തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളാണ് നേപ്പാള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യന്‍ ക്വാളിഫയേഴ്‌സില്‍ നിന്നുള്ള രണ്ട് ടീമുകളില്‍ ഒരാളായാണ് നേപ്പാള്‍ ക്രിക്കറ്റ് ടീം ലോകകപ്പിനായി അമേരിക്കയിലേക്ക് പറന്നത്. ഒമാനാണ് ക്വാളിഫയര്‍ കളിച്ചെത്തിയ രണ്ടാമത് ടീം.
സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡി-യിലാണ് നേപ്പാള്‍ ഇടം നേടിയത്. ഇക്കൂട്ടത്തില്‍ ഏറ്റവും കുറവ് ക്രിക്കറ്റ് എക്‌സ്പീരിയന്‍സുള്ളതും നേപ്പാളിന് തന്നെയാണ്.
എന്നാല്‍ നേപ്പാള്‍ എന്ന കൊച്ചുരാജ്യത്തില്‍ ക്രിക്കറ്റ് ഒരു മതമായി വളരുകയാണ്. അത്രത്തോളം ആരാധക പിന്തുണ നേപ്പാളിന് ലഭിക്കുന്നുണ്ട്. തങ്ങളുടെ ടീമിനെ ഇത്രത്തോളം ചങ്ക് പറിച്ച് സ്‌നേഹിക്കുന്ന ആരാധകര്‍ പല ഫുള്‍ മെമ്പര്‍ ടീമുകള്‍ക്കും സ്വപ്‌നം മാത്രമാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍ അനവധിയുണ്ടെങ്കിലും എടുത്ത് പറയാന്‍ ഒരു സ്‌റ്റേഡിയം പോലുമില്ലാതിരുന്നിട്ടും അവര്‍ കൂട്ടം കൂട്ടമായി നേപ്പാളിന്റെ കളി കാണാനെത്തുകയാണ്. ഗ്രൗണ്ടിന് സമീപത്തെ മരത്തിലും കെട്ടിടങ്ങളിലും കയറി നിന്ന് കളി കണ്ടുകൊണ്ടാണ് അവര്‍ തങ്ങളുടെ ഇഷ്ട ടീമിനുള്ള പിന്തുണയറിയിക്കുന്നത്.
ടി-20 ലോകകപ്പിലും സ്ഥിതി വ്യത്യസ്തമല്ല. നിരവധി ആരാധകരാണ് ലോകകപ്പ് വേദികളിലെത്തി നേപ്പാളിന്റെ മത്സരം കാണുന്നത്. നേരിട്ട് കളി കാണാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നേപ്പാളില്‍ അങ്ങിങ്ങായി നിരവധി ഫാന്‍സ് പാര്‍ക്കുകളും അവര്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ഒരു സ്റ്റേഡിയത്തിലെത്തുന്നതതിനേക്കാള്‍ ആരാധകര്‍ ഈ ഫാന്‍സ് പാര്‍ക്കുകളില്‍ എത്തുന്നുമുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ ശ്രീലങ്കക്കെതിരെ ഷെഡ്യൂള്‍ ചെയ്തിരുന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഒറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഏഷ്യന്‍ വന്‍കരയിലെ കരുത്തരുടെ മത്സരം കാണാനായും നിരവധി നേപ്പാള്‍ ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്.
നേപ്പാളിനായി ചങ്ക് പറിച്ചുനല്‍കാന്‍ തയ്യാറായ ആരാധകരുടെ ചിത്രങ്ങള്‍ ഐ.സി.സി തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇനിയിപ്പോള്‍ ഐ.സി.സി നേപ്പാളിന്റെ മത്സരം ചന്ദ്രനില്‍ ഷെഡ്യൂള്‍ ചെയ്താലും നേപ്പാള്‍ ആരാധകര്‍ അവിടെയെത്തുമെന്നുള്ള ബാനറും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.
നിലവില്‍ ഗ്രൂപ്പ് ഡി-യില്‍ നാലാം സ്ഥാനത്താണ് നേപ്പാള്‍. രണ്ട് മത്സരത്തില്‍ നിന്നും ഒരു പരാജയവും ഒരു സമനിലയുമായി ഒരു പോയിന്റാണ് നേപ്പാളിനുള്ളത്.
ജൂണ്‍ 15നാണ് നേപ്പാളിന്റെ അടുത്ത മത്സരം. അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതുള്ള സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
Content highlight: ICC T20 World Cup 2024: Fan support of Nepal