരുന്നു ഫൈനലില്‍. മൂന്നു തവണയെങ്കിലും എല്‍ബിഡബ്ല്യു അപ്പീലില്‍നിന്നു രക്ഷപ്പെട്ട ഗെയ്ല്‍ ഒടുവില്‍ വിക്കറ്റിനു മുന്നില്‍തന്നെ കുടുങ്ങി. മെന്‍ഡിസിന്റെ ആദ്യവിക്കറ്റ്.  അംപയര്‍ സൈമണ്‍ ടോഫലിന്റെ അവസാന രാജ്യാന്തര മല്‍സരമായിരുന്നു ലങ്ക-വിന്‍ഡീസ് ഫൈനല്‍. പിന്നീട് ഒന്നുചേര്‍ന്ന മര്‍ലോണ്‍ സാമുവല്‍സ്-ഡ്വെയ്ന്‍ ബ്രാവോ സഖ്യം വിന്‍ഡീസിനെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.