| Wednesday, 12th June 2024, 11:47 pm

നിര്‍ണായക നിമിഷത്തില്‍ അനുഗ്രഹമായി പെനാല്‍ട്ടിയും; ചങ്കിടിപ്പിച്ച ജയം, സൂപ്പര്‍ എട്ടിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനക്കാരായ യു.എസ്.എക്കെതിരെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

യു.എസ്.എ ഉയര്‍ത്തിയ 111റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു. നായകന്‍ മോനാങ്ക് പട്ടേലിന്റെ അഭാവത്തില്‍ ആരോണ്‍ ജോണ്‍സാണ് യു.എസ്.എയെ നയിച്ചത്..

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി. 23 പന്തില്‍ 27 റണ്‍സ് നേടിയ നിതീഷ് കുമാറും 30 പന്തില്‍ 24 റണ്‍സടിച്ച സ്റ്റീവന്‍ ടെയ്‌ലറുമാണ് യു.എസ്.എയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലി പുറത്തായി. ഗോള്‍ഡന്‍ ഡക്കായാണ് വിരാട് മടങ്ങിയത്.

സൗരഭ് നേത്രാവല്‍ക്കറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആന്‍ഡ്രീസ് ഗൗസിന്റെ കൈകളിലൊതുങ്ങിയാണ് വിരാട് പവലിയനിലേക്ക് തിരിച്ചുനടന്നത്. ഐ.സി.സി ഇവന്റില്‍ ഇതാദ്യമായാണ് വിരാട് ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്.

വിരാട് പുറത്തായി അധികം വൈകാതെ രോഹിത് ശര്‍മയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ആറ് പന്തില്‍ മൂന്ന് റണ്‍സ് നേടി നില്‍ക്കവെയാണ് രോഹിത് തിരിച്ചുനടന്നത്.

രോഹിത്തിന് പിന്നാലെ സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. നേരത്തെ കളത്തിലിറങ്ങിയ റിഷബ് പന്തിനെ ഒപ്പം കൂട്ടി സ്‌കൈ സ്‌കോര്‍ ഉയര്‍ത്തി.

എന്നാല്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെ പന്തിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ടീം സ്‌കോര്‍ 39ല്‍ നില്‍ക്കവെയാണ് പന്ത് പവലിയനിലേക്ക് തിരിച്ചുനടക്കുന്നത്. അലി ഖാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് പന്ത് മടങ്ങിയത്.

ശേഷം ശിവം ദുബെയാണ് കളത്തിലെത്തിയത്. ഇരുവരും ചേര്‍ന്ന് ഒട്ടും ധൃതി കാട്ടാതെ ബാറ്റ് വീശി. ഇരുവരുടെയും സെന്‍സിബിള്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.

ഇതിനിടെ ഇന്ത്യക്ക് അനുകൂലമായി അഞ്ച് പെനാല്‍ട്ടി റണ്‍സും ലഭിച്ചിരുന്നു. ഒരു ഓവര്‍ പൂര്‍ത്തിയാക്കി അടുത്ത ഓവര്‍ എറിയുന്നതിന് അനുവദിച്ചതിലും അധികം സമയമെടുത്തതിന് പിന്നാലെയാണ് ഇന്ത്യക്ക് അനുകൂലമായി അഞ്ച് റണ്‍സ് ലഭിച്ചത്. നേരത്തെ യു.എസ്.എക്ക് ഇതിന് വാണിങ്ങും ലഭിച്ചിരുന്നു.

ഈ അഞ്ച് റണ്‍സാണ് സൂര്യക്കും ദുബെക്കുമുണ്ടായിരുന്ന സമ്മര്‍ദം കുറച്ചത്.

സൂര്യകുമാര്‍ തന്റെ കരിയറിലെ വേഗം കുറഞ്ഞ അര്‍ധ സെഞ്ച്വറി കൂടി പൂര്‍ത്തിയാക്കിയ മത്സരമായിരുന്നു ഇത്. 49 പന്തിലാണ് താരം തന്റെ ടി-20 കരിയറിലെ 50ാം അര്‍ധ സെഞ്ച്വറി നേടിയത്. അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വേഗം കുറഞ്ഞ മൂന്നാമത് അര്‍ധ സെഞ്ച്വറി കൂടിയാണിത്.

ഒടുവില്‍ 19ാം ഓവറിലെ രണ്ടാം പന്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. സ്‌കൈ 49 പന്തില്‍ 50 റണ്‍സും ദുബെ 35 പന്തില്‍ 31 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എയില്‍ നിന്നും സൂപ്പര്‍ എട്ടിന് യോഗ്യത നേടുന്ന ആദ്യ ടീമാകാനും ഇന്ത്യക്കായി.

ജൂണ്‍ 15നാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. സെന്‍ട്രല്‍ ബ്രാവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയാണ് എതിരാളികള്‍.

Content Highlight: ICC T20 World Cup 2024: India defeated USA

We use cookies to give you the best possible experience. Learn more