| Sunday, 10th July 2022, 2:20 pm

ചെക്കന്‍ ചില്ലറക്കാരനല്ല; ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുമ്പ് തന്നെ പന്തിനെ സ്വാഗതം ചെയ്ത് ഐ.സി.സി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഏറ്റവും പ്രോമിസിങ്ങായ യുവതാരമണ് റിഷബ് പന്ത്. ഗാബ കീഴടക്കാന്‍ ഇന്ത്യയെ സഹായിച്ചത് മുതല്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നടന്ന ടി-20 മത്സരത്തിലും പന്ത് നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിലും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും പന്തിന്റെ കളിയഴക് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു.

ഐ.പി.എല്ലിന് പിന്നാലെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് പന്തായിരുന്നു. പര്യടനത്തിനെത്തിയ പ്രോട്ടീസിനെ തോല്‍പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ക്ക് മുന്നില്‍ തോല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ പന്തിനും ഇന്ത്യയ്ക്കുമായി.

ടി-20 ലോകകപ്പ് അടുത്തുവരവെ ഐ.സി.സിയുടെ ഒഫീഷ്യല്‍ പ്രൊമോ വീഡിയോയിലേയും താരം റിഷബ് പന്ത് തന്നെയാണ്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ വീഡിയോയിലാണ് പന്ത് താരമായിരിക്കുന്നത്.

സിഡ്‌നി ഓപ്പറ ഹൗസിന് മുമ്പിലെ തടാകത്തില്‍ നിന്നും നരസിംഹത്തിലെ മോഹന്‍ലാല്‍ സ്‌റ്റൈലില്‍ മാസ് എന്‍ട്രി നടത്തുന്നതായിട്ടാണ് ഐ.സി.സി താരത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേതുമായ മത്സരം ഞായറാഴ്ച ട്രെന്റ് ബ്രിഡ്ജില്‍ നടക്കും.

ഇതിനോടകം തന്നെ പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യാനും അതേ ആവേശത്തില്‍ ഏകദിന പരമ്പരയ്ക്ക് സജ്ജമാവാനുമാണ് ഒരുങ്ങുന്നത്.

Content Highlight: ICC posts promo video of T20 World Cup featuring Rishabh Pant

We use cookies to give you the best possible experience. Learn more