| Monday, 27th November 2023, 5:34 pm

ഹാട്രിക് കരുത്തില്‍ നേടിയത് 144 റണ്‍സിന്റെ വിജയം; ലോകകപ്പിലേക്ക് പറക്കാന്‍ സിംബാബ്‌വേ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിന്റെ ആഫ്രിക്ക ക്വാളിഫയറില്‍ റുവാണ്ടയെ 144 റണ്‍സിന് പരാജയപ്പെടുത്തി സിംബാബ്‌വേ. വാണ്ടറേഴ്‌സ് സ്‌പോര്‍ട്‌സ് ഗ്രൗണ്ട്‌സില്‍ നടന്ന മത്സരത്തില്‍ സിംബാബ്‌വേ ഉയര്‍ത്തിയ 216 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ റുവാണ്ട 71 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് ഷെവ്‌റോണ്‍സിന് അനായാസ വിജയം സമ്മാനിച്ചത്. ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ റാസ ബൗളിങ്ങില്‍ ഹാട്രിക്കും തികച്ചിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേക്കായി ഓപ്പണര്‍മാര്‍ മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും താഡിവാനാഷെ മരുമാണിയും ചേര്‍ന്ന് 99 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

36 പന്തില്‍ 58 റണ്‍സ് നേടിയ റാസയെയാണ് ഷെവ്‌റോണ്‍സിന് ആദ്യം നഷ്ടമായത്. ഇമ്മാനുവല്‍ സെബാറീമിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് റാസ പുറത്തായത്.

ടീം സകോര്‍ 119ല്‍ നില്‍ക്കവെ മരുമാണിയും മടങ്ങി. ക്ലിന്റണ്‍ റബാഗുമ്യയുടെ പന്തില്‍ എമില്‍ റുകിനിസക്ക് ക്യാച്ച് നല്‍കിയാണ് മരുമാണി പുറത്തായത്. 31 പന്തില്‍ 50 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ സിംബാബ്‌വന്‍ ഓപ്പണറുടെ പേരിലുണ്ടായിരുന്നത്.

മിഡില്‍ ഓര്‍ഡറില്‍ റയാന്‍ ബേളും ആഞ്ഞടിച്ചതോടെ സിംബാബ്‌വേ 200 കടന്നു. 21 പന്തില്‍ 44 റണ്‍സാണ് താരം നേടിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് സിംബാബ്‌വേ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റുവാണ്ടക്ക് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ച് മുന്‍നിര വിക്കറ്റുകള്‍ ആഫ്രിക്കന്‍ ടീമിന് നഷ്ടമായിരുന്നു.

എന്നാല്‍ ആറാം നമ്പറിലിറങ്ങിയ വിക്കറ്റ് കീപ്പര്‍ ദിദിയര്‍ എന്‍ഡികുബ്വിമാനെ മാത്രമാണ് ചെറുത്തുനിന്നത്. 34 പന്തില്‍ 30 റണ്‍സ് നേടിയാണ് താരം പുറത്തായത്. എന്‍ഡികുബ്വിമാനെക്ക് പുറമെ മാര്‍ട്ടിന്‍ അകെയെസു മാത്രമാണ് ഇരട്ടയക്കം കണ്ടത്.

ഒടുവില്‍ 18.4 ഓവറില്‍ റുവാണ്ട ഓള്‍ ഔട്ടായി.

സിംബാബ്‌വേക്കായി റാസ ഹാട്രിക് നേടി. 19ാം ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് നാദിറിനെ ക്ലീന്‍ ബൗള്‍ഡാക്കിയ റാസ തൊട്ടടുത്ത പന്തില്‍ സാപ്പി ബിമെനിയമാനയെ ബ്ലെസിങ് മുസാബരാനിയുടെ കൈകളിലെത്തിച്ചും ഓവറിലെ നാലാം പന്തില്‍ എമില്‍ റുകിരിസയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയും പുറത്താക്കി.

റാസക്ക് പുറമെ റിച്ചാര്‍ഡ് എന്‍ഗരാവ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ റയാന്‍ ബേള്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ബ്ലെസിങ് മുസാബരാനിയും കാള്‍ മുംബയും ഓരോ വിക്കറ്റും നേടി റുവാണ്ടന്‍ പതനം പൂര്‍ത്തിയാക്കി.

നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി സിംബാബ്‌വേ മൂന്നാം സ്ഥാനത്താണ്. നവംബര്‍ 29നാണ് സിംബാബ്‌വേയുടെ അടുത്ത മത്സരം. നൈജീരിയയാണ് എതിരാളികള്‍.

Content Highlight: ICC T20 World Cup Africa qualifiers, Zimbabwe defeated Rwanda

We use cookies to give you the best possible experience. Learn more