വിജയത്തിലും ഇന്ത്യയ്ക്ക് തിരിച്ചടി; സ്റ്റാര്‍ പേസറെ ശിക്ഷിച്ച് ഐ.സി.സി
DSport
വിജയത്തിലും ഇന്ത്യയ്ക്ക് തിരിച്ചടി; സ്റ്റാര്‍ പേസറെ ശിക്ഷിച്ച് ഐ.സി.സി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th October 2024, 10:17 pm

ഐ.സി.സി വനിതാ ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം (ഞായര്‍) ഇന്ത്യ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനാണ് ടീമിന് സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടി മത്സരം വിജയിക്കുകയായിരുന്നു. ഈ വിജയത്തിലും ഒരു തിരിച്ചടിയാണ് ഇന്ത്യയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ പേസ് സ്റ്റാര്‍ അരുന്ധതി റെഡ്ഡിക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ്.

പാകിസ്ഥാന്‍ ഇന്നിങ്സിന്റെ അവസാന ഓവറില്‍ റെഡ്ഡി നിദാ ദാറിന്റെ വിക്കറ്റ് വീഴ്ത്തി ആക്രമണോത്സുകമായ ഒരു യാത്രയയപ്പ് നല്‍കിയിരുന്നു. അവര്‍ ഐ.സി.സി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.സി.സിയുടെ നടപടി. ഇതോടെ റെഡ്ഡിക്ക് ഒരു ഡിമെറിറ്റ് പോയിന്റും ഐ.സി.സി നല്‍കി.

24 മാസത്തിനിടെ പേസര്‍ക്ക് ലഭിക്കുന്ന ആദ്യത്തെ കുറ്റമാണിത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ എലോയിസ് ഷെറിഡന്‍, ലോറന്‍ ഏജന്‍ബാഗ്, തേര്‍ഡ് അമ്പയര്‍ ജാക്വലിന്‍ വില്യംസ്, ഫോര്‍ത്ത് അമ്പയര്‍ ക്ലെയര്‍ പോളോസാക്ക് എന്നിവര്‍ ചേര്‍ന്നാണ് നിയമ ലംഘനം കണ്ടെത്തിയത്.

മത്സരത്തില്‍ ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയിരുന്നു. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്. അരുന്ധതിയുടെ അന്താരാഷ്ട്ര ടി-20 കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

 

Content Highlight: ICC Punished Arundhati Reddy For Breaching The ICC Code of Conduct