ലോകകപ്പിന് പിന്നാലെ ജഡേജയെക്കാള്‍ മികച്ച ഓള്‍ റൗണ്ടറായി വിരാട്!!! ഐ.സി.സി റാങ്കിങ്ങില്‍ ജഡ്ഡുവിനേക്കാള്‍ മേലെ
Sports News
ലോകകപ്പിന് പിന്നാലെ ജഡേജയെക്കാള്‍ മികച്ച ഓള്‍ റൗണ്ടറായി വിരാട്!!! ഐ.സി.സി റാങ്കിങ്ങില്‍ ജഡ്ഡുവിനേക്കാള്‍ മേലെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th July 2024, 7:50 am

കഴിഞ്ഞ ദിവസമാണ് ഐ.സി.സി ടി-20ഐ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ് പുറത്തുവിട്ടത്. ടി-20 ലോകകപ്പിന് ശേഷം വന്ന പുതിയ അപ്‌ഡേഷനില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഒന്നാമതെത്തിയത്.

രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പാണ്ഡ്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 222 എന്ന റേറ്റിങ്ങോടെയാണ് താരം ഒന്നാമതെത്തിയത്.

ശ്രീലങ്കന്‍ സൂപ്പര്‍ താരം വാനിന്ദു ഹസരങ്ക രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍ ഓരോ സ്ഥാനം വീതം മെച്ചപ്പെടുത്തി ഓസീസ് താരം മാര്‍കസ് സ്‌റ്റോയ്‌നിസ്, സിംബാബ്‌വേ താരം സിക്കന്ദര്‍ റാസ, മുന്‍ ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കിലേക്കുയര്‍ന്നു.

നാല് സ്ഥാനങ്ങള്‍ താഴേക്കിറങ്ങേണ്ടി വന്ന അഫ്ഗാന്‍ ഇതിഹാസ താരം മുഹമ്മദ് നബിക്ക് തിരിച്ചടിയേറ്റിരുന്നു.

പട്ടികയിലെ മറ്റൊരു രസകരമായ കാര്യമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ടി-20ഐ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയെക്കാള്‍ മുകളിലാണ് വിരാട് കോഹ്‌ലി സ്ഥാനം പിടിച്ചിരിക്കുന്നത് എന്നത് തന്നെയാണത്.

49റേറ്റിങ്ങുമായി വിരാട് കോഹ്‌ലി പട്ടികയില്‍ 79ാം സ്ഥാനത്താണ്. ആറ് സ്ഥാനങ്ങള്‍ മെച്ചെപ്പെടുത്തിയാണ് വിരാട് 79ലെത്തിയത്. അതേസമയം, ജഡേജയാകട്ടെ 86ാം റാങ്കിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.

ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും ഏകദിന റാങ്കിങ്ങില്‍ 11ാം സ്ഥാനത്തും തുടരുമ്പോഴാണ് ജഡേജ ടി-20ഐ റാങ്കിങ്ങില്‍ വിരാടിനും പിന്നില്‍ പോയിരിക്കുന്നത്.

(ഐ.സി.സി. ടി-20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

സൂപ്പര്‍ താരം അക്‌സര്‍ പട്ടേലാണ് പട്ടികയില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യ താരം. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12ാം സ്ഥാനത്താണ് നിലവില്‍ അക്‌സര്‍. 164 റേറ്റിങ് പോയിന്റുള്ള അക്‌സറിന്റെ കരിയറിലെ ഏറ്റവും മികച്ച ടി-20 റാങ്കിങ്ങാണ് ഇത്.

വാഷിങ്ടണ്‍ സുന്ദറും ശിവം ദുബെയുമാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍. വാഷിങ്ടണ്‍ രണ്ട് സ്ഥാനം നഷ്ടപ്പെടുത്തി 64ാം റാങ്കിലെത്തിയപ്പോള്‍ ദുബെ 75ാം റാങ്കിങ്ങില്‍ തുടരുകയാണ്.

അതേസമയം, ടി-20ഐ ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും റാങ്കിങ് നേരത്തെ പുറത്തുവന്നിരുന്നു. ബാറ്റിങ്ങില്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ സൂര്യകുമാര്‍ യാദവിനെ മറികടന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ബൗളിങ്ങില്‍ ആദില്‍ റഷീദ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. സൗത്ത് ആഫ്രിക്കന്‍ സ്പീഡ്സ്റ്റര്‍ ആന്‌റിക് നോര്‍ക്യയാണ് രണ്ടാമത്.

(ഐ.സി.സി. ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

(ഐ.സി.സി. ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

 

Content highlight: ICC T20 All Rounder Ranking: Virat Kohli finishes above Ravindra Jadeja