| Wednesday, 21st June 2023, 8:22 pm

ഐ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ അമ്പരപ്പിക്കുന്ന കുതിപ്പുമായി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഒന്നാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് തൊറ്റെങ്കിലും ഐ.സി.സി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി ഇംഗ്ലണ്ട് താരം ജോ റൂട്ട്. നേരത്തെ ആറാം സ്ഥാനത്തായിരുന്ന റൂട്ട് (887) എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് അഞ്ച് സ്ഥാനം മുന്നോട്ട് കയറി ഒന്നാമനായത്.

റാങ്കിങ്ങില്‍ രണ്ടാമതുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും (883) രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. നേരത്തെ ഒന്നാമനായിരുന്ന ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബൂഷാന്‍ (877) രണ്ട് സ്ഥാനം താഴേക്കിറങ്ങി മൂന്നാമനായി.

ഓസീസ് മധ്യനിര താരം ട്രാവിസ് ഹെഡ് (873) ആണ് നാലാം സ്ഥാനത്തുള്ളത്. പാക് താരം ബാബര്‍ അസം 862 പോയിന്റുമായി അഞ്ചാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ താരം റിഷഭ് പന്ത് മാത്രമാണ് ആദ്യ പത്തിനുള്ളിലുള്ള ഏക ഇന്ത്യന്‍ താരം.

സ്റ്റീവ് സ്മിത്ത് (861), ഉസ്മാന്‍ ഖവാജ (836), ഡാരില്‍ മിച്ചല്‍ (792), ദിമുത് കരുണരത്‌നെ (780), റിഷഭ് പന്ത് (758) എന്നിവരാണ് പത്ത് വരെയുള്ള റാങ്കുകളിലുള്ളത്.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 860 പോയിന്റുകളുമായി രണ്ടാം സ്ഥാനക്കാരനായ ജെയിംസ് ആന്‍ഡേഴ്‌സണേക്കാള്‍ (829) ബഹുദൂരം മുന്നിലാണ് അശ്വിന്‍.

ആഷസ് പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ അശ്വിന് വെല്ലുവിളി ഉയര്‍ത്താന്‍ ആന്‍ഡേഴ്‌സണ് കഴിയുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍. എട്ടാം റാങ്കിലുള്ള ജസ്പ്രീത് ബുമ്രയ്ക്ക് 772 പോയിന്റുകളാണുള്ളത്. 765 പോയിന്റുമായി രവീന്ദ്ര ജഡേജയാണ് ഒമ്പതാം സ്ഥാനത്തുള്ളത്.

Content Highlights: icc test batting rank updated, joe root ranks no 1

We use cookies to give you the best possible experience. Learn more