ന്യൂദല്‍ഹി: ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോനിയെ കരസേനയുടെ ‘ബലിദാന്‍’ ചിഹ്നമുള്ള ഗ്ലൗസ് ധരിക്കുന്നതിനു വിലക്കിയതിനു തൊട്ടുപിറകെ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനും വിലക്കേര്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). ഗെയ്ല്‍ വസ്ത്രത്തിലും ബാറ്റിലും മറ്റും ഉപയോഗിക്കുന്ന ‘യൂണിവേഴ്‌സ് ബോസ്’ എന്ന ലോഗോയ്ക്കാണു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ധോനിയുടെ ആവശ്യം നിരാകരിച്ച കാരണം കൊണ്ടുതന്നെയാണ് ഗെയ്‌ലിന്റെ ലോഗോയ്ക്കും വിലക്കേര്‍പ്പെടുത്തിയതെന്ന് ഐ.സി.സി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.
ഐ.പി.എല്ലിനു ശേഷം ഗെയ്ല്‍ ഈ ലോഗോ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ഇപ്പോള്‍ ഏകദേശം ഒന്നേകാല്‍ മാസത്തോളമായി. എന്നാല്‍ മുന്‍പുതന്നെ ഗെയ്ല്‍ സ്വയം വിശേഷിപ്പിക്കുന്നത് യൂണിവേഴ്‌സ് ബോസ് എന്നാണ്.
ധോനിയെ ബലിദാന്‍ ചിഹ്നമുള്ള വിക്കറ്റ് കീപ്പിങ് ഗ്ലൗസ് ധരിക്കാന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐ ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഈയാവശ്യം ഐ.സി.സി തള്ളി.
വ്യക്തിപരമായ സന്ദേശങ്ങളോ ലോഗോയോ കളിക്കളത്തിലുള്ള ഒരു വസ്തുക്കളിലും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഐ.സി.സി അനുശാസിക്കുന്ന നിയമം.
ഈ ഗ്ലൗസുമായി കളിക്കുന്നതിനെ എതിര്‍ക്കരുതെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ‘മതപരമായോ വാണിജ്യപരമായോ ഒന്നും അതിലില്ല. രാജ്യത്തിന്റെ അഭിമാനം സംബന്ധിച്ച കാര്യമാണത്.’- ശുക്ല പറഞ്ഞു.
ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന മത്സരത്തിലായിരുന്നു ധോനി ഈ ഗ്ലാസുമായി കളിക്കാനിറങ്ങിയത്. മത്സരത്തിനുശേഷമാണ് ഐ.സി.സി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലാരീ ഫര്‍ലോങ് ഈ ചിഹ്നം മാറ്റണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ഐ.സി.സിയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഇന്ത്യന്‍ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായത്. #DhoniKeepTheGlove എന്ന ഹാഷ് ടാഗാണ് ധോനിക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ധോനിക്കു പിന്തുണയുമായി ധനമന്ത്രി നിര്‍മലാ സീതാരാമനും ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയയും രംഗത്തെത്തിയിരുന്നു.