ബി.സി.സി.ഐയ്ക്ക് ആശ്വാസം; 500 കോടി ആവശ്യപ്പെട്ടുള്ള പി.സി.ബിയുടെ ഹരജി ഐ.സി.സി തള്ളി
Cricket
ബി.സി.സി.ഐയ്ക്ക് ആശ്വാസം; 500 കോടി ആവശ്യപ്പെട്ടുള്ള പി.സി.ബിയുടെ ഹരജി ഐ.സി.സി തള്ളി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th November 2018, 7:58 pm

മുംബൈ: പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത് വലിയ സാമ്പത്തിക ബാധ്യത വരുത്തിയെന്നാരോപിച്ച് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഐ.സി.സിയില്‍ സമര്‍പ്പിച്ച പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹരജി തര്‍ക്കപരിഹാരസമിതി തള്ളി. ബി.സി.സി.ഐയ്‌ക്കെതിരെയാണ് പി.സി.ബി ഐ.സി.സിയില്‍ ഹരജി നല്‍കിയത്.

പാകിസ്താന്റെ ക്രിക്കറ്റ് ടീമുമായി ആറ് പരമ്പര കളിക്കാന്‍ 2014ല്‍ ബി.സി.സി.ഐ കരാറൊപ്പിട്ടെന്നാണ് പി.സി.ബിയുടെ വാദം. ഇതുവരെ കരാര്‍ നടപ്പായില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2008 മുതല്‍ ഇന്ത്യ തങ്ങളുമൊത്തുള്ള പരമ്പരകള്‍ ഒഴിവാക്കുകയാണെന്നും പി.സി.ബി പറഞ്ഞു.

ALSO READ: ഞാന്‍ വിരമിക്കാന്‍ കാരണം ധോണിയാണെന്ന് ഇനിയെങ്കിലും പറയരുത്; ക്യാപ്റ്റന്‍ കൂളിനെക്കുറിച്ച് ലക്ഷ്മണ്‍

“കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയില്‍ ആറ് പരമ്പരകള്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. തുടക്കത്തില്‍ പാകിസ്താനിലായിരിക്കും മത്സരങ്ങള്‍. എന്നാല്‍ കളിക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്നാണു ബി.സി.സി.ഐ പറയുന്നത്.”

പാകിസ്താനില്‍ നടത്തേണ്ട ആദ്യ പരമ്പര ഇരുകൂട്ടര്‍ക്കും സൗകര്യമുള്ള മറ്റൊരു വേദിയില്‍ നടത്താമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിട്ടും സ്വീകരിച്ചില്ലെന്നും പി.സി.ബി ചെയര്‍മാന്‍ നജം സേത്തി ചൂണ്ടിക്കാട്ടുന്നു.

ഭീകരര്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കാതെ കളിക്കാനില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ പാകിസ്താനെതിരായ പരമ്പരകളില്‍നിന്ന് പിന്‍മാറിയത്. ഐ.സി.സി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാറുള്ളത്.

ALSO READ: ഹര്‍മന്‍പ്രീതിന്റെ റെക്കോര്‍ഡ് തിരുത്തി സ്മൃതി മന്ദാന

പാകിസ്ഥാന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ വാദം ഇംഗ്ലിഷുകാരനായ മൈക്കല്‍ ബിലോഫ് നേതൃത്വം നല്‍കുന്ന ഐ.സി.സി തര്‍ക്കപരിഹാര സമിതി കേട്ടിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നു മുതല്‍ മൂന്നു വരെ സമ്മേളിച്ച് അന്തിമവാദം കേട്ടാണ് പാകിസ്താന്റെ ഹര്‍ജി തള്ളാന്‍ തീരുമാനിച്ചത്.

വിധിക്കെതിരെ അപ്പീല്‍ നല്‍കാനും അനുവാദമുണ്ടായിരിക്കുന്നതല്ലെന്ന് തര്‍ക്കപരിഹാര സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.

WATCH THIS VIDEO: