ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി തിലക് വര്‍മ. ഒറ്റയടിക്ക് 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കാണ് തിലക് വര്‍മ കുതിച്ചെത്തിയത്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.
കരിയര്‍ ബെസ്റ്റ് റേറ്റിങ്ങായ 806 റേറ്റിങ് പോയിന്റുമായാണ് തിലക് മൂന്നാം സ്ഥാനത്തേക്ക് പറന്നിറങ്ങിയത്. സൗത്ത് ആഫ്രിക്കക്കെതിരെ തുടര്‍ച്ചയായ മത്സരങ്ങളില്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ നേടിയ സെഞ്ച്വറികളാണ് റാങ്കിങ്ങില്‍ താരത്തിന് തുണയായത്.
നാലാം മത്സരത്തില്‍ തിലക് വര്‍മയ്‌ക്കൊപ്പം സൗത്ത് ആഫ്രിക്കയെ അടിച്ചൊതുക്കിയ സഞ്ജു സാംസണും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22ാം റാങ്കിലേക്കാണ് സഞ്ജു കുതിച്ചത്.
598 എന്ന മികച്ച റേറ്റിങ്ങാണ് താരത്തിനുള്ളത്. സഞ്ജുവിന്റെയും കരിയര്‍ ബെസ്റ്റ് റേറ്റിങ്ങാണിത്.
പരമ്പരയില്‍ തിലക് വര്‍മയെ പോലെ മികച്ച പ്രഹരശേഷിയില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയെങ്കിലും രണ്ട്, മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായത് കൂടുതല്‍ മെച്ചപ്പെട്ട റാങ്കും റേറ്റിങ്ങും ലഭിക്കുന്നതില്‍ നിന്നും സഞ്ജുവിനെ തടഞ്ഞു.
അതേസമയം, സൂര്യകുമാര്‍ യാദവിന് ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാം റാങ്കിലേക്കിറങ്ങേണ്ടി വന്നു.
സൂര്യകുമാറിന് പുറമെ യശസ്വി ജെയ്‌സ്വാളിനും ഋതുരാജ് ഗെയ്ക്വാദിനും ഓരോ സ്ഥാനം നഷ്ടമായി. യഥാക്രമം 8, 15 റാങ്കുകളിലാണ് ഇരുവരും ഇടം പിടിച്ചിരിക്കുന്നത്. ആദ്യ 25ല്‍ ഈ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഇടം നേടിയത്.
അതേസമയം, ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 855 റേറ്റിങ്ങുമായാണ് ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ഒന്നാമത് തുടരുന്നത്.