2024 ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂണ്‍ 29ന് ബാര്‍ബഡോസില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ഇന്ത്യയെ നേരിടും.
ആദ്യ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. പ്രോട്ടിയാസ് പുരുഷ ടീമിന്റെ ചരിത്രത്തിലാദ്യമായാണ് ഇവര്‍ ഐ.സി.സി ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്.
രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഒരു പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ടി-20 ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്.
തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഫൈനല്‍ കളിക്കുന്ന സൗത്ത് ആഫ്രിക്ക ആദ്യ കിരീടവും ഇതോടൊപ്പം ലക്ഷ്യമിടുന്നുണ്ട്. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം ഒറ്റ ഐ.സി.സി കിരീടം പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത ഇന്ത്യക്ക് തങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള അവസരം കൂടിയാണ് പ്രോട്ടിയാസിനെതിരായ ഫൈനല്‍.
അതേസമയം, ഫൈനലിനുള്ള അമ്പയര്‍മാരെ ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആരാധകര്‍ പേടിച്ച പോലെ ഐ.സി.സി എലീറ്റ് പാനല്‍ അംഗമായ റിച്ചാര്‍ഡ് കെറ്റില്‍ബെറോയും മത്സരത്തിലെ അമ്പയര്‍മാരില്‍ ഒരാളാണ്.
മാച്ചിന്റെ മൂന്നാം അമ്പയറായ റിച്ചാര്‍ഡ് കെറ്റില്‍ബെറോയെ നിര്‍ഭാഗ്യമായാണ് ഇന്ത്യന്‍ ആരാധകര്‍ കണക്കാക്കുന്നത്. 2014ന് ശേഷം അദ്ദേഹം നിയന്ത്രിച്ച് ഒറ്റ നോക്ക് ഔട്ട് മത്സരത്തില്‍ പോലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിന് കാരണവും.
ഫോര്‍മാറ്റുകളുടെ വ്യത്യാസമില്ലാതെയായിരുന്നു ഈ പരാജയങ്ങളെല്ലാം. ടി-20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും അമ്പയര്‍ പാനലില്‍ കെറ്റില്‍ബെറോയുടെ സാന്നിധ്യമുണ്ടായപ്പോഴെല്ലാം ഇന്ത്യ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചിരുന്നു.
2014 ടി-20 ലോകകപ്പ് ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കയോട് തോറ്റ് കപ്പിനും ചുണ്ടിനും ഇടയില്‍ ഇന്ത്യക്ക് കിരീടം നഷ്ടമാകുമ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ വിക്കറ്റിന് പിന്നില്‍ നിന്നിരുന്നത് കെറ്റില്‍ബെറോ ആയിരുന്നു.
2011ല്‍ നേടിയ ലോക കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ 2015 ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിലും സ്വന്തം മണ്ണില്‍ വെച്ച് നടന്ന 2016ലെ ടി-20 ലോകകപ്പിന്റെ സെമിയിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കെറ്റില്‍ബെറോ ആയിരുന്നു കളി നിയന്ത്രിച്ചിരുന്നത്.
പാകിസ്ഥാനോട് പടുകൂറ്റന്‍ പരാജയം നേരിട്ട് 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി അടിയറവ് വെച്ചപ്പോഴും കെറ്റില്‍ബെറോ തന്നെയായിരുന്നു ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാള്‍.
2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങുമ്പോള്‍ മൂകസാക്ഷിയായി കെറ്റില്‍ബെറോ അമ്പയറുടെ റോളില്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. അന്ന് ധോണി റണ്‍ ഔട്ടാകുമ്പോഴുള്ള കെറ്റില്‍ബെറോയുടെ മുഖഭാവം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല.
ലോകകപ്പില്‍ മാത്രമല്ല ന്യൂസിലാന്‍ഡിനെതിരെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷനില്‍ പരാജയപ്പെടുമ്പോഴും കെറ്റില്‍ബെറോ കളി നിയന്ത്രിച്ചിരുന്നു. ഇത്തവണ ഗ്രൗണ്ടില്‍ ഇറങ്ങിയല്ല, പകരം തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു അദ്ദേഹമെത്തിയത്. ആരാധകര്‍ പ്രതീക്ഷിച്ചതുതന്നെ അന്നും സംഭവിച്ചു. ഇന്ത്യ വീണ്ടും കരഞ്ഞു.
ശേഷം 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പേടിച്ചതുപോലെ ആ മത്സരത്തിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ഇതിന് പുറമെ 2023 ഏകദിന ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്തിനൊപ്പം കളി നിയന്ത്രിച്ച മറ്റൊരു ഓണ്‍ ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ആയിരുന്നു.
എന്നാല്‍ ഈ ലോകകപ്പ് ഇന്ത്യ തന്നെ നേടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. അപരാജിതരായി സെമിയിലെത്തിയ ഇന്ത്യ ഫൈനലിന് ശേഷവും അപരാജിതരായി തന്നെ കിരീടമണിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.