ന്യൂദല്‍ഹി: 2028ല്‍ അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സില്‍ ക്രിക്കറ്റിനെയും ഉള്‍പ്പെടുത്താന്‍ ഐ.സി.സി യുടെ നിര്‍ണായക നീക്കം. 30 ദശലക്ഷത്തിനടുത്ത് ക്രിക്കറ്റ് ആരാധകരുള്ള ലോസ് ആഞ്ചല്‍സില്‍, ഒളിംപിക്സ് ക്രിക്കറ്റ് പുനരാരംഭിക്കാന്‍ അനുയോജ്യമായ വേദിയാണെന്നാണ് കണക്കുകൂട്ടല്‍.
ഇതിന് മുന്‍പ് ഒരുതവണ മാത്രമാണ് ക്രിക്കറ്റ് ഒളിംപിക്‌സില്‍ മത്സരയിനമായി അരങ്ങേറിയിരുന്നത്. 1900 പാരിസ് ഒളിംപിക്‌സില്‍ 2 ടീമുകള്‍ മാത്രമാണ് അന്ന് പങ്കെടുത്തിരുന്നത്.
ആതിഥേയരായ ഫ്രാന്‍സും ബ്രിട്ടനും തമ്മിലായിരുന്നു മത്സരം. ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുകയാണെങ്കില്‍ 128 വര്‍ഷങ്ങള്‍ക്ക് ശേഷമാവും ക്രിക്കറ്റ് ലോക കായിക മാമാങ്കത്തില്‍ തിരികെയെത്തുന്നത്.
2022 ബിര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതിനാല്‍ മത്സരത്തിന്റെ മനോഹാരിത അടുത്ത വര്‍ഷം നടക്കുന്ന ഒളിംപിക്‌സില്‍ കൂടുതല്‍ പ്രകടമാകും.
ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുന്നത് മറ്റു മത്സരങ്ങള്‍ക്കും ക്രിക്കറ്റിനും ഒരുപോലെ ഗുണകരമാകുമെന്ന് ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ഗ്ലേ പറഞ്ഞു.
‘ഒളിംപിക്‌സിന്റെ ഭാവിയില്‍ ക്രിക്കറ്റിന് പ്രാധാന്യമുണ്ടാകും. ക്രിക്കറ്റിന് ഒരു ലക്ഷം കോടിക്കടുത്ത് ആരാധകരുണ്ട്. അതില്‍ 90 ശതമാനവും ക്രിക്കറ്റ്, ഒളിംപിക്‌സിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ട്,’ അദ്ദേഹം കൂട്ടിചേര്‍ത്തു.
ഐ.സി.സി യുടെ ഒളിംപിക്‌സ് വര്‍ക്കിംഗ് ഗ്രൂപ്പിനെ നയിക്കുന്നത് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ലാന്‍ വാട്ട്‌മോറെയാണ്.
ഐ.സി.സി ഡയറക്ടര്‍ ഇന്ദ്ര നൂയി, സിംബാംബ്‌വേ ക്രിക്കറ്റ് ചെയര്‍മാന്‍ ടവെങ്ങവ മുക്കുലാനി, ഐ.സി.സി അസോസിയേറ്റ് ഡയറക്ടറും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് മഹീന്ദ വലിപുരം, യു.എസ്.എ ക്രിക്കറ്റ് അധ്യക്ഷന്‍ പരാഗ് മരാത്തെ എന്നിവരും വര്‍ക്കിംഗ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കും.