ടി-20 ലോകകപ്പില്‍ ഇന്ത്യ ആതിഥേയരായ യു.എസ്.എയെ നേരിടാനൊരുങ്ങുകയാണ്. ആതിഥേയരെന്ന പ്രിവിലേജില്‍ ലോകകപ്പ് കളിക്കുന്നവര്‍ എന്ന പരിഹാസങ്ങളില്‍ തളരാതെ മിക്ക ഫുള്‍ മെമ്പര്‍ ടീമുകളേക്കാളും ഈ ലോകകപ്പ് കളിക്കാന്‍ തങ്ങള്‍ യോഗ്യരാണെന്ന് തങ്ങളുടെ കളിമികവിലൂടെ തെളിയിച്ചുകൊണ്ടാണ് അമേരിക്ക തിളങ്ങുന്നത്.
ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ അമേരിക്കയും തമ്മിലുള്ള പോരാട്ടത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. നേരത്തെ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയ ടീമിനെ ഇന്ത്യന്‍ ടീമും ആരാധകരും ഒരിക്കലും വില കുറച്ചുകാണില്ല.
ഗ്രൂപ്പ് എ-യില്‍ തോല്‍വിയറിയാത്ത രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈസ്റ്റ് മെഡോയിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഈ മാച്ചിനുണ്ട്. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് മുമ്പോട്ട് കുതിക്കാന്‍ സാധിക്കുമെന്നതിനാല്‍ വിജയം മാത്രമാണ് ഇരുവരും ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ ഈ മത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് അമേരിക്കന്‍ നായകനായ മോനങ്ക് പട്ടേല്‍. ഇന്ത്യന്‍ വംശജനായ മോനങ്ക് ഗുജറാത്തിലാണ് ജനിച്ചത്. സംസ്ഥാന അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകള്‍ക്കായും താരം കളത്തിലിറങ്ങിയിട്ടുണ്ട്.
രോഹിത് ശര്‍മക്കൊപ്പം ടോസിങ്ങില്‍ പങ്കാളിയാകുന്നത് സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിന് തുല്യമാണെന്നാണ് പട്ടേല്‍ പറയുന്നത്.
‘ഇത്തരത്തിലുള്ള ഓരോ കാര്യങ്ങളാണ് സ്വപ്‌നം കാണുന്നത്, അപ്പോള്‍ വളരെ പെട്ടെന്ന് നിങ്ങള്‍ രോഹിത് ശര്‍മക്കൊപ്പം ഒരു മത്സരത്തിന്റെ ടോസിങ്ങില്‍ പങ്കാളിയാകുന്നു! ഇതൊരിക്കലും വിശ്വസാക്കാന്‍ സാധിക്കുന്ന ഒന്നല്ല.
ഇതൊരു ഹൈ പ്രഷര്‍ ഗെയിം ആകുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ നിമിഷം മുതല്‍ വളരെയധികം ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് മികച്ച ക്രിക്കറ്റ് കളിക്കണം, ഞങ്ങള്‍ക്ക് എല്ലാ ടീമുകള്‍ക്കെതിരെയും കളിക്കണം,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോനങ്ക് പട്ടേല്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ ഇന്ത്യന്‍ വംശജരെ തന്നെയാണ് അമേരിക്ക കളത്തിലിറക്കുന്നത്. മോനങ്ക് പട്ടേലിന് പുറമെ ഇന്ത്യക്കായി അണ്ടര്‍ 19 ലോകകപ്പ് കളിച്ച സൗരഭ് നേത്രാവല്‍ക്കര്‍, സൂപ്പര്‍ താരങ്ങളായ നിതീഷ് കുമാര്‍, ഹര്‍മീത് സിങ്, മിലിന്ദ് കുമാര്‍ എന്നിങ്ങനെ ഇന്ത്യന്‍ വംശജരുടെ ഒരു നിര തന്നെ യു.എസ്.എ ടീമിനൊപ്പമുണ്ട്.
രര്‍ത്ഥത്തില്‍ ഇന്ത്യ vs ഇന്ത്യ മാച്ചാണ് ന്യൂയോര്‍ക്കില്‍ നടക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.
യു.എസ്.എ സ്‌ക്വാഡ്
ആരോണ്‍ ജോണ്‍സ്, ഗജാനന്ദ് സിങ്, നിതീഷ് കുമാര്‍, ഷയാന്‍ ജഹാംഗീര്‍, കോറി ആന്‍ഡേഴ്സണ്‍, ഹര്‍മീത് സിങ്, ജുവാനോയ് ഡ്രൈസ്ഡേല്‍, മിലിന്ദ് കുമാര്‍, നിസര്‍ഗ് കേതന്‍കുമാര്‍ പട്ടേല്‍, ഷാഡ്ലി വാന്‍ ഷാക്വിക്, സ്റ്റീവന്‍ ടെയ്ലര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), മോനങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലി ഖാന്‍, ജസ്ദീപ് സിങ്, നോസതുഷ് കെഞ്ചിഗെ, സൗരഭ് നേത്രാവല്‍ക്കര്‍, യാസിര്‍ മുഹമ്മദ്.
Content Highlight: ICC T20 World Cup 2024: USA vs IND: Monank Patel about Rohit Sharma