'ഒരു കൈയബദ്ധം.. നാറ്റിക്കരുത്'; പടം മാറി ട്വീറ്റ് ചെയ്ത ഐ.സി.സിയെ ട്രോളി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
Cricket
'ഒരു കൈയബദ്ധം.. നാറ്റിക്കരുത്'; പടം മാറി ട്വീറ്റ് ചെയ്ത ഐ.സി.സിയെ ട്രോളി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st July 2019, 7:28 pm

അമ്പയര്‍മാര്‍ക്കു മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു (ഐ.സി.സി) വരെ തെറ്റുകള്‍ പറ്റും. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത് ഇക്കാര്യമാണ്.

സംഭവം ഇങ്ങനെയാണ്. ഇന്നായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ആന്‍ഡ്രൂ ഹാളിന്റെ 44-ാം ജന്മദിനം. പതിവുപോലെ ഐ.സി.സി മുന്‍ ക്രിക്കറ്റ് താരത്തിന് ജന്മദിനാശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബൗളിങ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ എന്ന വിശേഷണത്തോടെ ഹാള്‍ നേടിയ വിക്കറ്റുകളുടെയും സ്‌കോര്‍ ചെയ്ത റണ്‍സിന്റെയും കണക്കോടെയായിരുന്നു ട്വീറ്റ്.

പക്ഷേ ചെറിയൊരു അബദ്ധം പറ്റി. ഹാളിന്റേതായി കൊടുത്ത ചിത്രം മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ചാള്‍ ലാങ്‌വെല്‍റ്റിന്റേതായിപ്പോയി. ഇതു കണ്ടെത്തിയതാകട്ടെ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും (ബി.സി.ബി).

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അതു ഞങ്ങളുടെ ബൗളിങ് കോച്ച് ചാള്‍ ലാങ്‌വെല്‍റ്റ് അല്ലേ? ആന്‍ഡ്രൂ ഹാളിന് ജന്മദിനാശംസകള്‍.’- എന്നായിരുന്നു ബി.സി.ബിയുടെ ട്വീറ്റ്. ഒപ്പം ഹാളിന്റെ യഥാര്‍ഥ ചിത്രവും അവര്‍ നല്‍കി. തുടര്‍ന്ന് ഐ.സി.സി തങ്ങളുടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിങ് പരിശീലകനാണ് ലാങ്‌വെല്‍റ്റ്.

ആന്‍ഡ്രൂ ഹാള്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 88 ഏകദിനങ്ങളില്‍ നിന്നായി 95 വിക്കറ്റും 21 ടെസ്റ്റില്‍ നിന്നായി 45 വിക്കറ്റും നേടിയിട്ടുണ്ട്.

ലാങ്‌വെല്‍റ്റാകട്ടെ, 72 ഏകദിനങ്ങളില്‍ നിന്നായി 100 വിക്കറ്റും ആറ് ടെസ്റ്റില്‍ നിന്നായി 16 വിക്കറ്റും നേടിയിട്ടുണ്ട്.