ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. 860 പോയിന്റുമായി താരം നിലവിലെ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.
ആദ്യ പത്തിനുള്ളില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. പരിക്കിന്റെ പിടിയിലായി ദീര്‍ഘനാളായി കളിക്കാത്ത ജസ്പ്രീത് ബുമ്ര (772) രണ്ട് സ്ഥാനം താഴേക്കിറങ്ങി എട്ടാമതായി. ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് (765) പത്താം സ്ഥാനത്ത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് (829) മൂന്നാം സ്ഥാനം നിലനിര്‍ത്തി. എങ്കിലും 850 പോയിന്റുകളുള്ള ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ രണ്ടാം സ്ഥാനം അപഹരിക്കാന്‍ താരത്തിനായിട്ടില്ല.
ആദ്യ പത്ത് റാങ്കില്‍ ഇടം പിടിച്ച ടെസ്റ്റ് ബൗളര്‍മാര്‍ ഇവരാണ്. രവിചന്ദ്രന്‍ അശ്വിന്‍ (860), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (850), പാറ്റ് കമ്മിന്‍സ് (829), കഗീസോ റബാഡ (825), ഷഹീന്‍ അഫ്രീഡി (787), ഒലീ റോബിന്‍സണ്‍ (777), നഥാന്‍ ലിയോണ്‍ (777), ജസ്പ്രീത് ബുമ്ര (772), രവീന്ദ്ര ജഡേജ (765), സ്റ്റ്യുവര്‍ട്ട് ബ്രോഡ് (744).
അതേസമയം, ഐ.സി.സി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മൂന്നും ഇന്ത്യന്‍ താരങ്ങളാണുള്ളത്. 434 റാങ്കിങ് പോയിന്റുകളുമായി രവീന്ദ്ര ജഡേജയാണ് ഒന്നാമതെത്തിയത്. 352 പോയിന്റുമായി രവിചന്ദ്രന്‍ അശ്വിന്‍ ഈ ലിസ്റ്റില്‍ രണ്ടാമനാണ്.
ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ഹസന് (339) പിന്നിലായി അക്ഷര്‍ പട്ടേല്‍ (310) നാലാമനായി. ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സാണ് (299) അഞ്ചാമന്‍.