| Wednesday, 22nd December 2021, 6:50 pm

ടെസ്റ്റ് റാങ്കിങ്ങില്‍ കോഹ്‌ലിക്ക് തിരിച്ചടി; ലബുഷെയ്ന്‍ ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: തന്റെ കരിയറിലെ മോശം കാലത്തിലൂടെ കടന്ന് പോകുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് ടെസ്റ്റ് റാങ്കിങ്ങിലും തിരിച്ചടി.

ന്യൂസിലാന്റ് പരമ്പര അവസാനിക്കുമ്പോള്‍ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തായിരുന്ന വിരാട് പുതുക്കിയ റാങ്കിങ്ങില്‍ 756 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഓസ്ട്രേലിയയുടെ മാര്‍നസ് ലബുഷെയ്നാണ് പുതിയ ഒന്നാം നമ്പര്‍ ബാറ്റര്‍. തന്റെ കരിയര്‍ ബെസ്റ്റായ 912 റേറ്റിങ്ങ് പോയിന്റുകള്‍ നേടിയാണ് ലബുഷെയ്ന്‍ ഒന്നാം സ്ഥാനത്തെത്തിയത്.

897 പോയിന്റുകളുള്ള ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പിന്തള്ളിയാണ് ലബുഷെയ്ന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. കരിയറില്‍ ആദ്യമായാണ് താരം റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.

ഓസ്ട്രേലിയയുടെ തന്നെ സ്റ്റീവ് സ്മിത്താണ് റാങ്കിങ്ങില്‍ മൂന്നാമത്. നാലും അഞ്ചും സ്ഥാനത്ത് ന്യൂസിലാന്റ നായകന്‍ കെയ്ന്‍ വില്യംസണും, ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ്.

വിരാടിനെ മറികടന്ന് ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ് ആറാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരൊന്നും ഇടംപിടിച്ചില്ല. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് 14ാം സ്ഥാനത്താണ്.

അതേസമയം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ്
ഒന്നാം സ്ഥാനത്ത്.

ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒരാഴ്ചക്ക് ശേഷം പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനും പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ഓപ്പണര്‍ കെ.എല്‍. രാഹുല്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബാറ്റര്‍. 5ാം സ്ഥാനത്താണ് രാഹുല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  ICC Test Rankings: Virat Kohli slips to No. 7

We use cookies to give you the best possible experience. Learn more