ടി-20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8ല്‍ പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എ-യില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായണ് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് ഇന്ത്യക്കുള്ളത്.
സൂപ്പര്‍ എട്ടില്‍ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 20നാണ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ ആദ്യ മത്സരം. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. മൂന്നാം മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയിറങ്ങുക.
സൂപ്പര്‍ എട്ടിനിറങ്ങും മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പിയൂഷ് ചൗള. അഫ്ഗാനിസ്ഥാനെയും ഓസ്‌ട്രേലിയയെയും ഭയക്കണമെന്നാണ് ചൗള പറയുന്നത്.
‘ഐ.സി.സി ഇവന്റുകളില്‍ ഓസ്‌ട്രേലിയ എല്ലായ്‌പ്പോഴും അപകടകാരികളാണ്. അവര്‍ക്ക് ഏത് ടീമിനെയും പരാജയപ്പെടുത്താന്‍ സാധിക്കും. ഈ ലോകകപ്പില്‍ നമ്മള്‍ അവരുടെ പ്രകടനം ഇതിനോടകം തന്നെ കണ്ടതാണ്.
അഫ്ഗാനിസ്ഥാന് വളരെ മികച്ച സ്‌ക്വാഡാണുള്ളത്. വിന്‍ഡീസ് സാഹചര്യങ്ങളില്‍ ആസ്വദിച്ചാണ് അവരുടെ ബൗളര്‍മാര്‍ പന്തെറിയുന്നത്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ചൗള പറഞ്ഞു.
ബംഗ്ലാദേശിന്റെ സ്‌ക്വാഡിനെ കുറിച്ചും അവരുടെ പ്രകടനത്തെ കുറിച്ചും ചൗള പറഞ്ഞു.
‘ബംഗ്ലാദേശ് മികച്ച ക്രിക്കറ്റ് തന്നെയാണ് പുറത്തെടുക്കുന്നത്. എന്നാല്‍ അത് അത്രത്തോളം മത്സരബുദ്ധിയോടുള്ള ക്രിക്കറ്റല്ല അവരിലുള്ളത്. എന്നാല്‍ ശക്തമായ ഒരു ടീമായി മാറുന്നതില്‍ അവരിപ്പോഴും എറെ പിന്നിലാണ്. എന്നിരുന്നാലും ഗ്രൂപ്പ് എ മികച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്,’ ചൗള കൂട്ടിച്ചേര്‍ത്തു.