കഴിഞ്ഞ ദിവസം U19 ലോകകപ്പില്‍ ഇന്ത്യയുടെ മുഷീര്‍ ഖാന്‍ സെഞ്ച്വറി നേടിയിരുന്നു. അയര്‍ലന്‍ഡിനെതിരെ 106 പന്തില്‍ നിന്നും 118 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ കരുത്തില്‍ ഇന്ത്യ 301 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് വെറും നൂറ് റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ 201 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തതും മുഷീറിനെ തന്നെയായിരുന്നു.
ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ ഐ.സി.സി പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മുഷീര്‍ ഖാന്റെയും സഹോദരന്‍ സര്‍ഫറാസ് ഖാന്റെയും വീഡിയോ ആണ് ഐ.സി.സി തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്.
ഇരു താരങ്ങളുടെയും ബാറ്റിങ്ങിലെ ശൈലിയും ഷോട്ടുകളുമാണ് ഐ.സി.സി പങ്കുവെച്ചത്. തന്റെ ജ്യേഷ്ഠന്റെ ബാറ്റിങ് ശൈലി തന്നെയാണ് തനിക്കുള്ളതെന്ന് മുഷീര്‍ പറയുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ശേഷം ഇരുവരുടെയും ഓരോ ഷോട്ടുകളിലെയും സാമ്യത സൈഡ് ബൈ സൈഡായി വീഡിയോയില്‍ കാണിക്കുന്നുണ്ട്.
മുഷീര്‍ സെഞ്ച്വറി നേടിയ അതേ ദിവസം തന്നെ സര്‍ഫറാസ് ഖാനും സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ എ – ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തിലാണ് സര്‍ഫറാസിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നത്. സര്‍ഫറാസിന് പുറമെ ദേവ്ദത്ത് പടിക്കലും സെഞ്ച്വറി നേടിയിരുന്നു.
അതേസമയം, അയര്‍ലന്‍ഡിനെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കളിച്ച രണ്ട് മത്സരത്തിലും വിജയിച്ച് നാല് പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്.