ബീജിങ്ങ്: ഷിന്‍ജാങ് പ്രവിശ്യയിലെ ഉയിഗര്‍ മുസ്‌ലിങ്ങളെ ചൈന വംശഹത്യചെയ്യുന്നുവെന്ന കേസ് തള്ളി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി). ഷിന്‍ജാങ് പ്രവിശ്യയിലെ ഉയിഗര്‍ മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത ചൈനയെ വലിയ പ്രതിരോധത്തില്‍ ആക്കുന്നതിനിടയിലാണ് ഐ.സി.സി കേസ് തള്ളിയത്.
വലിയ തിരിച്ചടിയായാണ് ഉയിഗര്‍ മുസ്‌ലിങ്ങളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ വിധിയെ കാണുന്നത്. ഇപ്പോള്‍ ഉയിഗര്‍ മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം നടക്കുന്ന പ്രവിശ്യയില്‍ ഇടപെടാനുള്ള അധികാരം ഐ.സി.സിക്ക് ഇല്ലെന്നാണ് കോടതി നല്‍കിയ വിശദീകരണം.
ജൂലായില്‍ തങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉയിഗര്‍ മുസ്‌ലിം വിഭാഗത്തിലുള്ളവര്‍ നിരവധി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്ത്രീകളെ നിര്‍ബന്ധിതമായി വന്ധ്യംകരണം ചെയ്യുന്നുവെന്നും കൊലപ്പെടുത്തുന്നുവെന്നും അതിക്രമങ്ങള്‍ നടത്തുന്നുവെന്നുമാണ് ഉയിഗര്‍ മുസ്‌ലിങ്ങള്‍ കോടതിയില്‍ പ്രധാനമായി ഉന്നയിച്ചത്.
ചൈനയുടെ അധികാര പരിധിയില്‍ വരുന്ന വിഷയമായതുകൊണ്ട് ഇടപെടാന്‍ കഴിയില്ലെന്നാണ് ഓഫീസ് പ്രോസിക്യൂട്ടര്‍ ഫാത്തൗ ബെന്‍സൗഡ പറഞ്ഞത്. അതേസമയം നിര്‍ബന്ധിത നാടുകടത്തല്‍ ചൈനയുടെ ഭൂപ്രദേശത്തു നിന്നുമല്ല നടന്നത് മറിച്ച് താജികിസ്ഥാന്‍, കമ്പോടിയ അതിര്‍ത്തിയില്‍ വെച്ചാണ്. ഈ രണ്ടു രാജ്യങ്ങളും ഐ.സി.സി അംഗമാണെന്നിരിക്കെ കോടതിക്ക് വിഷയത്തില്‍ ഇടപെടാമെന്നാണ് ഉയിഗര്‍ മുസ്‌ലിങ്ങള്‍ പറയുന്നത്.
ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന വംശഹത്യയ്ക്കും മനുഷ്യരാശിക്കെതിരായി നടക്കുന്ന കുറ്റകൃത്യത്തിനും ചൈനക്കെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു ഉയിഗര്‍ മുസ്‌ലിങ്ങളുടെ ആവശ്യം.
പത്ത് ലക്ഷത്തിലേറെ ഉയിഗര്‍ മുസ്‌ലിങ്ങളെ ചൈനയില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഉയിഗര്‍ മുസ്‌ലിങ്ങളെ പുതിയ കഴിവുകളും തൊഴിലും പഠിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ് ഈ ക്യാംപുകളെന്നാണ് ചൈനയുടെ അവകാശവാദം.
എന്നാല്‍ ഈ കേന്ദ്രങ്ങളില്‍ ഉയിഗര്‍ മുസ്‌ലിങ്ങളെ അതിക്രൂരമായ പീഡനത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനും വിധേയമാക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്യാംപുകളില്‍ നിന്നും പുറത്തെത്തിയ പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരുന്നു.
‘ക്യാംപുകളില്‍ പലപ്പോഴും പന്നിമാംസം മാത്രം നല്‍കിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനാവില്ല. ജീവിച്ചിരിക്കണമെങ്കില്‍ മുന്നില്‍ വരുന്ന ഏത് ഭക്ഷണവും ഏത് മാംസവും കഴിച്ചേ മതിയാകൂ.’ 2018ല്‍ അറസ്റ്റിലായി പിന്നീട് ക്യാംപില്‍ നിന്നും രക്ഷപ്പെട്ട ഉംറുകി എന്ന യുവതി പറയുന്നു.
ക്യാംപില്‍ നിന്നും രക്ഷപ്പെട്ട ഡോക്ടറും വിദ്യാഭ്യാസ വിദഗ്ധയുമായ സൈറാഗുല്‍ സൗദ്ബെയും ക്യാംപുകളിലെ പന്നിയിറച്ചി കഴിപ്പിക്കലിനെ കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു.എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങളെ നിര്‍ബന്ധിച്ച് പന്നിയിറച്ചി കഴിപ്പിച്ചിരുന്നു. മുസ്ലിങ്ങള്‍ പരിപാവനമായി കരുതുന്ന വെള്ളിയാഴ്ച തന്നെ അവര്‍ ബോധപൂര്‍വം ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ക്രൂരമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമായിരുന്നെന്ന് സൈറാഗുല്‍ വെളിപ്പെടുത്തിയിരുന്നു.