| Monday, 20th November 2023, 3:15 pm

ഫൈനല്‍ തോറ്റിട്ടും ക്യാപ്റ്റന്‍ രോഹിത്, കമ്മിന്‍സിന് ഇടമില്ല; പതിനൊന്നില്‍ ആറും ഇന്ത്യ; ടീം ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വേള്‍ഡ് കപ്പിന്റെ 13ാം പതിപ്പിന് വിരാമമായിരിക്കുകയാണ്. മൈറ്റി ഓസീസ് തങ്ങളുടെ പോര്‍ട്‌ഫോളിയോയിലേക്ക് ആറാം കിരീടവും എഴുതിച്ചേര്‍ത്താണ് ഇന്ത്യയില്‍ ലോകകപ്പിനോട് വിടപറയുന്നത്. സ്വന്തം മണ്ണില്‍ സ്വന്തം കാണികളുടെ മുമ്പില്‍ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ ഇറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്താണ് കമ്മിന്‍സും സംഘവും കിരീടമണിഞ്ഞത്.

നിരവധി റെക്കോഡുകള്‍ പിറവിയെടുത്ത ലോകകപ്പായിരുന്നു ഇത്. ഇതിന് പുറമെ പല സൂപ്പര്‍ താരങ്ങളുടെയും ഉദയത്തിനും ഈ ലോകകപ്പ് കാരണമായി. ഈ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൂപ്പര്‍ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ടീം ഓഫ് ദി ടൂര്‍ണമെന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഇന്ത്യയെ ഫൈനലിലെത്തിച്ച രോഹിത് ശര്‍മയാണ് ടീം ഓഫ് ദി ടൂര്‍ണമെന്റിന്റെ ക്യാപ്റ്റന്‍. രോഹിത്തിന് പുറമെ ഇലവനില്‍ വിരാട് കോഹ്‌ലി അടക്കമുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടം നേടി.

ഓസീസിനെ കിരീടം ചൂടിച്ചെങ്കിലും പാറ്റ് കമ്മിന്‍സിന് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയി എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും ആദം സാംപയുമാണ് ഓസ്‌ട്രേലിയില്‍ നിന്നുള്ള മറ്റ് താരങ്ങള്‍

ഐ.സി.സി ടീം ഓഫ് ദി ടൂര്‍ണമെന്റ് പരിശോധിക്കാം

ഓപ്പണര്‍മാര്‍: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ

ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ പ്രധാനികളായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കുമാണ് ഈ ടീം ഓഫ് ദി ടൂര്‍ണമെന്റിന്റെ ഓപ്പണര്‍മാര്‍. സൗത്ത് ആഫ്രിക്കയെ സെമി ഫൈനലിലേക്ക് നയിച്ച ഡി കോക്ക് പത്ത് മത്സരത്തില്‍ നിന്നും നാല് സെഞ്ച്വറിയടക്കം 594 റണ്‍സ് നേടിയിരുന്നു. 11 മത്സരത്തില്‍ നിന്നും 597 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡ് നേടിയാണ് രോഹിത് ക്യാംപെയ്ന്‍ അവസാനിപ്പിച്ചത്.

മൂന്ന്, നാല് അഞ്ച് നമ്പറുകളില്‍ യഥാക്രമം വിരാട് കോഹ്‌ലി, ഡാരില്‍ മിച്ചല്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് ഇടം പിടിച്ചിരിക്കുന്നത്. ഈ ടൂര്‍ണമെന്റിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വിരാട് ഇല്ലാതെ ടീം ഓഫ് ദി ടൂര്‍ണമെന്റ് ഒരിക്കലും പൂര്‍ണമാകില്ല. 11 മത്സരത്തില്‍ നിന്നും 765 റണ്‍സടിച്ച വിരാടിനെ തന്നെയായിരുന്നു ലോകകപ്പിന്റെ താരമായി തെരഞ്ഞെടുത്തത്.

ന്യൂസിലാന്‍ഡിനായി ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് നാലാമനായി കളത്തിലിറങ്ങുക. പത്ത് മത്സരത്തില്‍ നിന്നും 552 റണ്‍സാണ് മിച്ചല്‍ നേടിയത്. ഇന്ത്യന്‍ മിഡില്‍ ഓര്‍ഡറിന്റെ കരുത്തായ കെ.എല്‍. രാഹുലാണ് അഞ്ചാമനും വിക്കറ്റ് കീപ്പറും .

ഓസീസിന്റെ കിരീടധാരണത്തില്‍ പ്രധാന പങ്കുവഹിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ആറാമന്‍. 400 റണ്‍സും ആറ് വിക്കറ്റുമാണ് മാക്‌സി ഈ ലോകകപ്പില്‍ നേടിയത്. രവീന്ദ്ര ജഡേജയാണ് മാക്‌സ് വെല്ലിനൊപ്പം ഓള്‍ റൗണ്ടറായി ഇടം നേടിയിരിക്കുന്നത്. ലോകകപ്പില്‍ 102 റണ്‍സും 16 വിക്കറ്റുമാണ് ജഡ്ഡുവിന്റെ സമ്പാദ്യം.

പേസര്‍മാരായി ജസ്പ്രീത് ബുംറ, ദില്‍ഷന്‍ മധുശങ്ക, മുഹമ്മദ് ഷമി എന്നിവര്‍ ഇടം നേടിയപ്പോള്‍ ആദം സാംപയാണ് ടീമിന്റെ സ്പിന്‍ ഓപ്ഷന്‍. 88 വിക്കറ്റുകളാണ് ഈ ലോകകപ്പില്‍ ഈ നാല്‍വര്‍ സംഘം നേടിയത്.

ടീമിലെ 12ാനായി സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ജെറാള്‍ഡ് കോട്‌സിയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐ.സി.സി 2023 ലോകകപ്പ് ടീം ഓഫ് ദി ടൂര്‍ണമെന്റ്

ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക)
രോഹിത് ശര്‍മ (ഇന്ത്യ) – ക്യാപ്റ്റന്‍
വിരാട് കോഹ് ലി (ഇന്ത്യ)
ഡാരില്‍ മിച്ചല്‍ (ന്യൂസിലാന്‍ഡ്)
കെ.എല്‍. രാഹുല്‍ (ഇന്ത്യ) – വിക്കറ്റ് കീപ്പര്‍
ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ)
രവീന്ദ്ര ജഡേജ (ഇന്ത്യ)
ജസ്പ്രീത് ബുംറ (ഇന്ത്യ)
ദില്‍ഷന്‍ മധുശങ്ക (ശ്രീലങ്ക)
ആദം സാംപ (ഓസ്‌ട്രേലിയ)
മുഹമ്മദ് ഷമി (ഇന്ത്യ)

12ാം താരം: ജെറാള്‍ഡ് കോട്‌സി (സൗത്ത് ആഫ്രിക്ക)

Content Highlight: ICC team of the World Cup 2023.

We use cookies to give you the best possible experience. Learn more